ADVERTISEMENT

എരുമേലി∙ പ്രളയത്തിൽ മണിമലയാറിന്റെ തീരം വ്യാപകമായി ഇടിഞ്ഞു. എരുമേലി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കൊരട്ടി മുതൽ ചേനപ്പാടി വരെയുള്ള ആറിന്റെ ഇരുകരകളും വ്യാപകമായി ഇടിഞ്ഞിട്ടുണ്ട്. 2021ലെ വലിയ പ്രളയത്തിലും കഴിഞ്ഞ വെള്ളപ്പൊക്കത്തിലും ആറിന്റെ കരകവിഞ്ഞ് വെള്ളം കയറി. ഇതോടെയാണ് തീരം വ്യാപകമായി ഇടിഞ്ഞുതുടങ്ങിയതെന്നു നാട്ടുകാർ പറയുന്നു. 

  പേരൂത്തോട് മണിമലയാറുമായി ചേരുന്ന ഉറുമ്പിൽ പാലത്തിനു സമീപം ആറിന്റെ സംരക്ഷണ ഭിത്തി  ഇടിഞ്ഞ നിലയിൽ.
പേരൂത്തോട് മണിമലയാറുമായി ചേരുന്ന ഉറുമ്പിൽ പാലത്തിനു സമീപം ആറിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ നിലയിൽ.

ആറ് പുറമ്പോക്കിലും സ്വകാര്യ ഭൂമിയിലുമുള്ള വലിയ മരങ്ങൾ ഉൾപ്പെടെ ആറ്റിൽ പതിച്ചു. ആറിന്റെ തീരത്തുകൂടി കടന്നുപോകുന്ന കൊരട്ടി – ഉറുമ്പിൽ പാലം പഴയ കൊരട്ടിപ്പള്ളി റോഡിന്റെ സമീപ പ്രദേശങ്ങളും വ്യാപകമായി ഇടിഞ്ഞിട്ടുണ്ട്. ഓരുങ്കൽക്കടവ് ഭാഗത്തും ആറിന്റെ തീരം ഇരുവശങ്ങളിലും വ്യാപകമായി ഇടിഞ്ഞ നിലയിലാണ്.

കൃഷിയും വ്യാപകമായി നഷ്ടപ്പെട്ടു. തീരസംരക്ഷണത്തിനായി നട്ടുവളർത്തിയിരുന്ന മുളംകൂട്ടങ്ങളും ഒഴുക്കിനൊപ്പം പോയി. ആറിന്റെ തീരങ്ങളിലും സ്വകാര്യ പുരയിടങ്ങളിലും നിൽക്കുന്ന വൻ മരങ്ങൾ ഏതു സമയവും ആറ്റിൽ പതിക്കുന്ന നിലയിലാണ്.

തീര സംരക്ഷണ മാർഗങ്ങളില്ല

തീര സംരക്ഷണം മാർഗങ്ങൾ ഇല്ലാത്തതാണ് തിട്ട ഇടിയാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ആറിന്റെ ഇരുകരകളിലും ഭൂരിഭാഗം സ്ഥലത്തും തീര സംരക്ഷണ മാർഗങ്ങളോ സംരക്ഷണ ഭിത്തിയോ ഇല്ല. മുളക്കൂട്ടങ്ങൾ മാത്രമാണ് തീര സംരക്ഷണത്തിനായുള്ളത്. ഇവ ശക്തമായ ഒഴുക്കിൽ ആറ്റിൽ പതിക്കും. കൊരട്ടി പാലത്തിന്റെ അടിയിലും കൽക്കെട്ട് ഇടിഞ്ഞ് ആറ്റിൽ പതിച്ചിട്ടുണ്ട്.

കൃഷി നഷ്ടപ്പെടുന്നു

ആറിന്റെ തീരത്ത് സ്വകാര്യ സ്ഥലങ്ങളിൽ വ്യാപകമായി വാഴ ഉൾപ്പെടെയുള്ള കൃഷികളുണ്ട്. ഓരോ വെള്ളപ്പൊക്കത്തിനും വെള്ളം കയറി കൃഷി നശിക്കുന്നത് പതിവാണെന്നു കർഷകർ പറയുന്നു. സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽനിന്ന് ആഞ്ഞിലി, തേക്ക്, തെങ്ങ് എന്നിവയും വ്യാപകമായി ആറ്റിലേക്ക് പതിക്കുന്നുണ്ട്. ആറ്റിലെ ഒഴുക്കിൽപെട്ടു ലക്ഷങ്ങളുടെ മരങ്ങളാണ് ഒഴുകിപ്പോയത്. ആറിന്റെ പുറമ്പോക്കിൽ നട്ടുവളർത്തുന്ന തീറ്റപ്പുല്ല് കൃഷിയും വ്യാപകമായി നശിച്ചു.

മണൽ അടിയുന്നു

ഓരോ പ്രളയം കഴിയുമ്പോഴും ആറിന്റെ തീരങ്ങളിലും സ്വകാര്യ പുരയിടങ്ങളിലും വ്യാപകമായി മണൽ   അടിയുന്നുണ്ട്. എന്നാൽ ഈ മണൽ വാരൽ നിരോധനം മൂലം ഈ മണൽ വാരി മാറ്റാൻ പോലും കഴിയുന്നില്ലെന്നും പരിസരവാസികൾ പറയുന്നു. ചില മേഖലകളിൽ രാത്രി മണൽ വാരുന്ന സംഘങ്ങളും ഉണ്ട്. തീരങ്ങളിൽ മണൽ അടിയുന്നതുമൂലം കൃഷിയെ ബാധിക്കുന്നതായും കർഷകർ പറയുന്നു.

ഓരുങ്കൽ കടവിലെ മരങ്ങൾ അപകടനിലയിൽ

ഏറ്റവും കൂടുതൽ തീരം ഇടിഞ്ഞ ഓരുങ്കൽക്കടവിൽ ആറിനോടു ചേർന്ന് വലിയ മരങ്ങൾ ചുവട്ടിലെ വേരുകൾ തെളിഞ്ഞ് ഏതു സമയവും ആറ്റിലേക്കു പതിക്കുന്ന വിധം അപകടനിലയിൽ നിൽക്കുന്നുണ്ട്.

വേണം തീരസംരക്ഷണം

ആറിന്റെ ഇരുകരകളിലും ശക്തമായ കൽക്കെട്ടുകൾ സ്ഥാപിച്ചാൽ മാത്രമേ പ്രളയത്തിൽനിന്ന് തീരങ്ങളെ സംരക്ഷിക്കാൻ കഴിയുവെന്നു നാട്ടുകാർ പറയുന്നു. തീരസംരക്ഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചിട്ടുണ്ട്. എന്നാൽ നടപടികൾ വൈകുകയാണെന്നും കൊരട്ടി – ഉറുമ്പിൽ പാലം പഴയ കൊരട്ടിപ്പള്ളി ഭാഗത്തെ ജനങ്ങൾ പറയുന്നു.

പ്രളയസമയത്ത് വലിയ ആഞ്ഞിലിയും തെങ്ങും റബർ മരങ്ങളും ഉൾപ്പെടെ ഒഴുകിപ്പോയി. ഓരോ പ്രളയത്തിലും തീരപ്രദേശം വ്യാപകമായി നഷ്ടപ്പെടുകയാണ് തീര സംരക്ഷത്തിനു അടിയന്തര നടപടികൾ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com