ADVERTISEMENT

തലയോലപ്പറമ്പ് ∙ തലയോലപ്പറമ്പിലെ വിവിധ പ്രദേശങ്ങളിൽ 8 പേരെയും ഒട്ടേറെ വളർത്തുമൃഗങ്ങളെയും കടിച്ച തെരുവു നായയ്ക്കു പേ വിഷബാധ സ്ഥിരീകരിച്ചു. വാഹനമിടിച്ച് ചത്ത നായയുടെ സാംപിൾ തിരുവല്ലയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസിസ് ലബോറട്ടറിയിൽ പരിശോധിച്ചിരുന്നു. അതിതീവ്ര പേ വിഷ ബാധ കണ്ടെത്തിയതായി പരിശോധനാ സംഘം അറിയിച്ചെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു. തലയോലപ്പറമ്പിൽ  തെരുവുനായ്ക്കൾക്കു പ്രതിരോധ കുത്തിവയ്പ് നൽകിത്തുടങ്ങി. ഇന്നലെ 100 നായ്ക്കൾക്ക്  കുത്തിവയ്പ് നൽകി. വളർത്തുനായ്ക്കൾക്കും കുത്തിവയ്പ് നൽകുന്നുണ്ട്. കടിയേറ്റ വളർത്തു നായ്ക്കൾ പ്രത്യേകം നിരീക്ഷണത്തിലാണ്.

തലയോലപ്പറമ്പിൽ പ്രതിരോധ കുത്തിവയ്പ് എടുക്കാനായി നായയെ വല വീശി പിടിക്കുന്നു.

വൈക്കത്തെ വിറപ്പിച്ച് തെരുവുനായ്ക്കൾ

ആളുകളെ കടിച്ച തെരുവു നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിക്കുന്നത് 2 മാസത്തിനിടെ മൂന്നാം തവണ. കഴിഞ്ഞ മാസം 22ന് വൈക്കം നഗരസഭ പരിധിയിൽ 5 പേരെയും 30ന് വെച്ചൂർ പഞ്ചായത്തിൽ 2 പേരെയും കടിച്ച നായ്ക്കൾക്കു പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. ഇതു രണ്ടും ചത്തു. ഈ നായ്ക്കൾ ഒട്ടേറെ വളർത്തുമൃഗങ്ങളെയും പേപ്പട്ടി കടിച്ചിരുന്നു. വെച്ചൂർ പഞ്ചായത്തിൽ നായയുടെ കടിയേറ്റ പശു ചത്തിരുന്നു. തലയാഴം പഞ്ചായത്തിൽ താറാവുകൾ, 2 ആട് എന്നിവയും ചത്തു.

1. തലയോലപ്പറമ്പിൽ പേവിഷബാധയുള്ള തെരുവ് നായയുടെ ആക്രമണം ഉണ്ടായതിനെത്തുടർന്ന് പ്രതിരോധ കുത്തിവയ്പ് എടുക്കാനായി പ്രദേശത്തെ നായ്ക്കളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വീടിനുള്ളിലേക്ക് ഓടിക്കയറിയ നായയെ എബിസി ഏജൻസി ഉദ്യോഗസ്ഥൻ പിടികൂടി കുത്തിവയ്ക്കുന്നു. ചിത്രം: മനോരമ 2. പേവിഷബാധയുള്ള തെരുവ് നായയുടെ അക്രമം ഉണ്ടായതിനെത്തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ എബിസി ഏജൻസി ഉദ്യോഗസ്ഥൻ നായ്ക്കളെ പിടികൂടി കുത്തിവയ്ക്കുന്നു.

കഴിഞ്ഞ ദിവസം തലയോലപ്പറമ്പിൽ  തെരുവു നായ് ആക്രമണത്തിൽ പരുക്കേറ്റവർ പറയുന്നു;

പി.വി.തങ്കച്ചൻ

കടിയേറ്റത് മുഖത്ത്

സാധാരണ പോലെ പണിക്ക് പോകാൻ ഇറങ്ങിയതാണ്. ബസ് സ്റ്റാൻഡിലേക്ക് നടക്കുന്നതിനിടെ പാഞ്ഞെത്തിയ നായ ഒപ്പമുണ്ടായ സുഹൃത്ത് വിശ്രുതന്റെ മുണ്ടിൽ കടിച്ചു. സുഹൃത്തിനെ രക്ഷിക്കാനായി ഞാൻ മുന്നോട്ടുനീങ്ങിയതോടെ നായ പിന്നാക്കം പോയി. പിന്നെ നെഞ്ചിലേക്കു എടുത്തു ചാടി മുഖത്ത് ആക്രമിച്ചു. സുഹൃത്ത് കുഞ്ഞുമോൻ തൂമ്പയുമായി ഓടിവന്ന് നായയെ തട്ടി മാറ്റിയപ്പോഴാണ് മുഖത്തു നിന്നു പിടിവിട്ടത്. -പി.വി.തങ്കച്ചൻ, പുത്തൻപുരയിൽ

ദിവ്യ ബിനു

കാൽ അനക്കാനാവുന്നില്ല

18ന് രാവിലെ 8.50ന് ക്ഷേത്ര ദർശനത്തിന് പോയി മടങ്ങുകയായിരുന്നു. മുൻപേ പോയ മകൾ ശ്രീലക്ഷ്മി  നായ പാഞ്ഞു വരുന്നതായി ഉറക്കെ പറഞ്ഞു. ഉടൻ മകൻ ശ്രീഹരി  നായയെ തട്ടി മാറ്റിയിട്ടും  എന്റെ കാലിൽ കടിക്കുകയായിരുന്നു. ഉടനെ തൊട്ടടുത്തുള്ള വീട്ടിൽ നിന്ന് സോപ്പ് ഉപയോഗിച്ച് കഴുകി. ഇപ്പോൾ കാൽ അനക്കാൻ പോലും പറ്റുന്നില്ല. -ദിവ്യ ബിനു,കോലേഴത്ത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com