ADVERTISEMENT

പള്ളിക്കത്തോട് ∙ ആലപ്പുഴ എംപയർ കയർ  വർക്സിൽ ജോലി ചെയ്തിരുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അരവിന്ദ വിദ്യാ മന്ദിരത്തിലേക്കു കടന്നുവരാം. കാൽ നൂറ്റാണ്ടു മുൻപ് നിങ്ങൾ  ജോലി ചെയ്ത പ്രസ്ഥാനം ഇതാ ഇവിടെ അതേപടി തലയെടുപ്പിൽ നിൽക്കുന്നു. ഒരു നിലയിലായി കാൽ നൂറ്റാണ്ടു കാലം നിന്ന ഈ കെട്ടിടം വീണ്ടും ഉയർത്തുകയാണ് അരവിന്ദ ഇപ്പോൾ. മേൽക്കൂര താഴെ ഇറക്കാതെ നടത്തുന്ന നി‍ർമാണ പ്രവർത്തനം  ആരിലും വിസ്മയം തീർക്കും. തൊഴിലാളി സമരം മൂലം 1996 ൽ നിന്നു പോയ കയർ ഫാക്ടറിയാണ് എംപയർ കയർ വർക്സ്.

പള്ളിക്കത്തോട് അരവിന്ദ വിദ്യാ മന്ദിരത്തിന്റെ പഴയ കെട്ടിടം മേൽക്കൂര അതേപടി നിലനിർത്തി ഉയർത്തുന്ന ജോലി പുരോഗമിക്കുന്നു.

തടിപ്പണികളുടെ മനോഹാരിത ചാർത്തിയ 10 കെട്ടിടങ്ങൾ ആയിരുന്നു ഫാക്ടറിക്ക് ഉള്ളത്. ഇതിൽ 12,000 ഓടുകൾ മേൽക്കൂര ചാർത്തിയിരുന്ന ഒരു കെട്ടിടം അരവിന്ദ വിദ്യാമന്ദിരം 1996 ൽ പുതിയ സ്കൂൾ നിർമിക്കാൻ സ്വന്തമാക്കി. കൂറ്റൻ ഉത്തരങ്ങളും, കഴുക്കോലും ഉള്ള കെട്ടിടം നാട്ടിലെ വിദഗ്ധ തടിപ്പണിക്കാരെ ഉപയോഗിച്ച്  അഴിച്ച് എടുത്ത ശേഷം അതേപടിയാണ് പുനഃസ്ഥാപിച്ചത്. ഫാക്ടറിക്ക് വരാന്ത, മുഖപ്പ് എന്നിവ നൽകി മുഖം മിനുക്കി.

അത്യപൂർവമായ മേൽ കൂട് ഘടനയുള്ള ഫാക്ടറി ആയിരുന്നു ഇതെന്ന്  അരവിന്ദ ചാരിറ്റബിൾ സൊസൈറ്റി ജോ.സെക്രട്ടറിയും നിർമാണ ചുമതലകൾക്കു നേതൃത്വം വഹിക്കുകയും ചെയ്യുന്ന എ‍ൻജിനീയറുമായ ബി.അജിത് പറഞ്ഞു. ഫാക്ടറി ഇരുന്ന അതേ പോലെ തന്നെ ഓരോന്നും അതേ സ്ഥാനത്തു പിടിപ്പിച്ച് ഓട് ഇട്ടാണ് ആദ്യം കെട്ടിടം പൂർത്തിയാക്കിയത്. കെട്ടിടം നിർമിക്കാൻ തറക്കില്ല് ഇട്ടത് ഭാസ്കര റാവു ആയിരുന്നു. 

ഇനി രണ്ടു നില 

നിലവിൽ ഒന്നേകാൽ ലക്ഷം ചതുരശ്രയടി കെട്ടിടങ്ങൾ ഉള്ള സ്കൂളിനു പുതിയ  കെട്ടിടം  ആവശ്യമായി വന്നതോടെ ഈ കെട്ടിടത്തിന്റെ സ്ഥാനത്ത് മറ്റൊരു ബഹുനില മന്ദിരം നിർമിക്കുന്നത് ആലോചിച്ചു. പക്ഷേ പഴമയുടെ പ്രൗഢി നില നിൽക്കുന്ന കെട്ടിടം പൊളിച്ചു മാറ്റാൻ ആർക്കും മനസ്സ് വന്നില്ല. അതോടെയാണ് ഈ സ്കൂൾ ഉയർത്തി 2 നിലയാക്കാമെന്നു തീരുമാനിച്ചത്. എൻജിനീയർ ബി.അജിത്തിന്റെ മക്കളും ആർക്കിടെക്ടുമാരുമായ ഗോപികയും ശിവ നന്ദനും കൂടി കെട്ടിടം അതേപടി ഉയർത്തി നിർമിക്കാൻ പുതിയ രൂപഭംഗി തയാറാക്കി. 

ഇതോടെ മേൽക്കൂര ഉയർത്തുന്ന പ്രവർത്തനങ്ങൾക്കു തുടക്കമായി. മേൽക്കൂര  താങ്ങിനിർത്താൻ കോയമ്പത്തൂരിൽ നിന്നു ജാക്കികൾ എത്തിച്ച ശേഷം ചെറിയ രീതിയിൽ ഉയർത്തി തുടങ്ങി. ഇതനുസരിച്ചു കട്ടകൾ കെട്ടിയാണു മേൽക്കൂര ഉയർത്തുന്നത്. 12,000 ഓടുകൾ ഉള്ള കെട്ടിടത്തിൽ ഒരു ഓട് പോലും പൊട്ടി പോകാതെ സൂക്ഷ്മതയോടെ  കെട്ടിടം ഉയർത്തുന്ന ജോലികൾ  പുരോഗമിക്കുന്നത്.  4,000 ചതുരശ്രയടി  സൗകര്യം കെട്ടിടം ഉയരുമ്പോൾ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com