ADVERTISEMENT

ചങ്ങനാശേരി ∙ ‘നീതിപൂർവവും രാഷ്ട്രീയാതീതവുമായ, യോഗ്യത മാനദണ്ഡമാക്കിയുള്ള നിയമനം സർവകലാശാലകളിൽ  നടക്കണം.’  കേരളത്തിലെ സർവകലാശാലകളിലെ അധ്യാപക നിയമന ചർച്ചകളുടെ കേന്ദ്രബിന്ദുവായി മാറിയ ചങ്ങനാശേരി തുരുത്തി സ്വദേശി ഡോ.ജോസഫ് സ്കറിയയ്ക്ക് വിവാദങ്ങളെക്കുറിച്ച് പറയാനുള്ളത് ഇതാണ്. പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് തസ്തികയിൽ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ ഗവർണർക്കു പരാതി നൽകിയത് ഡോ. ജോസഫ് സ്കറിയയാണ്.

ഡോ. ജോസഫിനെ കാലിക്കറ്റ് സർവകലാശാലയിൽ മലയാളം വിഭാഗത്തിൽ പ്രഫസറായി നിയമിക്കാനുള്ള തീരുമാനം സിൻഡിക്കറ്റിലെ ഇടതു പ്രതിനിധികളുടെ എതിർപ്പിനെത്തുടർന്ന് കഴിഞ്ഞ ദിവസം നടപ്പായതുമില്ല. 25 വർഷത്തിലേറെയായി അധ്യാപന രംഗത്തുള്ള ജോസഫ് സ്കറിയ 14 വർഷമായി ചങ്ങനാശേരി എസ്ബി കോളജിൽ മലയാളം അധ്യാപകനാണ്. ഇപ്പോൾ വകുപ്പ് മേധാവി. 6 ഗ്രന്ഥങ്ങൾ രചിച്ചു.

മലബാർ ചരിത്രരേഖകളുമായി ബന്ധപ്പെട്ട ഭാഷാപഠനത്തിലാണ് പിഎച്ച്ഡി. ഭാഷാപഠനത്തിനുള്ള 2010ലെ കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. 9 വിദ്യാർഥികളുടെ പിഎച്ച്ഡി ഗൈഡാണ്.  ഇടത് അനുകൂല അധ്യാപക സംഘടനയിലെ അംഗം കൂടിയായ ഡോ.ജോസഫ് സ്കറിയ സംസാരിക്കുന്നു.

കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകളിലേക്ക് അപേക്ഷിച്ചതിന്റെ കാരണം ?

മലബാർ ചരിത്ര രേഖകളുമായി ബന്ധപ്പെട്ട ഭാഷാപഠനത്തിലാണ് പിഎച്ച്ഡി. ഈ വിഷയത്തിൽ കുടുതൽ ഗവേഷണം ലക്ഷ്യമിട്ടാണ് കണ്ണൂർ സർവകലാശാലയിൽ അധ്യാപക നിയമനത്തിന് അപേക്ഷിച്ചത്. കാലിക്കറ്റ് സർവകലാശാലയിലെ പ്രഫസർ തസ്തികയിലേക്ക് അപേക്ഷിച്ചതും ഇതു കാരണമാണ്. സർവകലാശാലകളിൽ അധ്യാപകനത്തോടൊപ്പം ഗവേഷണവും ഉണ്ട്. മാനന്തവാടിയിൽ 7 വർഷം ഹയർ സെക്കൻഡറി അധ്യാപകനായിരുന്നിട്ടുണ്ട്. 

ഗവർണർക്ക് പരാതി നൽകിയ സാഹചര്യം

കണ്ണൂർ സർവകലാശാലയിൽ അക്കാദമിക് സ്കോർ പരിശോധിക്കുമ്പോൾ ഏറെ മുൻപിലായിരുന്നു ഞാൻ. ജനുവരി 19, 20 തീയതികളിലാണ് കാലിക്കറ്റ് സർവകലാശാലയിൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ തസ്തികകളിലേക്ക് ഇന്റർവ്യൂ നടന്നത്. ഇവിടെയും റാങ്ക് പട്ടികയിൽ ആദ്യം എത്തി. മാർച്ച് അഞ്ചിന് സിൻഡിക്കറ്റ് യോഗത്തിൽ ഈ തീരുമാനം അംഗീകരിക്കേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല.  മൂന്നു തസ്തികകളിലേക്കും റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും ഒന്നും ലഭിക്കാത്ത അവസ്ഥയിലാണ്.

റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിയ ആൾക്ക് മതിയായ  യോഗ്യതകൾ ഇല്ലെന്നും അക്കാദമിക് സ്കോർ പരിശോധിക്കുമ്പോൾ ഉയർന്ന മാർക്ക് ലഭിച്ച എനിക്ക് നിയമനം നൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കണമെന്നും ആവശ്യപ്പെട്ട് ഈ മാസം നാലിനാണ് ഗവർണർക്കും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കും കത്ത് അയച്ചത്. മറുപടി ലഭിച്ചില്ലെങ്കിലും ഗവർണർ വിഷയത്തിൽ ഇടപെടുന്നു വെന്നാണ് തുടർന്നുള്ള നീക്കങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. മറ്റു പലരും ഇത്തരത്തിൽ പരാതി അയച്ചിട്ടുണ്ട്.

ബാഹ്യ ഇടപെടൽ ഉണ്ടോ ?

എന്റെ കാര്യത്തിൽ ആരെയും ഇടപെടുത്തിയിട്ടില്ല. നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാനുള്ളത് എന്റെ തീരുമാനമാണ്. ഇതു ജനം ഏറ്റെടുത്ത വിഷയമാണ്. ഞാൻ നിശ്ശബ്ദനായിരിക്കാൻ പാടില്ല.  നിരാശയില്ല. അർഹതയെ അംഗീകരിക്കാത്തതിൽ സങ്കടമുണ്ട്. ഒട്ടേറെ പേർ പിന്തുണ അറിയിച്ചിരുന്നു.  അധ്യാപകരും  പിന്തുണ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com