ADVERTISEMENT

മൂന്നിലവ് ∙ 16 വർഷങ്ങളായി ഈ മകൾ അപ്പനും അമ്മയും സഹോദരനും പട്ടിണി കിടക്കാതിരിക്കാനായി നടന്നു തീർത്തത് 63,000ലേറെ കിലോമീറ്ററാണ്!! കോട്ടയത്തിന്റെ മലയോര ഗ്രാമമായ പയ‍സ്മൗണ്ടിലാണ് ഓമന തോമസിന്റെ വീട്. അവിടെ നിന്നു ബസിൽ മൂന്നിലവിൽ എത്തുന്ന ഓമന കയ്യിലുള്ള വലിയ സഞ്ചിയുമായി നടന്നു തുടങ്ങും. അതിൽ ഭക്ഷണവും അവശ്യസാധനങ്ങളുമാണ്. കുത്തുകയറ്റമായി കിടക്കുന്ന വഴിയിലൂടെ നാലു കിലോമീറ്റർ നടന്നു കഴിയുമ്പോൾ വലിയ പാറക്കെട്ട്.

അവിടെ നിന്ന് ഒന്നര കിലോമീറ്റർ കാടും മേടും തോടും ഒക്കെ കടന്നാൽ ഒറ്റപ്പെട്ട ഒരു ഷെഡിനു മുൻപിൽ എത്തും. കഴിഞ്ഞയാഴ്ച മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ കല്ലുകൾ ചുറ്റും ചിതറിക്കിടക്കുന്നുണ്ട്. മൂന്നു പേരാണ് ആ ചെറിയ ഷെഡിൽ ഓമനയെ കാത്തിരിക്കുന്നത് – വെള്ളാമേൽ തോമസ് കാർലോസ്, ഭാര്യ റോസ, മകൻ സാബു തോമസ് എന്നിവർ. നന്നായി കുനിഞ്ഞു മാത്രം കയറാവുന്ന വാതിലിലൂടെ ഓമന കയറിച്ചെല്ലുമ്പോൾ സമയം രാവിലെ 9.30. 93 വയസ്സുള്ള തോമസും മാനസിക വെല്ലുവിളി നേരിടുന്ന റോസാമ്മയും(88) അരയ്ക്കു താഴേക്കു തളർന്നു പോയ സാബുവും (51) ഓരോ കട്ടിലുകളിൽ കിടക്കുന്നു. സാബുവും മാനസിക വെല്ലുവിളി നേരിടുന്നയാളാണ്.

  ഇതും ‘ലൈഫ്’  !! തോമസ് കാർലോസ്, ഭാര്യ റോസ, മകൻ സാബു തോമസ് എന്നിവർ മൂന്നിലവ് അഞ്ചുമലയിലെ വെള്ളാമേൽ വീട്ടിൽ. തോമസിന്റെ മകൾ ഒാമനയാണു മുറിയിലെ അടുപ്പിൽ ഭക്ഷണം പാകം ചെയ്യുന്നത്.        			ചിത്രം: മനോരമ
ഇതും ‘ലൈഫ്’ !! തോമസ് കാർലോസ്, ഭാര്യ റോസ, മകൻ സാബു തോമസ് എന്നിവർ മൂന്നിലവ് അഞ്ചുമലയിലെ വെള്ളാമേൽ വീട്ടിൽ. തോമസിന്റെ മകൾ ഒാമനയാണു മുറിയിലെ അടുപ്പിൽ ഭക്ഷണം പാകം ചെയ്യുന്നത്. ചിത്രം: മനോരമ

വൈദ്യുതി ഇല്ലാത്ത ഷെഡിൽ ഇരുട്ടാണ്. കട്ടിലുകളുടെ ഇടയിലെ ഇത്തിരി സ്ഥലത്ത് അടുപ്പു കൂട്ടി തീ കത്തിച്ചിരിക്കുന്നു. അന്ത്യശ്വാസം വലിക്കും പോലെ എരിഞ്ഞു കത്തുന്ന അടുപ്പിലെ തീ. ഓമന വന്നതു കണ്ടപ്പോൾ തന്നെ പ്രതീക്ഷയുടെ തിരിനാളം കണ്ട സന്തോഷം അവിടെ പടർന്നു, ഭക്ഷണവുമായാണു മകളുടെ വരവ്.

ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിനെപ്പറ്റി തോമസ് പറഞ്ഞു. ആദ്യ പടിയായി ലഭിച്ച പണം കൊണ്ട് സ്ഥലം വാങ്ങി. അതിനു ശേഷമാണ് മൂന്നിലവ് പഞ്ചായത്തിൽ ലൈഫ് പദ്ധതി തട്ടിപ്പ് നടന്നത്.  ‘ഓരോ നിമിഷവും മരണഭയത്താലാണു ജീവിക്കുന്നത്. വീട്ടിലെ ജോലികൾ തീർത്തു വൈകുന്നേരം ഓമന ഇറങ്ങും. ഇരുട്ടും മുൻപു വീട്ടിൽ തിരിച്ചെത്തണം. ഭർത്താവിന്റെ പേരും തോമസ് എന്നാണ്. അദ്ദേഹം കാത്തിരിക്കും. ഓമന ഇറങ്ങിയതോടെ മൂന്നു ജീവിതങ്ങൾ ചെറിയ കട്ടിലിലേക്കു ചുരുണ്ടു കൂടുന്നു. ഇരുൾ മൂടിയ ഷെഡിൽ പ്രതീക്ഷ പോലും യാത്ര പറഞ്ഞു പോയ പോലെ... 

ഓമന തോമസിന് സഹായങ്ങൾ എത്തിക്കാം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

Omana Thomas
SBI Melukavumattom
A/c num. 67235692383
IFSC: SBIN0070138

വിലാസം
Omana Thomas
Vellamal house
Anjumala
Erumapra mattom p.o
Ph: 9961693351

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com