ADVERTISEMENT

എരുമേലി ∙ എയ്ഞ്ചൽവാലി പള്ളിപ്പടി ഭാഗത്തെ വീടിനോടു ചേർന്നുള്ള കൂട്ടിൽ തുടലിൽ പൂട്ടിയിട്ടിരുന്ന നായയെ കാണാതായി. തുടൽ വലിച്ചുപൊട്ടിച്ച നിലയിലും കൂടിന്റെ പരിസരത്ത് നായയുടെ രക്തവും കണ്ടതോടെ പുലി പിടിച്ചതാണെന്ന് സംശയിച്ച് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. ശബരിമല വനത്തിനു സമീപം എയ്ഞ്ചൽവാലി പള്ളിപ്പടി സെന്റ് തോമസ് ഇംഗ്ലിഷ് മീഡിയം സ്കൂളിനോടു ചേർന്നു താമസിക്കുന്ന മുരുപ്പേൽ ഗോപാലകൃഷ്ണന്റെ വീട്ടിലെ നായയെയാണ് കാണാതായത്. ഇന്നലെ രാത്രി 7നാണു സംഭവം. 

ഗോപാലകൃഷ്ണന്റെ ഭാര്യ ബിന്ദു ഒറ്റയ്ക്കാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. രാത്രി കൂടിനുള്ളിൽ നിന്ന് ബഹളവും മുറുമുറുപ്പു ശബ്ദവും കേട്ടു.  ഭയം മൂലം ബിന്ദു കതകു തുറന്നുനോക്കിയില്ല. ഗോപാലകൃഷ്ണൻ ജോലി കഴിഞ്ഞ് എത്തിയ ശേഷമാണു കൂട് പരിശോധിച്ചത്. നായയെ കെട്ടിയിരുന്ന തുടൽ വലിച്ച് നിവർത്തിയ നിലയിൽ കണ്ടെത്തി. കൂടിനു സമീപം നായയുടേതെന്നു സംശയിക്കുന്ന രക്തം കണ്ടു.

രക്തത്തുള്ളികൾ വനത്തിലേക്കു പോകുന്ന വഴിയിൽ ചിതറിക്കിടന്നിരുന്നു.  പുലിയുടേതെന്നു സംശയിക്കുന്ന കാൽപാടുകൾ കൂടിനു പരിസരത്തുണ്ടായിരുന്നു. ഡപ്യൂട്ടി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലം പരിശോധിച്ച് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജോൺ പോളിന്റെ നേതൃത്വത്തിലാണ് വനത്തോടു ചേർന്ന് ക്യാമറ സ്ഥാപിച്ചത്.

ദൃശ്യങ്ങൾ കണ്ടാൽ കൂട് സ്ഥാപിക്കും

വനത്തിന്റെ അതിർത്തിയിൽ സ്ഥാപിച്ച നീരീക്ഷണ ക്യാമറ പരിശോധിക്കുന്നത് 3 ദിവസത്തിനു ശേഷമാണ്. വളർത്തുനായ, മൃഗങ്ങൾ എന്നിവയെ കാണാതായെന്ന് റിപ്പോർട്ട് ലഭിച്ചാൽ ഇന്നു തന്നെ ക്യാമറ പരിശോധിക്കും. ക്യാമറയിൽ പുലിയുടെ ദൃശ്യം കണ്ടാൽ മാത്രമാണ് പുലിയെ പിടിക്കാൻ കൂടു സ്ഥാപിക്കുക.  പലപ്പോഴും വനംവകുപ്പിന്റെ നിരീക്ഷണ ക്യാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ പതിയാറുണ്ട്.

കൂട്ടിൽ തുടലിട്ട്  ബന്ധിച്ച നായയെ കടിച്ചുകൊണ്ടുപോയത് പുലിയാണെന്നാണ് സംശയിക്കുന്നത്. പുലി വരാനുള്ള സാഹചര്യമുണ്ട്. കാൽപാടുകൾ വ്യക്തമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com