ADVERTISEMENT

കുമരകം ∙ മുത്തേരിമടയിൽ ആവേശത്തിരയോളം തീർത്ത് 5 ചുണ്ടൻ വള്ളങ്ങളുടെ പ്രദർശനത്തുഴച്ചിലും ചെറു വള്ളങ്ങളുടെ മത്സരവും. ഇരുകരകളിലും തിങ്ങിനിറഞ്ഞ കാണികളുടെ നടുവിലൂടെ ചുണ്ടനും ചെറുവള്ളങ്ങളും മിന്നൽപ്പിണർ പോലെ പാഞ്ഞു. വള്ളങ്ങളിലും മോട്ടർ ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും കാണികൾ എത്തി. പ്രദർശന മത്സരത്തിൽ ആദ്യം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാട് എത്തി. തൊട്ടുപിന്നാലെ വെപ്പ് ബി ഗ്രേഡ് വള്ളങ്ങളായ അറുപറ ബോട്ട് ക്ലബ്ബിന്റെ പനയക്കഴിപ്പും ചെങ്ങളം യുകെബിസിയുടെ ഏബ്രഹാം മൂന്നുതൈക്കനും മത്സരിച്ചു. തുടർന്ന് കുമരകം ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി, കുമരകം എൻസിഡിസിയുടെ നടുഭാഗം, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ സെന്റ് പയസ് ടെൻത്, കുമരകം സമുദ്ര ബോട്ട് ക്ലബ്ബിന്റെ ജവാഹർ തായങ്കരി എന്നിവർ പങ്കെടുത്ത പ്രദർശന മത്സരം നടത്തി. പിന്നീട് ചുരുളൻ എ ഗ്രേഡ് വള്ളമായ വേലങ്ങാടൻ തുഴഞ്ഞു. ബി ഗ്രേഡ് വെപ്പിൽ വിജയിയായ പനയക്കഴിപ്പും കുമരകം യുവശക്തി ബോട്ട് ക്ലബ്ബിന്റെ പിജി കരിപ്പുഴയുമായി മത്സരിച്ചു.

പിജി കരിപ്പുഴ വിജയം നേടി. തുടർന്ന് ഇരുട്ടുകുത്തി ഒന്നാം വിഭാഗത്തിലെ കുമരകം നവധാരുടെ പടക്കുതിരയും പരിപ്പ് ബോട്ട് ക്ലബ്ബിന്റെ മാമ്മൂടനും  മത്സരിച്ചപ്പോൾ വിജയം മാമ്മൂടനായിരുന്നു. തുടർന്നു വീണ്ടും ചുണ്ടൻ വള്ളങ്ങളുടെ പ്രദർശന മത്സരമായിരുന്നു. ഇരുട്ടുകുത്തി രണ്ടാം തരത്തിലെ തിരുവാർ‍പ്പ് സിബിസിയുടെ ദാനിയേൽ പ്രദർശന മത്സരത്തിൽ പങ്കെടുത്തു. നെഹ്റു ട്രോഫി മത്സര വള്ളംകളി നടക്കുന്നതിനു മുൻപുള്ള ഞായറാഴ്ച കുമരകത്തെയും സമീപ പ്രദേശത്തെയും ചുണ്ടൻ ഉൾപ്പെടെ വള്ളങ്ങൾ ഒന്നിച്ച് മുത്തേരിമടയിൽ എത്തി പരിശീലനത്തുഴച്ചിൽ നടത്താറുണ്ട്. ഇത്തവണ ഈ പരിശീലനത്തുഴച്ചിലിനൊപ്പം ചെറുവള്ളങ്ങളിൽ ചിലതിനെ ഉൾപ്പെടുത്തി കേരള വള്ളംകളി അസോസിയേഷൻ നെല്ലാനിക്കൽ പാപ്പച്ചൻ മെമ്മോറിയൽ വള്ളംകളിയായി ഇതു നടത്തുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് കൊച്ചുമോൻ അമ്പലക്കടവ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ.കെ.ഷാജു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘല ജോസഫ്, പഞ്ചായത്ത് അംഗം പി.കെ.സേതു, പി.ബി. സജി, വി.എസ്.പ്രദീപ്കുമാർ, ബോട്ട് ക്ലബ് അസോസിയേഷൻ പ്രസി‍ഡന്റ് ജയിംസ്കുട്ടി ജേക്കബ് തെക്കേച്ചിറ,സംഘാടക സമിതി കൺവീനർ കെ.ജി.ബിനു എന്നിവർ പ്രസംഗിച്ചു. കമന്റേറ്റർ ഷൈജു ദാമോദരൻ മാസ്ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഇരുട്ടുകുത്തി ഒന്നാം വിഭാഗത്തിൽ വിജയം നേടിയ മാമ്മൂടൻ വള്ളത്തിന്  ട്രോഫി സമ്മാനിച്ചു. കുമരകം ബ്രദേഴ്സ് ബോട്ട് ക്ലബ്ബിന്റെ തുരുത്തിത്തറ വള്ളംകളിക്ക് റജിസ്റ്റർ ചെയ്തില്ലെങ്കിലും പരിശീലനത്തുഴച്ചിലിന് എത്തി.

ഇനി നെഹ്റു ട്രോഫി മത്സരം

നെഹ്റു ട്രോഫി മത്സരത്തിനുള്ള പരിശീലനത്തുഴച്ചിൽ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ തുടരും. മത്സരം സെപ്റ്റംബർ നാലിനാണ്. രണ്ടു വരെ പരിശീലനത്തുഴച്ചിൽ ഉണ്ടാകും.ഇനിയുള്ള ദിവസങ്ങളിൽ കഠിന പരിശീലനമാണ് നടക്കുന്നത്. കുമരകത്തെ 5 എണ്ണം ഉൾപ്പെടെ 22 ചുണ്ടൻ, ഇരുട്ടുകുത്തി എ ഗ്രേഡ് 5, വെപ്പ് എ ഗ്രേഡ് 9, വെപ്പ് ബി 5, ഇരുട്ടുകുത്തി രണ്ടാം തരം 16, മൂന്നാം തരം13, തെക്കനോടി 6 വള്ളങ്ങൾ എന്നിവ  മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com