ADVERTISEMENT

ഏറ്റുമാനൂർ ∙ ‘ഈ വസ്തു നീണ്ടൂർ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്.’ സഹകരണ മന്ത്രിയുടെ മണ്ഡലത്തിൽപ്പെട്ട നീണ്ടൂർ പ്രദേശത്തെ വീടുകളുടെ മുൻപിലെ ബോർഡാണ് ഇത്. സഹകരണ നിയമം കാറ്റിൽ പറത്തി ഭവന വായ്പാ കുടിശികക്കാരുടെ വീടിനു മുൻപിൽ വലിയ ബോർഡ് സ്ഥാപിച്ചെന്നു വ്യാപക പരാതി. 3 മുൻ പഞ്ചായത്ത് അംഗങ്ങളുതേത് ഉൾപ്പെടെ ഒട്ടേറെ വീടുകളുടെ മുൻപിൽ ബോർഡുണ്ട്. 2011ൽ വായ്പ എടുത്ത് കുടിശിക വരുത്തിയവർക്കാണ് ജപ്തി നോട്ടിസ് നൽകിയതും ഇവരുടെ വീട്ടുവളപ്പിൽ ബോർഡ് വച്ചതും.

മൂന്നര ലക്ഷം മുതൽ വായ്പയെടുത്തവരാണ് മിക്കവരും. പലിശയും പിഴപ്പലിശയും ഉൾപ്പെടെ 16 ലക്ഷം വരെ തിരിച്ചടയ്ക്കണമെന്നാണ് നോട്ടിസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.  ഗൃഹനാഥന്മാർ ഇല്ലാതിരുന്ന സമയത്താണ് മിക്കയിടത്തും ബോർഡ് സ്ഥാപിച്ചത്. ഇന്നലെ ഹർത്താലായതിനാൽ ബാങ്കിൽ നേരിട്ടെത്തി അന്വേഷിക്കാൻ വീട്ടുടമകൾക്കു കഴിഞ്ഞില്ല. സംഭവത്തിൽ കോൺഗ്രസ് ഉൾപ്പെടെ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. 

മിക്കവരും പലിശ അടച്ചവരാണ്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരും ഉണ്ട്. പ്രായമായ കാൻസർ ബാധിതരായവരുടെ വീടുകളിലും ബോർഡുണ്ട്. ദേശസാൽകൃത ബാങ്കുകൾ വായ്പയ്ക്ക് 8.5 വരെ മാത്രം ശതമാനം പലിശ ഈടാക്കുമ്പോൾ സഹകരണ ബാങ്കുകൾ 12 മുതൽ 13.5 വരെ ശതമാനമാണ് ഈടാക്കുന്നതെന്നും വീട്ടുകാർ  ആരോപിച്ചു. സഹകരണ ബാങ്കുകളിൽ നിന്നു വായ്പയെടുത്ത പാവങ്ങളെ തെരുവിലിറക്കി കിടപ്പാടം ജപ്തി ചെയ്യുന്ന നടപടി ഒഴിവാക്കണമെന്നു മന്ത്രി വി.എൻ.വാസവൻ നൽകിയ ഉറപ്പു പാലിക്കണമെന്നാണ് വീട്ടുടമകളുടെ പ്രതികരണം.

ജപ്തിസാഹചര്യമുണ്ടായാൽ താമസിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തിയ ശേഷമേ നടപടി സ്വീകരിക്കാവൂ എന്നാണു നിർദേശം. സർക്കാരിന്റെ ഈ പ്രഖ്യാപിത നയത്തിനെതിരെയാണ് ഇപ്പോഴത്തെ നടപടികളെന്നും     വായ്പയെടുത്തവർ പറയുന്നു.   

വായ്പക്കാർ ഈടായി നൽകിയ വസ്തുവിലാണ് ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന ബോർഡ് വച്ചത്. ഇതു  നിയമ വിരുദ്ധമാണ്. ഓഹരി ഉടമകളായ വായ്പക്കാരെ അപമാനിക്കലാണ്. മന്ത്രിയുടെ മണ്ഡലത്തിൽ നടന്ന നിയമലംഘനം അദ്ദേഹത്തിന്റെ അറിവോടെയാണോയെന്ന് അറിയണം. ബാങ്ക് പ്രസിഡന്റിന്റെ അനുമതിയോടെയാണ് ബോർഡ് വച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. 20 വീടുകളിൽ ബോർഡുണ്ട്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com