കുഞ്ഞു കലാകാരന്മാർക്ക് വീടിന് സ്ഥലം നൽകി വലിയ മനസ്സുള്ള ഓട്ടോ ഡ്രൈവർ

Mail This Article
കടുത്തുരുത്തി ∙ നിർധന കുടുംബത്തിലെ കുഞ്ഞു കലാകാരന്മാർക്കു വീട് നിർമിക്കാൻ സ്ഥലം നൽകി ഓട്ടോ ഡ്രൈവർ. മിഥുൻ, വിസാദ്, മവീജിക എന്നീ കുട്ടികൾ പതിമൂന്ന് സിനിമകളിലും ഏഴു പരസ്യ ചിത്രങ്ങളിലും, അഞ്ച് സീരിയലുകളിലും അഭിനയിച്ചതാണ്. വീടില്ല. പൊളിഞ്ഞു വീഴാറായ വാടകവീട്ടിലാണ് താമസം. കടുത്തുരുത്തി കാപ്പുന്തല സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളിയായ ജയൻ പുഞ്ചമുള്ളിൽ ആണ് ഇവർക്ക് അഞ്ചു സെന്റ് സ്ഥലം വീടിനായി നൽകുന്നത്. ഞീഴൂർ നിത്യസഹായകൻ ട്രസ്റ്റാണ് വീടു നിർമിക്കുന്നത്.
അടുത്ത വർഷം വീട് പണി പൂർത്തിയാക്കി കുട്ടികൾക്ക് കൈമാറും എന്നു ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫും സെക്രട്ടറി സെക്രട്ടറി വി.കെ. സിന്ധുവും അറിയിച്ചു. കുട്ടികളുടെ അമ്മ വിശാലം ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങി. മിഖായേൽ, മധുര രാജ, മാർക്കോണി മത്തായി, ദ് പ്രീസ്റ്റ് തുടങ്ങി 13 സിനിമകളിലും എന്റെ മാതാവ്, സൂപ്പ് എന്നീ ടി.വി. സീരിയലുകളിലും നിരവധി പരസ്യ ചിത്രങ്ങളിലും വേഷമിട്ട മിഥുൻ ഒൻപതാം ക്ലാസിലും മിഥുൻ ആറാം ക്ലാസിലും മവീജിക ഒന്നാം ക്ലാസിലുമാണ് പഠനം നടത്തുന്നത്. കൂലിപ്പണിക്കാരനായ കീഴൂർ തണങ്ങാട്ടു ചിറ വീട്ടിൽ മണിക്കുട്ടന്റെയും വിശാലത്തിന്റെയും മക്കളാണ് ഈ കൊച്ചു കലാകാരന്മാർ.