ADVERTISEMENT

സർക്കാർ ജോലി സ്വപ്നം കാണുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നു. സർക്കാർ ജോലിക്കായി മുട്ടിലിഴഞ്ഞു സമരം ചെയ്യേണ്ട ഗതികേടിൽ വരെ ഉദ്യോഗാർഥികൾ എത്തിയതും കേരളം കണ്ടു. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയാലും നിയമനം ലഭിക്കാൻ നീണ്ട കാത്തിരിപ്പ്. പരീക്ഷയെഴുതി കാത്തിരിക്കുന്നവർ ഒരേ സ്വരത്തിൽ ചോദിക്കുന്നു– എന്നു കിട്ടും സർക്കാർ ജോലി?  

എൽജിഎസ്: പ്രതീക്ഷയോടെ ഉദ്യോഗാർഥികൾ

2022 ജൂലൈയിലാണ് പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽജിഎസ്) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഇതുവരെ 65 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ നിയമന നടപടി തുടങ്ങിയിട്ടില്ല. 432 ഉദ്യോഗാർഥികൾ മെയിൻ പട്ടികയിലും 400 ഉദ്യോഗാർഥികൾ സപ്ലിമെന്ററി പട്ടികയിലും ഉണ്ട്. 2018 ലെ പട്ടികയിൽ 435 പേർക്ക് അഡ്വൈസ് മെമ്മോ അയച്ചിരുന്നു. ഓപ്പൺ കാറ്റഗറിയിൽത്തന്നെ 375 ഒഴിവുകൾ വന്നിരുന്നു. ഇതിൽ ഉൾപ്പെട്ട ഒരു ഉദ്യോഗാർഥി കോടതിയെ സമീപിച്ചതിനെത്തുടർന്ന് ഇത്തവണത്തെ നിയമനത്തിൽ ഈ ഉദ്യോഗാർഥിയെക്കൂടി പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

പട്ടികയിൽ ഉൾപ്പെട്ട 350 ഉദ്യോഗാർഥികൾ ചേർന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ രൂപീകരിച്ച് ഓരോ ഓഫിസുകളിലെയും ഒഴിവുകൾ സംബന്ധിച്ച് 500ൽപരം വിവരാവകാശ അപേക്ഷകൾ സമർപ്പിച്ചു.  ഇതു മൂലമാണ് പല ഓഫിസുകളും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ തയാറാകുന്നത്. ചില ഓഫിസുകളിലെ ഒഴിവുകൾ കാലഹരണപ്പെട്ടത് എന്നു കാണിച്ച് മറ്റ് ഓഫിസുകളിലേക്കു മാറ്റുന്ന പ്രവണതകളും ഉണ്ടെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

എൽഡിസി : ഉദ്യോഗാർഥികൾ കാത്തിരിക്കുന്നു

10–ാം ക്ലാസ് അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്ന ലോവർ ഡിവിഷൻ ക്ലാർക്ക് 2021 ഫെബ്രുവരി, മാർച്ച് പ്രിലിമിനറി പരീക്ഷയും നവംബറിലെ മെയിൻ പരീക്ഷയും നടന്നതിന്റെ ഫലം കഴിഞ്ഞ മൂന്നിനാണു വന്നത്. ഏറെ പ്രതീക്ഷയോടെയാണ് ഉദ്യോഗാർഥികൾ‌ ഈ പരീക്ഷയെ കാണുന്നത്. കോട്ടയം കൊല്ലാട് സ്വദേശി അതുൽ ബി.ഉണ്ണിക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്.1,700 ഉദ്യോഗാർഥികൾ മെയിൻ പട്ടികയിലും സപ്ലിമെന്ററി പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്. ഇതുവരെ 91 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2018–21 വർഷം 860 ഉദ്യോഗാർഥികൾക്കാണ് അഡ്വൈസ് മെമ്മോ അയച്ചത്. 2021ൽ എൽഡിസി റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതോടെ ഒരു വർഷം പട്ടിക ഇല്ലാത്ത സ്ഥിതിയും ഉണ്ടായി.

സ്റ്റാഫ് നഴ്സ്: നിയമനം ഇഴഞ്ഞിഴഞ്ഞ്

സ്റ്റാഫ്‌ നഴ്സ് (ഗ്രേഡ് -2) ജില്ലാതല റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതോടെ റാങ്ക് ലിസ്റ്റിലെ നൂറുകണക്കിന് ഉദ്യോഗാർഥികൾ ആശങ്കയിൽ. ആരോഗ്യവകുപ്പിലെ സ്റ്റാഫ്‌ നഴ്സ് റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് 11 മാസത്തിനുള്ളിൽ വളരെ കുറച്ചു നിയമനങ്ങൾ മാത്രമാണ് ഇടുക്കി, കോട്ടയം ജില്ലകളിൽ ഇതുവരെ നടന്നത്. പിഎസ്‌സി റാങ്ക് പട്ടികയെ നോക്കുകുത്തിയാക്കി താൽക്കാലിക നിയമനങ്ങൾ നടന്നു വരുന്നു. പല ആശുപത്രികളിൽ നിന്നും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.

താങ്ങായി, തണലായി രണ്ടു ലൈബ്രറികൾ

നാട്ടിലെ യുവാക്കളെ സർക്കാർ ജോലിക്കുള്ള പരീക്ഷകളിൽ പ്രാപ്തരാക്കുകയാണ് നാട്ടിൻപുറത്തെ ഇൗ 2 ലൈബ്രറികൾ. ഇവരുടെ സേവനം തികച്ചും സൗജന്യമാണ്.

പനമറ്റത്ത് നിശാ പാഠശാല

ഉദ്യോഗാർഥികൾക്ക് പരീക്ഷകളിൽ തയാറെടുക്കാൻ സൗജന്യ പരിശീലനവുമായി പനമറ്റം ദേശീയ വായനശാല. 10 വർഷമായി നാട്ടിലെ ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുന്നു. 2020 ലാണ് നിശാ പാഠശാല ആരംഭിച്ചത്. രാത്രി 7 മുതൽ 10 വരെയാണ് പരിശീലന സമയം. ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥനും നാട്ടുകാരനും കൂടിയായ ജയശങ്കർ ചെട്ടിയാരുടെ നേതൃത്വത്തിലാണ് വായനശാലയിലെ പാഠശാലയുടെ പ്രവർത്തനം. 15 കുട്ടികൾക്ക് നിലവിൽ പരിശീലനം നൽകുന്നുണ്ട്.

കോച്ചിങ് പരിശീലന സെന്ററുകളിൽ ജോലി ചെയ്യുന്നവരും പരിശീലനം ലഭിച്ച് ജോലി ലഭിച്ചവരുമാണ് ക്ലാസ് നയിക്കുന്നത്. പരിശീലന കേന്ദ്രങ്ങളിൽ ക്ലാസ് എടുക്കുന്നവരുടെ സേവനവും ലഭിക്കുന്നുണ്ട്. നിലവിൽ 5 പേർ ക്ലാസ് എടുക്കുന്നുണ്ട്. വായനശാല ഹാളിലാണ് പരിശീലനം. കുട്ടികൾക്ക് റഫറൻസിനുള്ള പുസ്തകങ്ങളും വായനശാലയിൽ ലഭ്യമാണ്. പരിശീലനത്തിന്റെ ഭാഗമായി മോഡൽ പരീക്ഷകളും നടത്തുന്നുണ്ട്.

കോവിഡ് കാലത്ത് ഓൺലൈനായി ക്ലാസ് നടത്തിയിരുന്നു. നാട്ടിലെ സാംസ്കാരിക – വിദ്യാഭ്യാസ – സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായ, വായനശാലയുടെ അമരക്കാരായ പ്രസിഡന്റ് കെ.ഷിബു, സെക്രട്ടറി എസ്.രാജീവൻ എന്നിവർ നിശാ പാഠശാലയുടെ പ്രവർത്തനങ്ങളിൽ ഉദ്യോഗാർഥികൾക്കു കൈത്താങ്ങായി ഒപ്പമുണ്ട്.

വെള്ളാവൂരിൽ ‘ദിശ’

ഞങ്ങളുടെ നാട്ടിലും വേണം സർക്കാർ ജോലിക്കാർ’– നാട്ടിലെ ഉദ്യോഗാർഥികൾക്കു ജോലി നേടാൻ 3 വർഷം മുൻപ് പരിശീലനം ആരംഭിച്ചത് ഇൗ ലക്ഷ്യത്തോടെയാണെന്നു വെള്ളാവൂർ ഗ്രാമദീപം ഗ്രന്ഥശാല പ്രസിഡന്റ് ശ്രീജിത്ത് വെള്ളാവൂർ പറയുന്നു. ഉദ്യോഗാർഥികൾ വായനശാലയിൽ ഒത്തുകൂടി ചർച്ചകളിലൂടെയാണ് ആദ്യം പഠനം നടത്തിയിരുന്നത്. പിന്നീട് ‘ദിശ’ എന്ന പേരിൽ പരിശീലന കേന്ദ്രമാക്കി. വിദഗ്ധരായ പരിശീലകരെ ഫീസ് നൽകിയാണ് വായനശാലയിൽ എത്തിക്കുന്നത്.

കോവിഡ് കാലത്ത് നിർത്തിയ പദ്ധതി വീണ്ടും ആരംഭിച്ചു. ബിആർസിയുടെ സഹകരണത്തോടെ കരിയർ ഗൈഡൻസ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. ജില്ലാ ലൈബ്രറി കൗൺസിൽ അംഗവും വായനശാല സെക്രട്ടറിയുമായ എം.ആർ.രവീന്ദ്രനാഥാണു പരിശീലന പരിപാടിക്കു ചുക്കാൻ പിടിക്കുന്നത്.  അവധി ദിവസങ്ങളിൽ രാവിലെ 10 മുതൽ 12 വരെയാണ് ക്ലാസ് നടത്തുന്നത്. ശരാശരി 12ന് മുകളിൽ ഉദ്യോഗാർഥികൾ ക്ലാസിൽ പങ്കെടുക്കുന്നുണ്ട്. വായനശാല ഹാളിലാണ് പരിശീലനം.

പിഎസ്‌സി പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ പ്രതിസന്ധിയുടെ മണി മുഴങ്ങുന്നു 

സർക്കാർ ജോലി നേടിയെടുക്കാൻ യുവാക്കൾ കൂട്ടത്തോടെ എത്തിയിരുന്ന പിഎസ്‌സി പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ ഇന്ന് പ്രതിസന്ധിയിലാണ്. കോവിഡും പ്രളയവുമെല്ലാം തീർത്ത പ്രതിസന്ധികൾക്കൊപ്പം പിഎസ്‌സിയിൽ നടപ്പാക്കിയ പരിഷ്‌കരണങ്ങളും പരീക്ഷാ പരിശീലനത്തിന് എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടാക്കിയത്. പ്രാഥമിക പരീക്ഷയും പ്രധാന പരീക്ഷയുമായി 2 ഘട്ട പരീക്ഷ നടത്താൻ പിഎസ്‌സി തീരുമാനിച്ചത് പരിശീലന കേന്ദ്രങ്ങൾക്കു വൻ തിരിച്ചടിയാണ് സമ്മാനിച്ചത്.

ഉദ്യോഗാർഥികളെ പരിശീലിപ്പിക്കാൻ കൂടുതൽ സമയവും ചെലവും വേണ്ടിവരുന്നു. എന്നാൽ, കോവിഡ് അടക്കമുള്ള പ്രശ്‌നങ്ങൾ കാരണം ഫീസ് വർധിപ്പിക്കാനുമാകുന്നില്ല. കോവിഡ് മൂലം 2 വർഷത്തോളം പരിശീലന കേന്ദ്രങ്ങൾ അടഞ്ഞുകിടന്നതിനാൽ പല സ്ഥാപന ഉടമകൾക്കും വാടകക്കെട്ടിടത്തിനു നൽകിയിരുന്ന സെക്യൂരിറ്റി തുക ഉൾപ്പെടെ നഷ്ടമായി. ചില സ്ഥാപനങ്ങൾ ഇനിയും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ല.

പുനരാരംഭിച്ചവയിലേക്ക് ഉദ്യോഗാർഥികൾ പരിശീലനത്തിന് എത്തുന്നതു കുറവായതിനാൽ ക്ലാസ് മുറികളുടെയും മറ്റും എണ്ണം കുറച്ചു. ലാഭകരമായി പരിശീലന കേന്ദ്രങ്ങൾ നടത്താൻ കഴിയുന്നില്ലെന്നാണ് ഭൂരിഭാഗം സ്ഥാപന ഉടമകളുടെയും നിലപാട്. പിഎസ്‌സി പരീക്ഷാ പരിശീലനത്തിനു മാത്രമായി സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകാൻ കഴിയുന്നില്ല. അതിനാൽ സേന ഉൾപ്പെടെയുള്ളവയ്ക്ക് പരിശീലനം നൽകാനുള്ള ശ്രമത്തിലാണ് പല സ്ഥാപനങ്ങളും.

സർക്കാർ സർവീസിൽ പങ്കാളിത്ത പെൻഷൻ നടപ്പാക്കിയതോടെ സർക്കാർ ജോലിക്കായി ശ്രമിക്കുന്നവരുടെ എണ്ണം കുറഞ്ഞതായും വിലയിരുത്തലുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും അവയിൽ യഥാസമയം നിയമനം നടത്തുന്നതിലുമുള്ള അലംഭാവവും പല ഉദ്യോഗാർഥികളെയും മറ്റു മേഖലകളിലേക്കു തിരിയാൻ പ്രേരിപ്പിക്കുന്നു. പല റാങ്ക് പട്ടികയിലും ഉൾപ്പെട്ടവർ നിയമനം ലഭിക്കാത്ത അവസ്ഥയിലായതിനാൽ പുതുതായി ആളുകൾ പരിശീലനത്തിന് എത്താത്ത സ്ഥിതിയുമുണ്ടെന്നാണ് പരിശീലന സ്ഥാപന ഉടമകളുടെ പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com