ADVERTISEMENT

തലയോലപ്പറമ്പ് ∙ പാളത്തിനും ജീവനും ഇടയിലേക്കാണ് ആദിൽ ഓടിക്കയറിയത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ അപകടപ്പാളത്തിൽ നിന്ന് പതിമൂന്നുകാരൻ വലിച്ചെടുത്ത് അറുപതുകാരന്റെ ജീവൻ. പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപം തോന്നല്ലൂർ ശ്രാങ്കുഴി കട്ടിങ്ങിലെ പാളത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ്  ‘ത്രില്ലർ’ നടന്നത്.

പാളത്തിൽ ബോധരഹിതനായിക്കിടന്ന ആളെ  ട്രെയിൻ പോകുന്നതിനു നിമിഷങ്ങൾക്കു മുൻപ് വലിച്ചുനീക്കിയാണ് ഏഴാം ക്ലാസുകാരൻ രക്ഷകനായത്. തോന്നല്ലൂർ ശ്രാങ്കുഴിയിൽ സിജു- അമ്പിളി ദമ്പതികളുടെ മകൻ ആദിൽ സിജുവാണ് ശ്രാങ്കുഴിയിൽ മോഹനനെ ട്രെയിനിന്റെ അടിയിൽപെടാതെ രക്ഷിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം. 

അവധിദിനത്തിൽ വീടിന് സമീപത്തെ പാടത്ത് ചൂണ്ട ഇടാൻ പോയതായിരുന്നു ആദിൽ. ഈ സമയമാണ് എറണാകുളത്തു നിന്ന് കോട്ടയം ഭാഗത്തേക്ക് ട്രെയിനുകൾ പോകുന്ന പാളത്തിൽ മോഹനൻ വീണുകിടക്കുന്നത് കണ്ടത്. ട്രാക്കിലൂടെ നടന്നു പോകുന്നതിനിടെ ബോധരഹിതനായി വീണ മോഹനന്റെ തല പാളത്തിൽ ഇടിച്ചുപൊട്ടി. ചോരയൊലിപ്പിച്ച് കിടന്ന മോഹനന്റെ അടുത്തേക്ക് നീങ്ങുന്നതിനിടെ ഇതേ പാളത്തിലൂടെ ട്രെയിൻ വരുന്നതിന്റെ ഹോൺ കേട്ടു.

ഉടൻ   മോഹനനെ ആദിൽ പാളത്തിൽ നിന്നു വലിച്ചുമാറ്റിയതും ട്രെയിൻ പോയതും ഒരുമിച്ചായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ പ്രവർത്തിച്ച ആദിലിന്റെ മികവാണ് മോഹനനെ രക്ഷിച്ചത്. ആദിൽ അലറിവിളിച്ചതോടെ ആളുകൾ എത്തി. നാട്ടുകാർ മോഹനനെ ആശുപത്രിയിൽ എത്തിച്ചു.  വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ ഹൈസ്കൂളിലെ വിദ്യാർഥിയാണ് ആദിൽ.  15ന് സ്കൂളിൽ  ആദിലിനെ അനുമോദിക്കുമെന്ന്  മാനേജർ കെ.ആർ.അനിൽ കുമാർ, പിടിഎ പ്രസിഡന്റ് ജയൻ മൂർക്കാട്ടിൽ, പ്രധാനാധ്യാപിക എസ്.ഗീത എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com