തോമസ് ചേട്ടൻ: വിശന്നു വലഞ്ഞെത്തുന്ന ഏതൊരാൾക്കും കൺകണ്ട ദൈവം; അഞ്ച് ആശുപത്രികളിലായി 5000ത്തിലധികം ആളുകൾക്ക് ഭക്ഷണം

HIGHLIGHTS
  • വിശന്നു വലഞ്ഞ് മെഡിക്കൽ കോളജ് പരിസരത്തെത്തുന്ന ഏതൊരാൾക്കും കൺകണ്ട ദൈവമാണ് തോമസ് ചേട്ടൻ
പി.യു.തോമസ്
SHARE

ആർപ്പൂക്കര ∙ രാജ്യം ഇന്ന് 75–ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ സഹജീവികൾക്ക് കരുണയുടെയും സ്നേഹവും പുതുജീവനും ഏകുന്ന നവജീവന്റെ പ്രവർത്തനം ആരംഭിച്ചിട്ട് ഇന്ന് 31 വർഷം പൂർത്തിയാകുന്നു. അനാഥർക്കും വീടില്ലാത്തവർക്കും അഭയവും സ്നേഹവുമേകി തോമസ് ചേട്ടന്റെ നവജീവൻ ട്രസ്റ്റ് യാത്ര ആരംഭിക്കുന്നത് 1991 ഓഗസ്റ്റ് 15നാണ്.

വിശന്നു വലഞ്ഞ് മെഡിക്കൽ കോളജ് പരിസരത്തെത്തുന്ന ഏതൊരാൾക്കും കൺകണ്ട ദൈവമാണ് തോമസ് ചേട്ടൻ. അഞ്ച് സർക്കാർ ആശുപത്രികളിലായി 5000ത്തിലധികം ആളുകൾക്കാണ് ദിവസേന ഇവിടെ നിന്ന് ഭക്ഷണം എത്തിക്കുന്നത്. കൂടാതെ മരുന്നാവശ്യമുള്ളവർക്ക് മരുന്നുകളും എത്തിക്കുന്നു. ട്രസ്റ്റിന്റെ കീഴിൽ 250ലധികം അന്തേവാസികളാണ് ഇപ്പോഴുള്ളത്. ഇവിടെ ജാതിയില്ല മതമില്ല കരുതലും സ്നേഹവും മാത്രം.

101 രോഗികൾക്ക് സഹായം നൽകും

31–ാം വർഷത്തിൽ കഷ്ടത അനുഭവിക്കുന്ന 101 കാൻസർ, കിഡ്നി രോഗികൾക്ക് ഡോക്ടർമാരുടെ നിർദേശപ്രകാരം സൗജന്യമായി മാസത്തിലൊരിക്കൽ മരുന്നും ഭക്ഷ്യധാന്യക്കിറ്റും നൽകും. ഇതിന്റെ വിതരണോദ്ഘാടനം  മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ.ടി.കെ.ജയകുമാർ നടത്തും. 

ആരംഭം

1966–ൽ വയറുവേദന ശസ്ത്രക്രിയക്കായി  മെഡിക്കൽ കോളജാശുപത്രിയിലെത്തിയ തോമസ്ചേട്ടൻ ശസ്ത്രക്രിയക്കു എത്തിയ രാമചന്ദ്രനെ പരിചയപ്പെടുകയ‌ും രോഗമനുഭവിക്കുന്നവരുടെ ബുദ്ധിമുട്ടുകളെപ്പറ്റി സംസാരിക്കുകയും ചെയ്തു. പക്ഷേ രാമചന്ദ്രൻ മരണമടഞ്ഞു. ഇത് തോമസ് ചേട്ടനെ വല്ലാതെ വേദനിപ്പിച്ചു. അതിനുശേഷം  പൂർണമായി മറ്റുള്ളവരെ സഹായിക്കാനായി ഇറങ്ങുകയായിരുന്നു.

ആദ്യമൊക്കെ വീട്ടിൽ നിന്ന് കിട്ടുന്ന പണവും അച്ഛനും മകനും വേണ്ടി അമ്മ കെട്ടിത്തരുന്ന പൊതിയും മറ്റുള്ളവർക്ക് വേണ്ടി കൊടുക്കുകയായിരുന്നു. പിന്നീട് ഇത് കണ്ട് മെഡിക്കൽ കോളജിലെ വിദ്യാർഥികളും ഡോക്ടർമാരും സഹായിച്ചു. 24 വർഷത്തോളം ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. 1990ൽ മെഡിക്കൽ കോളജിനു സമീപം ചെറിയ ഒരു മുറിയിൽ രണ്ട് മാനസിക രോഗികളെ ഏറ്റെടുത്ത് ചികിത്സിച്ചാണ് പ്രവർത്തനം ആരംഭിച്ചത് എങ്കിലും 1991 ഓഗസ്റ്റ് 15നാണ് ഔദ്യോഗികമായി ട്രസ്റ്റ് പ്രവർത്തനം തുടങ്ങിയത്.

അതിരമ്പുഴയ്ക്ക് സമീപം താമസിച്ചിരുന്ന  തോമസ് ചേട്ടന്റെ വീടും സ്ഥലവുമെല്ലാം എംജി സർവകലാശാല വന്നതോടെ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് പലരുടെയും സഹായത്തോടെയും പ്രാർഥനയോടെയുമാണ് തോമസ് എന്ന നന്മ മരം വീണ്ടും പൂത്തത്.  ആദ്യകാലം മുതൽക്കെ നവജീവന്റെ കമ്മിറ്റിയംഗങ്ങളിൽ ഒരാൾ സ്നേഹത്തോടെ നൽകിയ ഒന്നരയേക്കർ സ്ഥലത്താണ് നവജീവൻ ട്രസ്റ്റിന്റെ കെട്ടിടം പണിതീർത്തിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}