ADVERTISEMENT

കുറവിലങ്ങാട് ∙ മണ്ണിനോടു പടവെട്ടി അര നൂറ്റാണ്ട്. കുര്യനാട് അരീക്കുഴി പുത്തൻപുരയിൽ (പാറക്കുടി) പി.എം.മാത്യുവിന് (മത്തായിക്കുഞ്ഞ്) 77 വയസ്സ് ആയി. ഇരുപതാം വയസ്സിൽ അധ്വാനത്തിന്റെ പാഠം പഠിച്ചു കൃഷി ആരംഭിച്ച മത്തായിക്കുഞ്ഞ് ഇപ്പോഴും കാർഷിക മേഖലയിൽ സജീവം. അൻപതിലേറെ വർഷങ്ങൾ നീണ്ട കൃഷിയാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിനു വഴികാട്ടിയായത്. കാലവും കാലാവസ്ഥയും മാറിയെങ്കിലും മത്തായിക്കുഞ്ഞ് കൃഷിയെ തള്ളിപ്പറയില്ല. കാരണം പരമ്പരാഗത കൃഷിരീതികൾ അദ്ദേഹത്തിനു നഷ്ടം വരുത്തിയിട്ടില്ല.

വർഷങ്ങൾക്കു മുൻപ് പാരമ്പര്യ സ്വത്ത് ആയി മത്തായിക്കുഞ്ഞിന് ലഭിച്ചത് 25 സെന്റ് സ്ഥലം മാത്രം. ഇരുപതാം വയസ്സിൽ ചെറിയ രീതിയിൽ പച്ചക്കറിക്കൃഷി ആരംഭിച്ചു. 5 വർഷത്തിനുള്ളിൽ കൂടുതൽ മേഖലയിലേക്കു കൃഷിയെ എത്തിച്ചു. വിവിധ പ്രദേശങ്ങളിൽ പുരയിടം പാട്ടത്തിനെടുത്തു ഇഞ്ചിയും മഞ്ഞളും പച്ചക്കറികളും കൃഷി ചെയ്തു. 

1000 ഏത്തവാഴകൾ കൃഷി ചെയ്ത കാലം ഉണ്ടായിരുന്നു. കൂലിക്കു പണിക്കാരെ നിർത്തി കൃഷി ചെയ്യുന്ന പതിവ് അന്നും ഇന്നും ഇല്ല. സ്വന്തമായി അധ്വാനിക്കും. വിളവെടുപ്പിനു കുടുംബാംഗങ്ങളുടെ സഹായം. ഇപ്പോൾ പാവൽ, ഇഞ്ചി, മഞ്ഞൾ കൃഷികൾ ഉണ്ട്. 50 വർഷത്തിനുള്ളിൽ കാർഷികമേഖലയിൽ എന്തൊക്കെ മാറ്റം വന്നു എന്നു ചോദിച്ചാൽ മത്തായിക്കുഞ്ഞ് കൃത്യമായി ഉത്തരം നൽകും. കൃഷി ചെലവും കൂലിച്ചെലവും വർധിച്ചു. കൃഷിരീതികൾ മാറി. പഴയകാലത്ത് കൃത്യമായി കണക്കുകൾ ഉണ്ടായിരുന്നു. ലഭിക്കുന്ന വിളവിന്റെ അളവ് പോലും കണക്കു കൂട്ടിയിരുന്ന കാലം. കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെ പ്രശ്നങ്ങൾ കർഷകരെ ബാധിച്ചതോടെ കാര്യങ്ങൾ പ്രവചനാതീതം. എന്നാലും അധ്വാനത്തിനു കുറവ് ഇല്ല.

കൃഷി നഷ്ടമാണെന്നു ഇദ്ദേഹം പറയില്ല. കൃഷിയിൽ നിന്നു ലഭിച്ച വരുമാനം ഉപയോഗിച്ചാണ് മത്തായിക്കുഞ്ഞ് രണ്ടു മക്കളെ വളർത്തിയത്. 40 സെന്റ് സ്ഥലം വാങ്ങി. പുതിയ വീട് നിർമിച്ചു. ഇലഞ്ഞി സ്വദേശി ഗ്രേസമ്മയാണ് ഭാര്യ. മക്കൾ: ജോജി മാത്യു (റവന്യു വകുപ്പ്), ജ്യോതി മാത്യു (യുഎസ്). ആരോഗ്യം അനുവദിക്കുന്ന കാലം വരെ അധ്വാനിക്കും. കാരണം കൃഷിയാണ് മത്തായിക്കുഞ്ഞിന്റെ ജീവിതത്തിനു നിറം ചാർത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com