ADVERTISEMENT

തലയോലപ്പറമ്പ് ∙ വെള്ളംകയറിയ മത്സ്യഫാമിലെ കരിമീനുകൾ കൂട്ടത്തോടെ ചത്തു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും 40 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും ഉടമ പറഞ്ഞു. മറവൻതുരുത്ത് വാളോർമംഗലത്ത് രണ്ടേമുക്കാൽ ഏക്കർ സ്ഥലം പാട്ടത്തിനെടുത്തു പിറവം മാമലശേരിൽ സി.ബി.രഘുവാണു കൃഷി നടത്തിയിരുന്നത്. ഏകദേശം 400 ഗ്രാം തൂക്കം വരുന്ന ഒരു ലക്ഷത്തിലധികം കരിമീനും 3 ലക്ഷത്തോളം കരിമീൻ കുഞ്ഞുങ്ങളും ചത്തതായി രഘു പറഞ്ഞു. തൊഴിലാളികളായ കരിയിൽ തങ്കപ്പൻ, ചെട്ടിക്കാടൻ തറയിൽ ശശി എന്നിവർ ഫാമിൽ എത്തിയപ്പോഴാണ് മീനുകൾ ചത്തുപൊങ്ങിയതു കാണുന്നത്. ഇവയെ പിന്നീടു കുഴിച്ചുമൂടി.

12 ലക്ഷം ബാങ്ക് വായ്പയും 5 ലക്ഷം സുഹൃത്തുക്കളോടു വായ്പ വാങ്ങിയും തന്റെ സമ്പാദ്യവും ഉൾപ്പെടെ മുടക്കിയാണ് കൃഷി ആരംഭിച്ചത്. കഴിഞ്ഞ സീസണിൽ മതിയായ വളർച്ച എത്താതിരുന്നതിനെത്തുടർന്നു വിളവെടുപ്പ് നടത്തിയില്ല. ഒരു മാസം 24,000 രൂപയുടെ തീറ്റ മാത്രം വേണം. കൂടാതെ 2 ജീവനക്കാരുടെ ശമ്പളം, കറന്റ് ചാർജ് ഉൾപ്പെടെ വേറെയും ചെലവായി. പലപ്പോഴായി ഏകദേശം 25,000 രൂപയുടെ മീൻ വിൽക്കാൻ സാധിച്ചതായും രഘു പറഞ്ഞു. 3 വർഷമായി കരിമീൻ കൃഷി ആരംഭിച്ചിട്ട്. ഇതിനു മുൻപും വെള്ളപ്പൊക്ക സമയത്തു കിഴക്കൻ വെള്ളം കയറിയിട്ടുണ്ട്. അന്നൊന്നും ഒരു മീനും ചത്തതായി കണ്ടില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

പിഎച്ച് കുറഞ്ഞത് വിനയായി

വെള്ളപ്പൊക്കത്തെത്തുടർന്ന് ഒഴുകിയെത്തിയ കിഴക്കൻ വെള്ളം ഫാമിൽ കയറിയതോടെ ഫാമിലെ വെള്ളത്തിന്റെ പിഎച്ച് മൂല്യം കുറഞ്ഞു. സാധാരണ 7 മുതൽ 8 വരെ പിഎച്ച് വേണം. എന്നാൽ ഫാമിലെ വെള്ളം പരിശോധിച്ചതിൽ 6ൽ താഴെ മാത്രമായിരുന്നു പിഎച്ച്. ഇതാണു മീൻ ചത്തു പൊങ്ങാൻ കാരണമെന്നു ഫിഷറീസ് ഓഫിസർ കെ.ജെ.പൊന്നമ്മ പറഞ്ഞു. താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലായി ഒട്ടേറെ കരിമീൻ ഇത്തരത്തിൽ ചത്തിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com