ADVERTISEMENT

പാലാ∙ മിനി മാരത്തൺ  വേദിയിലിരുന്നപ്പോൾ കായികതാരം പി.ടി. ഉഷ എംപിയുടെ കണ്ണുകൾ പലതവണ നിറഞ്ഞു. കായിക ലോകത്തെ നേട്ടങ്ങളെല്ലാം എംപി കൈവരിച്ചുവെന്ന് പ്രസംഗകൻ പറഞ്ഞതുകേട്ട് അവർ കണ്ണുതുടച്ചു. രാജ്യാന്തര മത്സരങ്ങളിൽ സ്വർണമെഡൽ വാങ്ങി താൻ വന്നപ്പോൾ സമ്മാനമായി കെ.എം. മാണി തന്റെ നാടായ പയ്യോളിയിൽ വൈദ്യുതിയെത്തിച്ചുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞ ഉഷ പഴയ നാൾവഴികളിലേക്കു തിരിച്ചുപോയി.  രാജ്യസഭാ എംപിയായ ശേഷം പി.ടി. ഉഷ പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു പാലാ മിനി മാരത്തൺ. 

30 വെറുമൊരു നമ്പർ!! സ്പോർട്സ് ലെഗസി ഫൗണ്ടേഷൻ സംഘടിപ്പിച്ച പാലാ മിനി മാരത്തൺ ഉദ്ഘാടനം ചെയ്യാനെത്തിയ പി.ടി. ഉഷ എംപി മുപ്പതാമത് റേഡിയേഷൻ  ചികിത്സയ്ക്ക് വിധേയനായ ശേഷം മാരത്തണിൽ പങ്കെടുത്ത് 10 കിലോമീറ്റർ  ഓടിയെത്തിയ നാരായണനുണ്ണിയെ അഭിനന്ദിക്കുന്നു.
30 വെറുമൊരു നമ്പർ!! സ്പോർട്സ് ലെഗസി ഫൗണ്ടേഷൻ സംഘടിപ്പിച്ച പാലാ മിനി മാരത്തൺ ഉദ്ഘാടനം ചെയ്യാനെത്തിയ പി.ടി. ഉഷ എംപി മുപ്പതാമത് റേഡിയേഷൻ ചികിത്സയ്ക്ക് വിധേയനായ ശേഷം മാരത്തണിൽ പങ്കെടുത്ത് 10 കിലോമീറ്റർ ഓടിയെത്തിയ നാരായണനുണ്ണിയെ അഭിനന്ദിക്കുന്നു.

സ്പോർട്സ് ലെഗസി ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര അധ്യക്ഷനായി. ജോസ് കെ. മാണി എംപി, മാണി സി.കാപ്പൻ എംഎൽഎ, ഫാ.ഡോ. ബിനു കുന്നത്ത്, എസ്.പ്രമോദ് കുമാർ, ഹിരൺ കുമാർ, മധു, ഷെബിൻ ജോസഫ്, മനോജ് ലാൽ എന്നിവർ പ്രസംഗിച്ചു. 

കായികരംഗത്തു ശ്രദ്ധേയ സംഭാവനകൾ നൽകിയ കെ.പി. തോമസ്, ജിൻസി ഫിലിപ്പ്, എം.എ പ്രജുഷ, നീന പിന്റോ, എം.എ. മോളി, വി.സി.ജോസഫ്, പി.കെ. മാണി, ജോസഫ് മനയാനി, മേഴ്സി ജോസഫ്, കെ.പി. സന്തോഷ് കുമാർ, തങ്കച്ചൻ മാത്യു എന്നിവരെ ആദരിച്ചു.

കാൻസറിനും തകർക്കാനായില്ല;നാരായണനുണ്ണിയുടെഉൾക്കരുത്ത്

ആലുവ കടുങ്ങല്ലൂർ സ്വദേശി നാരായണനുണ്ണി (74) മിനി മാരത്തണിൽ 10 കിലോമീറ്റർ ദൂരത്തെ ഓടിത്തോൽപ്പിച്ചത് കാൻസറിന്റെ അസ്വസ്ഥതകൾ മറന്ന്.ഒരു വർഷം മുൻപ് തിരിച്ചറിഞ്ഞ പ്രോസ്റ്റേറ്റ് കാൻസറിനെ ജനുവരിയിൽ എടുത്തുകളഞ്ഞ് കഴിഞ്ഞ മൂന്നിനാണു നാരായണനുണ്ണി  മുപ്പതാമത് റേഡിയേഷൻ ചികിത്സയ്ക്ക് വിധേയനായത്. 

തുടർന്ന് ഡോക്ടറോടു ചർച്ച ചെയ്ത ശേഷമാണ് മാരത്തണിനെത്തിയത്. വർഷങ്ങളായി മാരത്തൺ വേദികളിലെ  സാന്നിധ്യമായ നാരായണൻ യുകെ, സിംഗപ്പൂർ എന്നിവിടങ്ങളിലെ മാരത്തണുകളിലും പങ്കെടുത്തിട്ടുണ്ട്.

ആരോടും പിണക്കമില്ല, നാടിൻ നന്മയ്ക്ക് ഒപ്പം നിൽക്കും: ഉഷ

38 വർഷങ്ങൾക്കു ശേഷമാണ് കായിക താരം പി.ടി. ഉഷ  പാലായിലെത്തിയത്. കന്നി മത്സരത്തിൽ തന്നെ പരാജയത്തിന്റെ നോവിലേക്കു തള്ളിയിട്ട ആ മൈതാനത്തേക്ക് ഇക്കുറി വന്നപ്പോൾ ഉഷയ്ക്കു പറയാൻ വിജയകഥകൾ ഒരുപാടുണ്ട്. ഉഷ മനസ്സു തുറക്കുന്നു.

∙ആദ്യ പരാജയം കോട്ടയത്തായിരുന്നുവല്ലോ, ഇന്നു കൈനിറയെ നേട്ടങ്ങളുമായി തിരിച്ചെത്തിയപ്പോൾ എന്തു തോന്നുന്നു?

ജീവിതത്തിലെ ആദ്യത്തെ സ്റ്റേറ്റ് മീറ്റിൽ പങ്കെടുക്കാനായി 1976ലാണ് ഞാൻ ആദ്യമായി പാലായിൽ വന്നത്.  കന്നിമത്സരത്തിൽ തന്നെ പരാജയത്തിന്റെ കയ്പറിയേണ്ടി വന്നു.  അന്ന് ജയിച്ച ആലപ്പുഴ സ്വദേശി കെ.പി. ശ്രീലത സ്വർണ മെഡൽ വാങ്ങുന്നത് ദൂരെമാറി വേദനയോടെ കണ്ടുനിന്ന ആ പെൺകുട്ടി എന്റെ ഉള്ളിൽ ഇപ്പോഴുമുണ്ട്.

അടുത്ത മത്സരത്തിൽ  ജയിക്കുമെന്ന് ഇവിടെവച്ച് തീരുമാനമെടുത്താണ് മടങ്ങിയത്.1984ൽ പാലായിലെ ഇതേ ഗ്രൗണ്ടിൽ 200, 400 മീറ്ററുകളിൽ ഞാൻ മെഡൽ വാങ്ങി. അതിനു ശേഷം ആദ്യമായാണ് പാലായിലെത്തുന്നത്. 

∙ട്രാക്കിൽനിന്ന് രാജ്യസഭയിലേക്ക് എത്തുമ്പോൾ എന്തൊക്കെയാണ് ലക്ഷ്യങ്ങൾ?

എംപിയാകുമെന്നു സ്വപ്നത്തിൽ പോലും കരുതിയതല്ല. സ്പോർട്സിന്റെ നന്മയ്ക്കായി കഴിയുന്നതെല്ലാം ചെയ്യും. താഴെക്കിടയിൽ നിന്നു വരുന്നവർക്ക് കായിക രംഗത്ത് വലിയ പ്രാധാന്യം ലഭിക്കാറില്ല.   കഴിവുണ്ടെങ്കിലും വലിയ മത്സരങ്ങളിൽ ജയിക്കാത്ത കായിക താരങ്ങൾക്കു പരിഗണന ലഭിക്കാറില്ല. 

ഇത്തരം കുട്ടികളെ വളർത്തിക്കൊണ്ടു വരാൻ ശ്രമിക്കും. കായികമേഖലയും ഭരണവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഓറിയന്റേഷൻ ക്ലാസുകളിൽ പങ്കെടുത്തും സഭയിലിരുന്നും ഞാൻ കാര്യങ്ങൾ പഠിച്ചെടുക്കാൻ ശ്രമിക്കുകയാണ്.

∙എംപിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾവന്ന ട്രോളുകളെക്കുറിച്ച്

ഞാൻ ഭരണ മേഖലയിലേക്കു വന്നപ്പോൾ പല ആരോപണങ്ങളുമുണ്ടായി. എന്നാൽ പരിഭവമില്ല.  അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. അവരതു  പ്രകടിപ്പിക്കട്ടെ.  അവരോടൊക്കെ സ്നേഹമാണ്. ആരോടും പരാതിയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com