ADVERTISEMENT

എരുമേലി ∙ 2021 ഒക്ടോബർ 16 ന് ഉണ്ടായ പ്രളയത്തിൽ  മേഖല മുങ്ങിയത് ഇന്നും പലർക്കും നടുക്കുന്ന ഓർമകളാണ്. കൂട്ടിക്കൽ ദുരന്തത്തിനു പിന്നാലെ എരുമേലിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. 2018 ലെ മഹാ പ്രളയത്തിൽ പോലും സംഭവിക്കാത്ത വിധം നാശനഷ്ടങ്ങളാണു എരുമേലിയിൽ അന്ന് സംഭവിച്ചത്. 126 കടകളിലും കച്ചവടസ്ഥാപനങ്ങളിലും അന്ന് വെള്ളം കയറി. സാധന സാമഗ്രികൾ നശിച്ച വകയിലും കടകൾക്ക് കേടുപാടുകൾ ഉണ്ടായ വകയിലും 78 ലക്ഷം രൂപയിലധികമാണ് വ്യാപാരികൾക്ക് ഉണ്ടായ നഷ്ടം. 

എരുമേലി – കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി കെഎസ്ആർടിസി ജംക്‌ഷൻ, എരുമേലി – റാന്നി റോഡ്, എരുമേലി മുണ്ടക്കയം റോഡ് എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങൾക്കാണ് കൂടുതൽ നാശം നേരിട്ടത്. എന്നാൽ പ്രളയം കഴിഞ്ഞ് ഒരു വർഷം അടുക്കുമ്പോഴും സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു രൂപയുടെ സഹായം ലഭിച്ചില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. 

കനത്ത നഷ്ടം മൂലം കച്ചവട സ്ഥാപനങ്ങളും സാധന സാമഗ്രികളും നശിച്ചതോടെ കച്ചവടം തുടരാൻ കഴിയാതെ 10 കച്ചവട സ്ഥാപനങ്ങൾ പൂട്ടിപ്പോയി. ഇപ്പോഴും ഇവ തുറന്നിട്ടില്ല. കച്ചവട സ്ഥാപനങ്ങൾ കൂടാതെ 2 ഹോളോബ്രിക്സ് സ്ഥാപനങ്ങളിലെ സാധന സാമഗ്രികളും നശിച്ചു. സിമന്റ്, ടൺ കണക്കിനു പാറ മണൽ എന്നിവ നഷ്ടപ്പെട്ടു. ചേനപ്പാടി മേഖലയിൽ ആറിന്റെ തീരത്തെ ഒട്ടേറെ  വീടുകൾ പൂർണമായും ഭാഗികമായും തകർന്നു. വീടുകളിലെ ഉപകരണങ്ങളും നഷ്ടപ്പെട്ടു.

കോഴികൾ മുങ്ങി ചത്തു,ഉടമകൾ കടത്തിൽ മുങ്ങി 

നേർച്ചപ്പാറ കൊരട്ടി ചെറിയാൻ ജോർജിന്റെ പ്രയത്നവും പ്രതീക്ഷകളും എല്ലാം നല്ല നിലയിൽ നടന്ന കോഴി ഫാമിൽ ആയിരുന്നു. പേരൂത്തോടിനു സമീപം ചെറിയാൻ ജോർജിന്റെ ഫാമിൽ 28 ദിവസം പ്രായമായ 5800 കോഴികൾ ഉള്ളപ്പോഴാണ് പ്രളയം ഉണ്ടായത്. പേരൂത്തോട്ടിൽ നിന്ന് വെള്ളം ഉയർന്ന് കോഴിഫാം മുങ്ങി ഇതിൽ ഉണ്ടായിരുന്ന കോഴികൾ കൂടിനുള്ളിൽ ശ്വാസം കിട്ടാതെ മുങ്ങി ചത്തു. വെള്ളം ഇറങ്ങിയപ്പോൾ  ചത്ത കോഴികളാണു ബാക്കിയായത്.

മനുഷ്യ പ്രയത്നത്താൽ ഇത് മറവു ചെയ്യാൻ കഴിയാതെ മണ്ണ് മാന്തി ഉപയോഗിച്ചാണ് ഇവയെ കുഴിച്ചുമൂടിയത് ചെയ്തത്. 18 ലക്ഷം രൂപയോളമാണ് അന്ന് ഉണ്ടായ നഷ്ടം. ഷെഡുകളുടെ അറ്റകുറ്റപ്പണി നടത്തിയപ്പോൾ മാത്രം 2 ലക്ഷം രൂപ ചെലവായി. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന് ചെറിയാൻ ജോർജ് പറഞ്ഞു.കഴിഞ്ഞ ഓഗസ്റ്റിൽ തുമരംപാറ മേഖലയിൽ ഉണ്ടായ മിന്നൽ പ്രളയത്തിലാണ് ഉറുമ്പിൽ സോമരാജന്റെ ഉടമസ്ഥതയിലൂള്ള കോഴിഫാം ഒഴുകിപ്പോയത്.

2800 കോഴികൾ ആണ് ഈ സമയം ഫാമിൽ ഉണ്ടായിരുന്നത്. പ്രളയം ഒന്നിനെ പോലും ബാക്കി വച്ചില്ല. കനത്ത നഷ്ടം മൂലം ഫാം അറ്റകുറ്റപ്പണി പോലും നടത്താൻ കഴിയാതെ അടച്ചിട്ടിരിക്കുകയാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് കണക്കെടുപ്പ് മാത്രമാണ്. നടന്നത്. ഒരു ധനസഹായവും ലഭിച്ചില്ലെന്നും സോമരാജൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com