ADVERTISEMENT

കോട്ടയം ∙ മക്രോണിക്കവല – ആനത്താനം റോഡിലെ മക്രോണി കലുങ്കിന്റെയും സമീപന പാതയുടെയും നിർമാണം എന്നു പൂർത്തിയാവും? ആനത്താനം, താമരശ്ശേരി പ്രദേശത്തേക്കുള്ള ഗതാഗതം പ്രതിസന്ധിയിലാക്കുന്ന കലുങ്കിന്റെ അവസ്ഥ കാണുന്ന നാട്ടുകാരുടേതാണ് ഈ ചോദ്യം.  കലുങ്കിന്റെ പണി ആരംഭിച്ചിട്ട് നാളുകളേറെയായി. ഒരു മാസത്തിനകം പ്രശ്നത്തിനു പരിഹാരം കാണുമെന്ന് പറഞ്ഞ് ആരംഭിച്ച പണി പകുതി വഴിയിൽ നിൽക്കുന്നു. കാലം തെറ്റിയെത്തിയ മഴയാണു പാതി വഴിയിൽ നിർമാണം നിർത്താൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

കലുങ്കിന്റെ വശങ്ങൾ പൊളിച്ച് ഉയർത്തേണ്ടതുണ്ട്. വശങ്ങൾ പൊളിക്കുകയും മഴ പെയ്യുകയും ചെയ്താൽ ഇതു വഴി ഗതാഗതം തന്നെ അസാധ്യമാകുന്ന രീതിയിൽ കാര്യങ്ങൾ കുഴഞ്ഞു മറിയും. അതിനാലാണ് പണി നീണ്ടു പോകുന്നതെന്നു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മഴ ഒരാഴ്ച മാറി നിന്നാൽ മാങ്ങാനം മക്രോണി  കലുങ്ക് ഉയർത്തുന്ന ജോലികൾ പുനരാരംഭിക്കുമെന്നാണ് ഇവർ പറയുന്നത്. 2 നിരപ്പ് മെറ്റൽ പാകിയാണ് കലുങ്ക് ഉയർത്തുന്നത്. ഓരോ നിര മെറ്റൽ പാകി ഉറപ്പിച്ച് കഴിഞ്ഞു ചീഫ് ടെക്നിക്കൽ എക്സാമിനർ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കും. 

കലുങ്കിന് ഇരുവശവും 150 മീറ്റർ നീളത്തിലാണ് സമീപന പാത ഉയർത്തുന്നത്. ഒരടി മുതൽ 2 അടി വരെയായിരിക്കും റോഡ് ഉയർത്തുക. ഇതിനു കുറഞ്ഞത് 2 ആഴ്ച സമയം എടുക്കും. മെറ്റൽ ഉറപ്പിച്ച ശേഷം വാഹനങ്ങൾ കടത്തിവിടാൻ കഴിയും. മഴ പൂർണമായും മാറിയതിനു ശേഷം ടാറിങ് നടത്തിയാൽ മതിയെന്നാണു തീരുമാനം. പള്ളം ബ്ലോക്ക് പഞ്ചായത്തംഗം ദീപ ജീസസ് അനുവദിപ്പിച്ച 49 ലക്ഷം രൂപ ഉപയോഗിച്ചാണ് കലുങ്കിന്റെ നിർമാണവും അനുബന്ധ ജോലികളും നടത്തുന്നത്. പണം അനുവദിപ്പിക്കുന്നതിനു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഇടപെട്ടിരുന്നു. 

മഴ മൂലമാണ് കലുങ്കിന്റെ സമീപന റോഡ് നിർമാണം വൈകിയത്. മഴ മാറിനിൽക്കുന്ന മുറയ്ക്ക് എത്രയും വേഗം റോഡ് ഉയർത്തി ടാർ ചെയ്യാൻ കരാറുകാരനു നിർദേശം നൽകിയിട്ടുണ്ട്.- വിഷ്ണു പ്രകാശ്, പൊതുമരാമത്ത് വകുപ്പ്, അസിസ്റ്റന്റ് എൻജിനീയർ കോട്ടയം

മഴ പൂർണമായും മാറിയാൽ ഉടൻ കലുങ്കിന്റെ നിർമാണം പൂർത്തിയാക്കും. ഇതിനായി ഉദ്യോഗസ്ഥ തലത്തിൽ ഇടപെടീൽ നടത്തിയിട്ടുണ്ട്. സൈഡ് വാൾ നിർമാണം പകുതി പൂർത്തിയായിട്ടുണ്ട്.  യാത്രാദുരിതത്തിനു പരിഹാരം കാണുകയാണ് ലക്ഷ്യം.- ദീപ ജീസസ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com