ADVERTISEMENT

ഏറ്റുമാനൂർ ∙ ആന പ്രേമികളുടെ മനസ്സിൽ തിടമ്പേറ്റിയ സൗമ്യ  സാന്നിധ്യമായിരുന്നു ഗജവീരൻ ഉഷശ്രീ ദുർഗാപ്രസാദ്. നിറകണ്ണുകളോടെ നാട് യാത്രാമൊഴി നൽകി. ആനയുടമ പി.എസ്. രവീന്ദ്രനാഥിന്റെ ഉടമസ്ഥതയിലുള്ള പുന്നത്തുറയിലെ സ്ഥലത്ത് ഇനി അന്ത്യ വിശ്രമം. കുട്ടികളടക്കം ഒട്ടേറെ ആന പ്രേമികൾ വിട നൽകാൻ എത്തിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംസ്കാരചടങ്ങിനു സാക്ഷ്യം വഹിച്ചു. ശിവക്ഷേത്രങ്ങളിലെ ഉത്സവത്തിനു ദുർഗാപ്രസാദിന്റെ എഴുന്നള്ളത്തിനു ഏഴഴകായിരുന്നെന്നു ആനപ്രേമികൾ ഓർമിച്ചു. അഘോരമൂർത്തിയായ ഏറ്റുമാനൂരപ്പന്റെ ഉത്സവത്തിനു  23 തവണ തിടമ്പേറ്റി.  ഈ പാരമ്പര്യം ആന്ധ്രയിലെ ഓങ്കോൾ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി എഴുന്നള്ളത്തിനും ഇത്തവണ കരുത്തായി. 

   ഉഷശ്രീ ദുർഗാപ്രസാദിനു മഹാദേവ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി.ആർ. ജ്യോതി, ഉപദേശക  സമിതി സെക്രട്ടറി കെ.എൻ.ശ്രീകുമാർ എന്നിവർ പട്ട്  പുതപ്പിക്കുന്നു.
ഉഷശ്രീ ദുർഗാപ്രസാദിനു മഹാദേവ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി.ആർ. ജ്യോതി, ഉപദേശക സമിതി സെക്രട്ടറി കെ.എൻ.ശ്രീകുമാർ എന്നിവർ പട്ട് പുതപ്പിക്കുന്നു.

ആന്ധ്രയിലെ പ്രശസ്തമായ ഓങ്കോൾ ശിവരാത്രി ഉത്സവത്തിനു ഭഗവാന്റെ തിടമ്പേറ്റിയ പ്രൗഢിയും കൂടി നെഞ്ചേറ്റിയാണ്  ഉഷശ്രീ ദുർഗാപ്രസാദ് വിടപറഞ്ഞത്. അവിടെ നാടിന്റെ അഭിമാനമായ ഓങ്കോൾ കാളയ്ക്ക് ഒപ്പം പ്രാധാന്യം നൽകി വൻ സ്വീകരണമാണ് ദുർഗാപ്രസാദിനു ഇത്തവണ ലഭിച്ചത്. കരുത്തിലും സൗന്ദര്യത്തിലും സ്വഭാവ ഗുണത്തിലും ദേശീയ അവാർഡുകൾ ലഭിച്ചിട്ടുള്ള ഇനമാണ് ഓങ്കോൾ കാള. ആന്ധ്രയിൽ ഏറ്റവും കൂടുതൽ പേർ ആരാധിക്കുന്ന ഇനം. ഇവയ്ക്കൊപ്പം ശിവ ആരാധനയുടെ മറ്റൊരു ദൈവിക പരിവേഷത്തോടെ തലയുയർത്തി ദുർഗാപ്രസാദ് എഴുന്നള്ളത്തിനു പങ്കെടുത്തത്  ഫെബ്രുവരിയിലാണ്.

10  ദിവസമായിരുന്നു ക്ഷേത്രത്തിലെ ഉത്സവം. ഉത്സവത്തിനു നേതൃത്വം നൽകിയത് ആന്ധ്രയിലെ മന്ത്രി പെഡ്ഢി റെഡ്ഡി രാമചന്ദ്ര റെഡ്ഡിയാണ്. ആന്ധ്രയിലെ വനം വകുപ്പ് മന്ത്രി കൂടിയാണ് റെഡ്ഢി. എഴുന്നള്ളിപ്പിനു ലക്ഷണമൊത്ത ആനയെ വേണമെന്ന മന്ത്രിയുടെ അന്വേഷണം ദുർഗാപ്രസാദിലാണ് എത്തിയത്. മാത്രമല്ല, സംസ്ഥാനത്തിനു പുറത്തേക്കു പോകുന്നതിനുള്ള എല്ലാ സർട്ടിഫിക്കറ്റുകളും ഉള്ള കേരളത്തിലെ ചുരുക്കം ചില ആനകളിൽ ഒന്നാണ് ദുർഗാപ്രസാദ്. ഏറ്റവും അവസാനം പങ്കെടുത്ത ചടങ്ങും മഹാദേവ ക്ഷേത്രത്തിലേതാണ്. ജൂലൈ 17നു നടന്ന കടുത്തുരുത്തി കൊടിമര പ്രതിഷ്ഠയ്ക്ക് എഴുന്നള്ളിച്ചിരുന്നു. 

സിനിമയിൽ അഭിനയിക്കുന്നതിനും സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള  ദുർഗാപ്രസാദ് ഉടൻ റിലീസാകുന്ന ഹിന്ദി സിനിമയായ കാബോൾ ഗന്തി എന്ന സിനിമയിലും അഭിനയിച്ചു. വാഗമണ്ണിലായിരുന്നു ചിത്രീകരണം. ആൻഡമാൻ– നിക്കോബാർ ഐലൻഡിൽ നിന്നു 1997 ലാണ് ഈ ഗജവീരൻ കേരളത്തിൽ എത്തുന്നത്. കപ്പലിലാണ് കൊണ്ടു വന്നത്. 1999 ൽ ഉഷശ്രീ ഗ്രൂപ്പിന്റ സ്വന്തമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com