ADVERTISEMENT

കോട്ടയം ∙ ചിങ്ങവനം - ഏറ്റുമാനൂർ റെയിൽവേ ഇരട്ടപ്പാത ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുമ്പോൾ തൽസമയം കോട്ടയം റെയിൽവേ സ്റ്റേഷനിലും പരിപാടികൾ. നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി. കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ വൈകിട്ട് 5:45 മുതൽ ചടങ്ങുകൾ നടക്കും. പ്രധാനമന്ത്രിയുടെ പരിപാടിയുടെ തത്സമയ സംപ്രേഷണം നടത്തും. കോട്ടയം - എറണാകുളം മെമു സർവീസ് ഫ്ലാഗ് ഓഫ് ചെയ്താണു പ്രധാനമന്ത്രി പാത ഉദ്ഘാടനം ചെയ്യുന്നത്.

നാളെ മുതൽ ആരംഭിക്കുന്ന കായംകുളം - എറണാകുളം പാസഞ്ചർ റേക്കാണ് ഫ്ലാഗ്ഓഫിനായി ഉപയോഗിക്കുന്നത്. കോട്ടയം സ്റ്റേഷനിൽ തോമസ് ചാഴികാടൻ എംപി മെമു ഫ്ലാഗ്ഓഫ് ചെയ്യും. മേയ് 29നു ജോലികൾ പൂർത്തിയാക്കി ഇരട്ടപ്പാത ഗതാഗതത്തിനായി തുറന്നു നൽകിയിരുന്നു. പാസഞ്ചർ, മെമു ട്രെയിനുകൾക്കായുള്ള ഒന്ന് എ പ്ലാറ്റ് ഫോമിലെ ലൈൻ നിർമാണം മാത്രമാണു പൂർത്തിയാകാനുള്ളത്. പിറവം റോഡ്, വൈക്കം, ചങ്ങനാശേരി, ചിങ്ങവനം, കടുത്തുരുത്തി, കുറുപ്പന്തറ, ഏറ്റുമാനൂർ സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയായി. ഹാൾട്ട് സ്റ്റേഷനായ കുമാരനല്ലൂരിൽ പുതിയ പ്ലാറ്റ്ഫോം നവീകരിച്ചു.

കോട്ടയം സ്റ്റേഷനിൽ നടപ്പാക്കിയ വികസന പദ്ധതികൾ

∙ 5 പ്രധാന പ്ലാറ്റ്ഫോമുകളും ഒരു പാസഞ്ചർ / മെമു പ്ലാറ്റ്ഫോമും അടക്കം 6 പ്ലാറ്റ്ഫോമുകൾ.

∙ ഒന്നാം പ്ലാറ്റ്ഫോമിൽ പുതിയ എസി കാത്തിരിപ്പു കേന്ദ്രം. ഇതു യാത്രക്കാർക്കു തുറന്നു നൽകിയിട്ടില്ല.

∙ ശബരിമല തീർഥാടകർക്കായി സംസ്ഥാനത്തെ ഏറ്റവും വലിയ പിൽഗ്രിം സെന്റർ. 3 നിലയിൽ ശുചിമുറികൾ അടക്കമുള്ള കെട്ടിടം ഒന്നാം കവാടത്തിനു സമീപം. ഈ സീസണിൽ അയ്യപ്പ ഭക്തർക്കായി തുറക്കും.

∙ പുതിയ രണ്ട് നടപ്പാലം. നാഗമ്പടം റെയിൽവേ മേൽപാലത്തിനു സമീപത്തു നിന്നുള്ള പുതിയ പാലം തയാറായി. നിർദിഷ്ട രണ്ടാം കവാടത്തിൽ നിന്നു പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചും പാലം.

∙ സ്റ്റേഷന്റെ പ്രധാന കവാടം കേരളീയ വാസ്തുവിദ്യാ മാതൃകയിൽ നവീകരിച്ചു. ഒന്നാം പ്ലാറ്റ്ഫോമിലേക്കുള്ള എസ്കലേറ്റർ പുനഃസ്ഥാപിച്ചു.

കോട്ടയത്ത് ഇനി വരാനുള്ളത്

∙ നാഗമ്പടത്തു കോട്ടയം സ്റ്റേഷന്റെ രണ്ടാം കവാടം. എംസി റോഡിൽ നിന്നു നേരിട്ടു സ്റ്റേഷനിലേക്കു പ്രവേശന സൗകര്യം. 160 കാറുകൾക്കു പാർക്കിങ്ങിനുള്ള സൗകര്യം. ഡിസംബറിൽ പൂർത്തിയായേക്കും.

∙ രണ്ടാം കവാടത്തിൽ ടിക്കറ്റ് കൗണ്ടർ. ടിക്കറ്റ് മെഷീൻ സ്ഥാപിക്കാൻ എംപി ഫണ്ട് അനുവദിക്കാമെന്നു തോമസ് ചാഴികാടൻ റെയിൽവേയെ അറിയിച്ചിട്ടുണ്ട്.

∙ എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ചു പുതിയ മേൽപാലം. രൂപരേഖ തയാറായി.

∙ റെയിൽവേ സ്റ്റേഷന്റെ ചുറ്റുമുള്ള റോഡുകളുടെ നവീകരണം. മഴ മാറിയാൽ ഉടൻ തുടങ്ങുമെന്ന് അധികൃതർ.

∙ ഒന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റ് നിർമാണം പൂർത്തിയായില്ല. സെക്കൻഡ് ക്ലാസ് വെയ്റ്റിങ് ഹാൾ നവീകരണം നടന്നു വരുന്നു. പുതിയ വിഐപി കാത്തിരിപ്പുകേന്ദ്രവും തയാറാകുന്നുണ്ട്.

യാത്രക്കാരുടെ ആവശ്യം

∙ 4,5 പ്ലാറ്റ്ഫോമുകൾക്കു പൂർണമായ മേൽക്കൂര. ഈ പ്ലാറ്റ്ഫോമുകളിൽ ശുചിമുറി സൗകര്യവും വേണം.

ഇരട്ടപ്പാത നിർമാണം പൂർത്തിയായി. പാത ഉദ്ഘാടനത്തിനു കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽ ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. കോട്ടയം സ്റ്റേഷൻ നവീകരണം പൂർത്തിയാക്കുകയാണ് ഇനി മുന്നിലുള്ളത്. നിർമാണം അവലോകനം ചെയ്യാൻ ഉടൻ യോഗം വിളിക്കും.തോമസ് ചാഴികാടൻ എംപി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com