ഏറ്റുമാനൂർ ∙ യാത്രയ്ക്കിടയിൽ കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ യാത്രക്കാരന് ബസ് ഡ്രൈവറുടെയും ഒരുകൂട്ടം ഓട്ടോ ഡ്രൈവർമാരുടെയും ഇടപെടലിൽ ജീവിതത്തിലേക്കു തിരിച്ചുവരവ്. യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ഒരു ലക്ഷം രൂപയും സുരക്ഷിതമായി വീട്ടുകാരെ ഏൽപിച്ചു.
കോട്ടയത്തു നിന്നു പാലായ്ക്കു പോയ ബസിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണു സംഭവം. പുന്നത്തുറ ഷട്ടർകവല സ്വദേശി കോഴിമുള്ളാരത്തിൽ ദേവസ്യാച്ചനാണ് (74) കുഴഞ്ഞുവീണത്. ബസ് പുന്നത്തുറയിൽ എത്തിയപ്പോൾ ഇദ്ദേഹം സീറ്റിനടിയിലേക്കു കുഴഞ്ഞുവീണു. തൊട്ടടുത്ത ഷട്ടർകവലയിൽ ഇറങ്ങേണ്ടതായിരുന്നു. ഉടൻ തന്നെ ഡ്രൈവർ രാജേഷ് ബസ് നിർത്തി. ഡ്രൈവറും കണ്ടക്ടറും കൂടി പുന്നത്തുറയിലെ ഓട്ടോ ഡ്രൈവർമാരെ വിളിച്ചു.
ഓട്ടോ ഡ്രൈവർമാരായ എൻ.വി.ബിനീഷ്, വെട്ടിമുകൾ കാടംകുഴിയിൽ ബിജീഷ്, പുന്നത്തുറ വള്ളോംകുന്നേൽ സി.ടി.മോഹനൻ എന്നിവർ ബസിൽ കയറി. അബോധാവസ്ഥയിലായ ദേവസ്യാച്ചനു ബസിനുള്ളിൽ വച്ചുതന്നെ പ്രഥമശുശ്രൂഷ നൽകി. ബസിലുണ്ടായിരുന്ന ഒരു നഴ്സിന്റെ സഹായത്തോടെയാണ് ഇതു ചെയ്തത്. പിന്നീട് ഓട്ടോയിൽ കാരിത്താസ് ആശുപത്രിയിലെത്തിച്ചു. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതു മൂലമുണ്ടായ ബോധക്ഷയമായിരുന്നെന്നു ഡോക്ടർമാർ പറഞ്ഞു.
ചിട്ടി പിടിച്ചു കിട്ടിയ ഒരു ലക്ഷം രൂപ ദേവസ്യാച്ചന്റെ മടിയിൽ ഉണ്ടായിരുന്നു. ഡ്രൈവർമാർ ബന്ധുക്കളെ വിവരം അറിയിച്ച് ആശുപത്രിയിൽ തുക കൈമാറി. ഇന്നലെ വീട്ടിലെത്തിയ ഉടൻതന്നെ ദേവസ്യാച്ചൻ ഓട്ടോ ഡ്രൈവർമാരെയും കെഎസ്ആർടിസി ഡ്രൈവറെയും വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി നന്ദി അറിയിച്ചു.