ADVERTISEMENT

പൊൻകുന്നം∙ പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്കു വിളമ്പാനുള്ള ചേനപ്പാടി കരക്കാരുടെ പാളത്തൈര് 17ന് ആറന്മുള പാർഥസാരഥി ക്ഷേത്രനടയിൽ സമർപ്പിക്കും. അഷ്ടമിരോഹിണി വള്ളസദ്യയ്ക്കു വിളമ്പുന്നതിനുള്ള 1300 ലീറ്റർ തൈരാണ് ചേനപ്പാടിയിൽ നിന്നു നാമസങ്കീർത്തന ഘോഷയാത്രയായി ആറന്മുളയിൽ എത്തിക്കുന്നത്. 16ന് 3 മുതൽ വാഴൂർ തീർഥപാദാശ്രമത്തിൽ ഭക്തരുടെ സാന്നിധ്യത്തിൽ പാൽ ഉറയൊഴിക്കും. സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദ, സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദ എന്നിവർ നേതൃത്വം നൽകും.

17നു രാവിലെ ഇളങ്കാവ് ഭഗവതി ക്ഷേത്രം, ശ്രീധർമ ശാസ്താക്ഷേത്രം, ഇടയാറ്റുകാവ് ദേവീ ക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കണ്ണമ്പള്ളിൽ ഭഗവതി ക്ഷേത്രം, കുറ്റിക്കാട്ടുകാവ് ദേവീ ക്ഷേത്രം, കിഴക്കേക്കര ഭഗവതി ക്ഷേത്രം, അഞ്ചുകുഴി പഞ്ചതീർഥ പരാശക്തി ദേവസ്ഥാനം, മഹാലക്ഷ്മി കാണിക്കമണ്ഡപം എന്നിവിടങ്ങളിൽ വഴിപാടുകൾ നടത്തും. ചേനപ്പാടി എസ്എൻഡിപി ശാഖ, പരുന്തൻമല ശ്രീദേവി വിലാസം ഭജനസമിതി, വിഴിക്കിത്തോട് ഭജനസമിതി എന്നിവയുടെ സഹകരണത്തോടെ തീർഥപാദാശ്രമത്തിൽ നിന്നു തൈര് ചേനപ്പാടി കിഴക്കേക്കര ദേവീ ക്ഷേത്രത്തിൽ എത്തിക്കും. തുടർന്നു രാവിലെ 8ന് നാമസങ്കീർത്തന ഘോഷയാത്രയായി ആറന്മുളയിലേക്കു പുറപ്പെടും. 11ന് ആറന്മുള പാർഥസാരഥി ക്ഷേത്രനടയിൽ തൈര് സമർപ്പിക്കും.

നൂറ്റാണ്ടുകൾക്കു മുൻപ് ചേനപ്പാടി ചെറിയമഠത്തിൽ കേളുച്ചാർ രാമച്ചാർ തുടങ്ങി വച്ച ആചാരമാണ് ഗ്രാമവാസികൾ പിന്തുടരുന്നത്. ഇദ്ദേഹം പശുവിൻപാൽ കമുകിൻപാള കൊണ്ടുള്ള പാത്രങ്ങളിൽ ഉറയൊഴിച്ച് തൈര് തയാറാക്കി ചേനപ്പാടിയിൽ നിന്ന് ആറന്മുള ക്ഷേത്രത്തിൽ എത്തിച്ചിരുന്നു. പിന്നീടു കാലാന്തരത്തിൽ ഇതു നിലച്ചു. വള്ളപ്പാട്ടിൽ ഇടം നേടിയ പാളത്തൈരിന്റെ ചരിത്ര വേരുകൾ തേടിയെത്തിയ ആറന്മുള കരക്കാരും ചേനപ്പാടി കരക്കാരും ചേർന്നു 12 വർഷം മുൻപാണ് തൈര് സമർപ്പണം പുനരാരംഭിച്ചതെന്നു പാർഥസാരഥി ഭക്തജനസമിതി ഭാരവാഹികളായി കെ.എസ്.ജയകൃഷ്ണൻ, രാജപ്പൻ നായർ കോയിക്കൽ, സുരേഷ് നാഗമറ്റത്തിൽ, പി.പി.വിജയകുമാർ, ടി.ജി.അഭിലാഷ് എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com