ADVERTISEMENT

മുണ്ടക്കയം ഇൗസ്റ്റ്∙ ടിആർആൻഡ്ടി എസ്റ്റേറ്റിലെ ഇടികെ ഡിവിഷനിൽ എത്തിയ കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്കും എത്തിയതോടെ ജനങ്ങൾ ഭീതിയിൽ. എട്ടോളം ആനകളുടെ കൂട്ടമാണ് വനാതിർത്തി മേഖലയിൽ ചുറ്റിക്കറങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾക്ക് സമീപവും ആന എത്തി. പടക്കം പൊട്ടിച്ചും ഒച്ച ഉണ്ടാക്കിയും ആനകളെ ഓടിച്ചാണ് പ്രദേശവാസികൾ കൃഷി ഉൾപ്പെടെയുള്ളവ സംരക്ഷിക്കുന്നത്.

രണ്ടു വർഷമായി ഇതേ കാട്ടാന കൂട്ടത്തിന്റെ ശല്യം വനം അതിർത്തി പ്രദേശങ്ങളിൽ തുടരുമ്പോൾ അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നു. 2019 ഡിസംബർ മാസത്തിൽ കൊമ്പുകുത്തിയിലാണ് ആദ്യമായി കാട്ടാനക്കൂട്ടം ഇറങ്ങിയത്. മടുക്ക കൊമ്പുകുത്തി റോഡിൽ ആനകൾ സ്ഥിരമായി നിലയുറപ്പിച്ചതോടെ പകൽ പോലും ഇതുവഴി യാത്ര ചെയ്യാൻ ഭീതിയിലായിരുന്നു ജനങ്ങൾ. പിന്നീട് കൊമ്പുകുത്തിയിൽനിന്നു വനാതിർത്തി വഴി പനക്കച്ചിറ വനത്തിറമ്പ് ഭാഗത്തേക്കും ആന എത്തി.

രാത്രി മുഴുവനും ആളുകൾ പടക്കം പൊട്ടിച്ചാണ് ആനകൾ ജനവാസ മേഖലയിലേക്ക് കയറാതെ നോക്കിയത്. ആനകൾ ഇറങ്ങുന്നത് വനം വകുപ്പിൽ അറിയിച്ചാൽ വനപാലകർ എത്തി വെടിമുഴക്കി ആനകളെ വനത്തിലേക്ക് തിരികെക്കയറ്റും. എന്നാൽ രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ഇവ പുറത്തേക്ക് ഇറങ്ങുകയാണു പതിവ്. ജനവാസ മേഖലയുടെ സമീപമുള്ള വനത്തിൽനിന്ന് ആനകളെ ഓടിച്ച് ശബരിമല വനത്തിന്റെ ഉൾക്കാടുകളിലേക്കു വിടണമെന്ന ആവശ്യത്തിനു രണ്ടു വർഷത്തെ പഴക്കമുണ്ട്.

എന്നാൽ നടപടികൾ ഒന്നുമില്ല.ടിആർആൻ‍ഡ്ടി എസ്റ്റേറ്റിന്റെ പല പ്രദേശങ്ങളും ഇപ്പോഴും പുലി ഭീതിയിലാണ്. ഒട്ടേറെ വളർത്തു മൃഗങ്ങളെ കടിച്ചുകീറി കൊന്ന നിലയിൽ കാണപ്പെട്ടു. തൊഴിലാളികളിൽ പലരും പുലിയെ കണ്ടതായും വെളിപ്പെടുത്തി. ഇതോടെ വനം വകുപ്പ് പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇതിനിടെ ആനകളും ഇറങ്ങിയതോടെ പുലർച്ചെ എസ്റ്റേറ്റിൽ ജോലിക്ക് ഇറങ്ങാൻ ഭയക്കുകയാണ് തൊഴിലാളികൾ. വന്യ മൃഗ ശല്യത്തിൽനിന്നു നാടിനെ രക്ഷിക്കാൻ നടപടികൾ ഇനിയും വൈകരുതെന്നാണ് ജനങ്ങളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com