ADVERTISEMENT

കടുത്തുരുത്തി ∙ ആഡംബര കാറിൽ, പ്ലാസ്റ്റിക് കൂടുകളിൽ മാലിന്യം നിറച്ചു കൊണ്ടുവന്ന് റോഡിൽ തള്ളിയവരെ നാട്ടുകാർ തടഞ്ഞു. മാലിന്യം തിരികെ എടുപ്പിച്ചു . കോട്ടയം– എറണാകുളം റോഡിൽ മുട്ടുചിറ ആറാം മൈലിനു സമീപം ഇന്നലെ രാവിലെയാണ് സംഭവം. മാസങ്ങളായി ഈ ഭാഗത്ത് റോഡരികിൽ വാഹനത്തിൽ മാലിന്യം എത്തിച്ച് തള്ളുന്നുണ്ട്. ഇന്നലെ കാറിൽ കൂടുകളിലാക്കിയ മാലിന്യവുമായി സ്ത്രീ അടക്കം മൂന്നു പേരാണ് എത്തിയത്.

കോട്ടയം– എറണാകുളം റോഡിൽ മുട്ടുചിറ ആറാം മൈലിൽ റോഡരികിൽ കുന്നു കൂടിയിരിക്കുന്ന മാലിന്യങ്ങൾ.

ഇവർ കാർ നിർത്തി മാലിന്യം റോഡിലേക്ക് ഇടുന്നതിനിടെ ഇതു വഴിയെത്തിയ യൂത്ത് കോൺഗ്രസ് കടുത്തുരുത്തി മണ്ഡലം വൈസ് പ്രസിഡന്റ് എബിൻ വടക്കൻ ഇവരെ തടഞ്ഞു. ഇതോടെ സമീപത്തുള്ള വനിതകൾ അടക്കമുള്ളവർ കാർ യാത്രക്കാർക്കെതിരെ പ്രതിഷേധവുമായി എത്തി. മാലിന്യം തിരികെ എടുക്കാൻ ആവശ്യപ്പെട്ടതോടെ കാറിലുണ്ടായിരുന്നവർ നാട്ടുകാർക്ക് നേരെ തിരിഞ്ഞു. 

നാട്ടുകാർ കൂടിയതോടെ  കാറിലുണ്ടായിരുന്നവർ റോഡരികിൽ തള്ളിയ മാലിന്യം തിരികെ എടുത്ത്  പോയി. കാറിന്റെ പിൻ ഭാഗത്ത് നിറയെ പ്ലാസ്റ്റിക് കൂടുകളിൽ മാലിന്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. കാറിന്റെ നമ്പർ പരിശോധിച്ചതിൽ കോട്ടയം മുട്ടമ്പലം സ്വദേശിയുടേതാണ്  കാർ എന്ന് വ്യക്തമായിട്ടുണ്ട്. നാപ്‌പിന്നുകളും മത്സ്യ–മാംസ മാലിന്യങ്ങളും അടക്കമുള്ള മാലിന്യങ്ങളാണ് ആറാം മൈലിൽ വാഹനങ്ങളിൽ എത്തിച്ചു തള്ളുന്നത്.

മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് രൂക്ഷമായ ദുർഗന്ധമാണ് ഈ ഭാഗത്തുള്ളത്. കൂടാതെ തെരുവു നായ്ക്കളും പക്ഷികളും മാലിന്യങ്ങൾ വലിച്ചിഴച്ച് റോഡുകളിലും സമീപ വീടുകളുടെ പരിസരങ്ങളിലും കൊണ്ടുവന്നിടുന്നത് പതിവാണ്. ഇവിടെ തെരുവു നായ്ക്കൾ തമ്പടിച്ച് യാത്രക്കാർക്ക് ഉപദ്രവമായി മാന്നു. മഴയിൽ ചീഞ്ഞളിഞ്ഞ മാലിന്യങ്ങൾ റോഡിലാകെ ഒഴുകി പരക്കുകയാണ്. മാലിന്യം നീക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കുറുപ്പന്തറ മുതൽ കടുത്തുരുത്തി  ഐടിസി ഭാഗം വരെ തള്ളൽ

കോട്ടയം– എറണാകുളം റോഡിൽ കുറുപ്പന്തറ മുതൽ കടുത്തുരുത്തി ഐടിസി ഭാഗം വരെ മാലിന്യങ്ങൾ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലുമാക്കി വാഹനങ്ങളിൽ എത്തിച്ച് റോഡരികിൽ തള്ളുന്നത് പതിവായിരിക്കുകയാണ്. റോഡിന് ഇരുവശത്തുമായി ചാക്കു കെട്ടുകളിലും പ്ലാസ്റ്റിക് കവറുകളിലും മാലിന്യം ചീഞ്ഞഴുകുകയാണ്. രാത്രി കാലങ്ങളിലാണ് തള്ളൽ.

റോഡുകളിൽ വഴി വിളക്കുകൾ തെളിയാത്തതും സിസി ടിവി ക്യാമറകൾ പ്രവർത്തിക്കാത്തതും ഇത്തരക്കാർക്ക് സഹായമാണ്. പഞ്ചായത്തുകൾ മാലിന്യം നീക്കാനും  റോഡ് വൃത്തിയാക്കാനും ലക്ഷങ്ങൾ ചെലവഴിക്കുന്നുണ്ടെങ്കിലും റോഡരികിൽ കുന്നു കൂടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു. മാഞ്ഞൂർ, കടുത്തുരുത്തി പഞ്ചായത്തുകളുടെ പരിധിയിലുള്ള റോഡരികുകളിലാണ് മാലിന്യം തള്ളൽ വ്യാപകം .

പഞ്ചായത്തിൽ പരാതി നൽകി

റോഡരികിൽ കുന്നു കൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാനും മാലിന്യം തള്ളിയവരെ കണ്ടെത്താനും പഞ്ചായത്തിൽ പരാതി നൽകി. റോഡരികിൽ മാലിന്യം തള്ളൽ വ്യാപകമാണ്. യാത്രക്കാർക്ക് മൂക്കു പൊത്തിയേ സഞ്ചരിക്കാൻ കഴിയൂ. തെരുവു നായ്ക്കൾ മാലിന്യം വലിച്ചിഴച്ച് റോഡിലൂടെ കൊണ്ടു പോകുന്നതും അപ്രതീക്ഷിതമായി നായ്ക്കൾ റോഡിന് കുറുകെ ചാടുന്നതും പതിവാണ്. മാലിന്യം എത്തിച്ച വണ്ടി നമ്പർ സഹിതമാണ് മാഞ്ഞൂർ പഞ്ചായത്തിൽ പരാതി നൽകിയത്. പഞ്ചായത്ത് നടപടി സ്വീകരിക്കണം. ∙എബിൻ വടക്കൻ, കടുത്തുരുത്തി.

കർശന നടപടി വേണം

റോഡിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി വേണം. പല തവണ ഇത്തരക്കാരെ പിടികൂടിയിരുന്നു. എങ്കിലും മാലിന്യം തള്ളലിന് കുറവില്ല. പൊലീസും പഞ്ചായത്ത് സംവിധാനങ്ങളും കാര്യക്ഷമമായി ഇടപെടണം. ∙ജിൻസി എലിസബത്ത് (സ്ഥിര സമിതി അധ്യക്ഷ, കടുത്തുരുത്തി പഞ്ചായത്ത്.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com