ADVERTISEMENT

തലയോലപ്പറമ്പ് ∙ 8 പേർക്ക് തെരുവുനായയുടെ കടിയേറ്റു. നായയ്ക്ക് പേവിഷ ബാധയുണ്ടെന്ന സംശയമുയർന്നതോടെ ആളുകൾ ഭീതിയിലാണ്. റോഡിലൂടെ പാഞ്ഞ നായ വാഹനം ഇടിച്ച് ചത്തു. ഇന്നലെ രാവിലെ എട്ടോടെയാണ് തലയോലപ്പറമ്പിലെ വിവിധ പ്രദേശങ്ങളിൽ നായയുടെ ആക്രമണം. ടൗണിൽ അടക്കം വിവിധ പ്രദേശങ്ങളിലൂടെ നായ ഓടുകയായിരുന്നു. ഇതിനിടെയാണ് നാട്ടുകാർക്കു കടിയേറ്റത്.  ഒട്ടേറെ വളർത്തു നായ്ക്കളെയും മറ്റു മൃഗങ്ങളെയും കടിച്ചിട്ടുണ്ട്. 2 മണിക്കൂറിനു ശേഷം കോലത്താർ ഭാഗത്താണ് നായ വാഹനം ഇടിച്ചുചത്തത്.

ഏറ്റുമാനൂർ  സ്റ്റേഷനിലെ എസ്ഐ തലയോലപ്പറമ്പ് പുലിയിരിക്കും തടത്തിൽ മാത്യു പി.പോൾ(55), വാളവേലിൽ രവീന്ദ്രൻ, പുത്തൻ പുരയിൽ തങ്കച്ചൻ, കോലേഴത്ത് ദിവ്യ(32), കുഴിയം തടത്തിൽ അജി, തയ്യിൽ ആനന്ദ്, ആഷിഷ് നിവാസിൽ രവീന്ദ്രൻ, രാജേശ്വരി ഭവനിൽ പാർവതി എന്നിവർക്കാണ് കടിയേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെരുവുനായ്ക്കളെ കൊല്ലാൻ നിയമം അനുവദിക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങൾ മുൻകയ്യെടുത്ത് പ്രതിരോധ കുത്തിവയ്പ്, വന്ധ്യംകരണം തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കണം. ഇതിനു സർക്കാരിന്റെ ഭാഗത്തു നിന്നു സഹായം ഉറപ്പാക്കാൻ നടപടി സ്വീകരിക്കും.

പേ വിഷ ബാധ സംശയിച്ചതോടെ നായയുടെ ജ‍ഡം പഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരുവല്ലയിലെ വൈറോളജി ലാബിലേക്ക് കൊണ്ടുപോയി. ഇന്നു ഫലം കിട്ടുമെന്ന് അധികൃതർ പറഞ്ഞു. നായ റോഡിലൂടെ പരക്കം പാഞ്ഞതോടെ ജനങ്ങൾ  ഭീതിയിലായി. പഞ്ചായത്തംഗങ്ങളും പൊലീസും സ്ഥലത്തെത്തിയിരുന്നു.

പഞ്ചായത്തിലെ  നായ്ക്കൾക്കു പ്രതിരോധ കുത്തിവയ്പ് എടുക്കുമെന്നും ഇന്നലെ പരുക്കേറ്റവരുടെ ചികിത്സച്ചെലവ് പഞ്ചായത്ത് വഹിക്കുമെന്നും പ്രസിഡന്റ് എൻ.ഷാജിമോൾ, വൈസ് പ്രസിഡന്റ് എ.എം.അനി എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com