ADVERTISEMENT

ഏറ്റുമാനൂർ ∙ കുട്ടികൾക്കു ‘പാലും മുട്ടയും’ നൽകി അങ്കണവാടികളിലെ അധ്യാപകരും ഉച്ചഭക്ഷണം പദ്ധതിയിലൂടെ പ്രധാനാധ്യാപകരും കടത്തിലായി. പാചകത്തൊഴിലാളികളുടെ കൂലിയും പലയിടത്തും മുടങ്ങി. നാട്ടിലെ കടകളിൽ കടം പറഞ്ഞാണ് ഇപ്പോൾ വാങ്ങുന്നത്. നേരത്തെ പാൽ വാങ്ങിയതിന്റെ പണം പോലും ഇതുവരെ കിട്ടിയില്ലെന്നും ജീവനക്കാർ പറഞ്ഞു. അങ്കണവാടി, പ്രീ സ്കൂൾ കുട്ടികൾക്കുള്ള പാലും മുട്ടയും വിതരണമാണ് വീണ്ടും തുടങ്ങിയത്. മിൽമ പാലാണു മിക്കയിടത്തും നൽകുന്നത്.

ചിലയിടങ്ങളിൽ കുടുംബശ്രീ, ക്ഷീരകർഷക സൊസൈറ്റികളിൽ നിന്നുള്ള പാലും വാങ്ങുന്നുണ്ട്. അങ്കണവാടിയിലെ 3 മുതൽ 6 വരെ പ്രായമുള്ള ഒരു കുട്ടിക്ക് 125 മില്ലി പാലും ഒരു മുട്ടയും വീതമാണ് നൽകുന്നത്. പാൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലും മുട്ട ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണു നൽകുന്നത്. സ്കൂൾ പാചക തൊഴിലാളികളുടെ അവധിക്കാല വേതനവും മുടങ്ങി. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നൽകേണ്ടിയിരുന്ന വേതനം നൽകിയില്ല.

സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയും കടത്തിലാണെന്ന് പ്രധാനാധ്യാപകർ പറയുന്നു. 6 വർഷമായി നിരക്ക് പുതുക്കിയിട്ടില്ല. കുട്ടികളുടെ എണ്ണം 1000ൽ കൂടുതലുള്ള സ്ഥലങ്ങളിൽ 2 പാചക തൊഴിലാളികൾ മതിയാകില്ല. 2000 കുട്ടികളുള്ള സ്കൂളിൽ 4 ജീവനക്കാരുണ്ട്. അധികമായി വരുന്ന ജീവനക്കാരുടെ ശമ്പളം സ്കൂൾ അധികൃതർ കണ്ടെത്തണം. അധ്യാപകരും പിടിഎയുമാണ് പലപ്പോഴും ഈ തുകയും കണ്ടെത്തുന്നത്.

ഉച്ച ഭക്ഷണത്തിനാവശ്യമായ അരിയും പാചക തൊഴിലാളിയുടെ ശമ്പളവും സർക്കാർ നൽകും. എന്നാൽ 2 ദിവസം 300 മില്ലിലീറ്റർ പാൽ, ഉച്ചയ്ക്കു കറികൾ നൽകാനാവശ്യമായ പച്ചക്കറി, പാചക വാതകം തുടങ്ങിയ ചെലവുകൾ സ്കൂൾ അധികൃതർ കണ്ടെത്തണം. കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ 50,000 രൂപ വരെ ഒരു മാസം അധിക ചെലവുണ്ടാകുമെന്നാണ് ജീവനക്കാർ പറയുന്നത്. നിലവിലെ സർക്കാർ വിഹിതം തികച്ചും അപര്യാപ്തമാണെന്ന് അധ്യാപക സംഘടനകളും പാചക തൊഴിലാളി സംഘടനകളും പറയുന്നു. പാചക തൊഴിലാളി സംഘടനകൾ കൺവൻഷനുകൾ ചേർന്നു സമരം ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

നിലവിലെ സർക്കാർ വിഹിതം:

∙ 150 കുട്ടികളിൽ താഴെയുള്ള സ്കൂളിൽ ഒരു കുട്ടിക്ക് ഒരു ദിവസം 8 രൂപ
∙ 151 കുട്ടികൾ മുതൽ 500 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ ഒരു കുട്ടിക്ക് ഒരു ദിവസം 7 രൂപ
∙ 501നു മുകളിൽ കുട്ടികളാണെങ്കിൽ 6 രൂപ.
(കേന്ദ്ര സർക്കാർ 60% , സംസ്ഥാന സർക്കാർ 40% എന്നിങ്ങനെയാണ് ചെലവ് വഹിക്കുന്നത്.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com