ADVERTISEMENT

കറുകച്ചാൽ / എരുമേലി ∙ മഴ മാറി വെയിൽ വന്നതോടെ ആറുകളിൽ ജലനിരപ്പ് പകുതിയോളം താഴ്ന്നു. മീനച്ചിലാറിൽ പാലാ ഭാഗത്ത് നാലിന് 12.385 മീറ്ററായിരുന്നു ജല നിരപ്പ്. ഇന്നലെ ഉച്ചയ്ക്ക് അതേ സ്ഥലത്ത് രേഖപ്പെടുത്തിയ ജലനിരപ്പ് 6.135 മാത്രം. 12 ദിവസം കൊണ്ട് ജലനിരപ്പ് പകുതിയോളം കുറഞ്ഞു. മുണ്ടക്കയം കോസ്‌വേ കവിഞ്ഞൊഴുകിയ മണിമലയാർ ഇന്നലെ പാലത്തിന്റെ താഴെക്കൂടി ഒരു ബഹളവുമില്ലാതെ ഒഴുകുന്നു. മണിമലയാറ്റിലെ ജലനിരപ്പ് കുറഞ്ഞത് 22% എന്ന് ഹൈഡ്രോളജി വകുപ്പ്. ഒന്നിനും രണ്ടിനും മണിമലയാറ്റിലെ ജലനിരപ്പ് മുണ്ടക്കയത്തെ സ്കെയിൽ അപകട നിരപ്പ് കഴിഞ്ഞ് 59.895 ഉയർന്നിരുന്നു.

  കനത്ത മഴയിലും ഉരുൾപൊട്ടലിലും കോസ്‌വേ പാലം 15 ദിവസം മുൻപ് കരകവിഞ്ഞ് ഒഴുകിയപ്പോൾ.
കനത്ത മഴയിലും ഉരുൾപൊട്ടലിലും കോസ്‌വേ പാലം 15 ദിവസം മുൻപ് കരകവിഞ്ഞ് ഒഴുകിയപ്പോൾ.

ഇന്നലെ ഉച്ചയ്ക്ക് ഇത് 55.005 മീറ്ററായി താഴുന്നു. ഈ മാസത്തെ ആദ്യ ആഴ്ചകളിൽ‍ പ്രളയ ഭീതിയിലായിരുന്നു കോട്ടയം. കിഴക്കൻ മേഖലയിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. പടഞ്ഞാറ് ഒഴുകിനീങ്ങാതെ നിന്ന വെള്ളം. എന്നാൽ മാസങ്ങൾക്കു മുൻപ് പ്രളയം സംഭവിച്ചതു പോലെയായി മീനച്ചിലാറ്റിലെയും മണിമലയാറ്റിലെയും വെള്ളത്തിന്റെ ഇന്നലത്തെ സ്ഥിതി.

മീനച്ചിൽ, മണിമലയാറുകളിൽ ജലനിരപ്പ് താഴ്ന്നതോടെ തോടുകളിലും കൈത്തോടുകളിലും ഒഴുക്കിന്റെ ശക്തി കുറഞ്ഞു. ഒപ്പം ജല സ്രോതസ്സുകളിലെ ജലനിരപ്പു താഴ്ന്നു തുടങ്ങി.

മഴക്കലി കൊയ്തു; 3.01 കോടിയുടെ കൃഷി

ഇക്കഴിഞ്ഞ 28 മുതൽ 12 വരെ ജില്ലയിൽ പെയ്ത കനത്തമഴയിൽ സംഭവിച്ചത് 3.01 കോടിയുടെ കൃഷിനാശം. 62.84 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 3,072 കർഷകർക്കു നാശമുണ്ടായി. വാഴക്കൃഷിക്കാണു കൂടുതൽ നാശം 19.45 ഹെക്ടർ സ്ഥലത്തായി 42,901 വാഴ നശിച്ചു.2.21 കോടി രൂപയുടെ നാശനഷ്ടമാണ് വാഴക്കൃഷി നേരിട്ടത്. ടാപ്പ് ചെയ്യുന്ന 753 റബർ മരങ്ങളും ടാപ്പ് ചെയ്യാത്ത 465 മരങ്ങളും നശിച്ചു.

22.04 ലക്ഷത്തിന്റെ നഷ്ടമാണു കണക്കാക്കുന്നത്. ജാതിക്കൃഷിയിൽ 18.87 ലക്ഷത്തിന്റെയും മറ്റു ഫലവർഗങ്ങളുടെ കൃഷിയിൽ 18 ലക്ഷത്തിന്റെയും നഷ്ടം കണക്കാക്കി.

ഒഴുകിപ്പോയത് ഇങ്ങനെ

ഹൈഡ്രോളജി വകുപ്പിന്റെ കണക്കുപ്രകാരം ആറുകളിൽ ഇന്നലെ രേഖപ്പെടുത്തിയ ജലനിരപ്പ് പ്രളയ ദിവസമായ നാലിന് രേഖപ്പെടുത്തിയ ജലനിരപ്പ് ബ്രാക്കറ്റിൽ. (ജലനിരപ്പ് മീറ്ററിൽ).

മീനച്ചിലാർ

∙തീക്കോയി – 99.40 (102.53)
∙ചേരിപ്പാട് – 9.7 (12.785)
∙പേരൂർ – 0.92 (5.06)
∙കുമരകം – 0.65 (1.26)

മണിമലയാർ

∙മുണ്ടക്കയം – 55.05 (59.395)
∙മണിമല – 15.693 (18.90)
∙പാറയിൽകടവ് – 0.825 (1.415)

മഴയില്ലാതായിട്ട് 3 ദിവസം

മൂന്നു ദിവസമായി ജില്ലയിൽ ഒരിടത്തും മഴ ലഭിച്ചിട്ടില്ല. കോട്ടയത്താണ് അവസാനം മഴ ലഭിച്ചത്. കഴിഞ്ഞ 14ന് 0.2 മില്ലിമീറ്റർ മഴയാണ് കോട്ടയത്ത് കിട്ടിയത്. ജില്ലയിൽ ഓഗസ്റ്റ് ഒന്നു മുതൽ ഇന്നലെ വരെ ലഭിച്ചത് 2820.0 മില്ലിമീറ്റർ മഴയാണ്. ശരാശരി മഴ 402.99 മില്ലിമീറ്റർ. 741 മില്ലിമീറ്റർ മഴ ലഭിച്ച തീക്കോയി മേഖലയിലാണ് കൂടുതൽ മഴ പെയ്തത്.

മഴക്കണക്ക്

∙മുണ്ടക്കയം 571.6
∙ഈരാറ്റുപേട്ട – 434.6
∙കാഞ്ഞിരപ്പള്ളി – 337.5
∙കോഴ – 329.0
∙പാമ്പാടി – 224.0
∙കോട്ടയം – 183.0

ജില്ലയിൽ ഹൈഡ്രോളജി വിഭാഗം രേഖപ്പെടുത്തിയ മഴയുടെ കണക്ക്. ഓഗസ്റ്റ് 1 മുതൽ ഇന്നലെ വരെ (മില്ലിമീറ്ററിൽ.)

നദികളിൽ വെള്ളം തടഞ്ഞു നിർത്തുന്നതിനുണ്ടായിരുന്ന റിവർ ബെഡ് കുറഞ്ഞു. ഭൂമിയിൽ ജലം റീചാർജ് ചെയ്യുന്നതിനുള്ള മാർഗങ്ങളും ഇല്ലാതായി. ഇതെല്ലാം അതിവേഗം ശുദ്ധജലസ്രോതസ്സുകൾ വറ്റിവരളുന്നതിനു കാരണമാകുന്നു.

ചരിവുള്ള പ്രതലത്തിൽ വെള്ളം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകുകയാണ്. ചതുപ്പ് നിലങ്ങളുടെ അഭാവവും കൃഷിയിടങ്ങളിൽ കയ്യാലകളുടെ അഭാവവും വെള്ളമൊഴുക്ക് ശക്തമാക്കുന്നു. മണ്ണിൽ വെള്ളം ഇറങ്ങിപ്പോകാൻ സംവിധാനമില്ല.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com