ADVERTISEMENT

കൃഷി എന്നാൽ മണ്ണിലെ അധ്വാനം മാത്രമല്ല ബിസ്മി ബിനുവിന്.‍ വീഴ്ചയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാനുള്ള പിടിവള്ളി കൂടിയാണ്. പ്രതിസന്ധികളോടു പോരാടാനുള്ള ആയുധവുമാണ്. 40 വയസ്സിനിടെ ജീവിതത്തിലുണ്ടായ ദുരന്തങ്ങളെയും ദുരിതങ്ങളെയും ഈ വീട്ടമ്മ തരണം ചെയ്തതു കൃഷിയിലൂടെയാണ്. 

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ടിബി റോഡരികിലെ റോസ് ഗാർഡൻ വീട്ടുവളപ്പിലെ പരിമിതമായ സ്ഥലത്ത് ഒരിഞ്ചു പോലും കളയാതെ‍ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഒരുക്കി.

ആ അതിജീവനത്തിന്റെകഥ

വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടിനു പരിഹാരം കാണാൻ ബിസ്മി 10 വർഷത്തോളം സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു, പക്ഷേ പരിഹാരമുണ്ടായില്ല. ഇതിനിടെ, 11 വർഷം മുൻപ് സഹോദരി ബിജി 36-ാം വയസ്സിൽ ബൈക്കപകടത്തിൽ മരിച്ചു. ഇതോടെ ബിസ്മി മാനസികമായി തകർന്നു. കർഷകരായ അച്ഛൻ ചെരിവുകാലായിൽ ആന്റണിയും അമ്മ ത്രേസ്യാമ്മയുമാണ് വഴി കാട്ടിയത്. ജീവിതം കരഞ്ഞു തീർക്കാതെ മുറ്റത്ത് ചെടികളും പച്ചക്കറികളും നടാൻ അവരാണു പറഞ്ഞത്. അവർ നൽകിയ ഒരു തിരുഹൃദയ ച്ചെടി (കോളിയസ്) വാടകവീടിന്റെ മുറ്റത്തു നട്ടു. ഇന്നു നൂറുകണക്കിന് അലങ്കാരച്ചെടികളും പൂച്ചെടികളും, ഫലവൃക്ഷത്തൈകളും ഔഷധസസ്യങ്ങളും നിറഞ്ഞ റോസ് ഗാർഡൻ നഴ്സറിയാണു വീട്ടുമുറ്റം.

 ബിസ്മിയെ വിധി വീണ്ടും വീഴ്ത്തി. 2017ൽ രണ്ടാം നിലയിൽ നിന്നു വീണ് ഗുരുതര പരുക്ക് . തലയിലും മുഖത്തുമായി 3 പൊട്ടൽ, കർണപുടം തകർ‍ന്നു, ഇടതു കണ്ണിനും തോളിലും പരുക്ക്, ഒരു കൈ ഒടിഞ്ഞു.  എട്ട് ശസ്ത്രക്രിയകൾക്ക് വിധേയയായി. പരുക്കുകൾ പൂർണമായി ഭേദമാകും മുൻപേ വീണ്ടും കൃഷിയിലേക്ക് ഇറങ്ങി.ബിസ്മിയുടെ ജീവിത കഥ ‘കർഷകശ്രീ’യിൽ കവർ ചിത്രം സഹിതം വന്നതോടെ ഒട്ടേറെ  വീട്ടമ്മമാർ ഫോണിൽ വിളിച്ചു. തകർച്ചയുടെ വക്കിൽ നിന്ന നൂറുകണക്കിനു കുടുംബങ്ങൾക്ക് ബിസ്മിയുടെ ജീവിതം പ്രചോദനമായി.

ഒരു രൂപ പോലും മുടക്കാതെ സ്വന്തം വീട്ടുപരിസരത്ത് ചെടികളും പച്ചക്കറികളും കൃഷി ചെയ്ത് വരുമാനം ഉണ്ടാക്കാമെന്ന് അവരെ പഠിപ്പിച്ചു. ലോക്ഡൗൺ കാലത്ത് കൃഷി രീതി, ഓൺലൈൻ വിപണി, വില കൊടുത്തു വാങ്ങാതെ ഉള്ള ചെടി എങ്ങനെ റീ പ്ലാന്റ് ചെയ്യാം തുടങ്ങിയ കാര്യങ്ങൾ  ഫോണിലൂടെയും നേരിട്ടും സൗജന്യമായി പഠിപ്പിച്ചു. അടുക്കളത്തോട്ട നിർമാണ പരിശീലനവും നൽകി.  കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 15, 000 കുടുംബങ്ങളെ‍‍ ചെടികളിൽ നിന്നും പച്ചക്കറികളിൽ നിന്നും പ്രതിദിനം 500 രൂപയെങ്കിലും വരുമാനമുണ്ടാക്കാൻ പഠിപ്പിച്ചതായി ബിസ്മി പറയുന്നു. 

വീട്ടിലെ ആവശ്യത്തിനു വേണ്ടിയാണ് പച്ചക്കറിക്കൃഷി തുടങ്ങിയത്. നഴ്സറിയിൽ ചെടികൾ വാങ്ങാൻ എത്തുന്നവരും സമീപവാസികളും പച്ചക്കറികളുടെ വിളവ് കണ്ട് ആവശ്യക്കാരായതോടെ വരുമാന മാർഗമായി മാറി. ഗ്രോബാഗുകൾ, ഉപയോഗശൂന്യമായ ഫ്രിജ്, പഴയ ബക്കറ്റുകൾ, പെട്ടികൾ എന്നിവയിലെല്ലാം  കൃഷി ചെയ്യുന്നു. സ്ഥല പരിമിതി മൂലം വെർട്ടിക്കൽ കൃഷി രീതി അവലംബിച്ചു. 60 ഗ്രോബാഗ് നിരത്തി കൃഷി ചെയ്യേണ്ട സ്ഥലത്ത് ഒരു ചട്ടിക്കുള്ളിൽ 60 മൂട് നടാവുന്ന രീതിയിലാണ് ചെയ്യുന്നത്.

പിന്നീട് പന്തലൊരുക്കി. വിളകൾ ഒരു ചട്ടിയിൽ ഒതുക്കി എടുത്തു മാറ്റാവുന്ന ക്രീപർ കൃഷിയും ആരംഭിച്ചു. വെയിലിനും തണലിനും മഴയ്ക്കും അനുസരിച്ച്  ഇത്തരം ചട്ടികൾ മാറ്റി വയ്ക്കാം. നാടൻ കോഴികളെ വളർത്തുന്നുണ്ട്. കൃഷിവരുമാനത്തിലൂടെ കുടുംബത്തിന്റെ കടബാധ്യത മുഴുവൻ വീട്ടി. ഇലക്ട്രിക് ഉപകരണങ്ങളുടെ സർവീസ് നടത്തുന്ന ഭർത്താവ് കണിച്ചുകാട്ട് ബിനു ജോർജും  മക്കളായ ബിബിൻ, മിന്നു, മീനു എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com