ADVERTISEMENT

കോട്ടയം ∙ ദേശീയ അന്വേഷണ ഏജൻസി വീടുകൾ റെയ്ഡ് ചെയ്ത് നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ലയിൽ വ്യാപക അക്രമം. കടകൾ തകർത്തു. കെഎസ്ആർടിസി ബസുകൾക്ക് നേരെയും സ്വകാര്യ വാഹനങ്ങൾക്ക് നേരെയും കല്ലേറുണ്ടായി. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത, ചങ്ങനാശേരി ജനറൽ ആശുപത്രി സിഎംഒ ഡോ. അമല കെ. ജോസഫിന്റെ വിരൽ കല്ലേറിൽ ഒടിഞ്ഞു, ഡ്രൈവർക്കും പരുക്കുണ്ട്. 

 എംസി റോഡിൽ കുറിച്ചി ഔട്പോസ്റ്റ് ജംക്‌ഷനിൽ കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞു തകർത്ത നിലയിൽ.
എംസി റോഡിൽ കുറിച്ചി ഔട്പോസ്റ്റ് ജംക്‌ഷനിൽ കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞു തകർത്ത നിലയിൽ.

ഈരാറ്റുപേട്ട ഗുരുക്കൾ നഗർ ഭാഗത്ത് ബൈക്ക് യാത്രക്കാരനെ ഹർത്താൽ അനുകൂലികൾ തടയാൻ ശ്രമിച്ചതോടെ  സംഘർഷമുണ്ടായി.  2 തവണ പൊലീസ് ലാത്തി വീശി. വിവിധ സ്ഥലങ്ങളിൽ നിന്നു 20 കേസുകളിലായി 94 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.  77 പേരെ കരുതൽ തടങ്കലിലാക്കി. ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് ഈരാറ്റുപേട്ടയിലെ സംഘർഷത്തെത്തുടർന്നാണ്; 87 പേർ. 

പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഈരാറ്റുപേട്ടയിൽ റോഡിൽ കുത്തിയിരിക്കുന്നു.
പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഈരാറ്റുപേട്ടയിൽ റോഡിൽ കുത്തിയിരിക്കുന്നു.

സംക്രാന്തിയിൽ തുറന്ന ലോട്ടറിക്കട ഹർത്താൽ അനുകൂലികൾ തല്ലിത്തകർത്തു. കുറിച്ചിയിൽ ഹോട്ടലിനു നേരെ കല്ലേറുണ്ടായി. ജില്ലയിൽ ആറിടങ്ങളിൽ കെഎസ്ആർടിസി ബസുകൾ എറിഞ്ഞുതകർത്തു. കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപകമായി കല്ലേറ് ഉണ്ടായതോടെ രാവിലെ 8.30 മുതൽ 2 മണിക്കൂർ സർവീസ് നിർത്തിവച്ചു. വിവിധ ഡിപ്പോകളിൽ നിന്നു യാത്രക്കാരുമായി വന്ന ദീർഘദൂര ബസുകൾ നിർത്തിയിട്ടു.

മന്ദിരം കവലയ്ക്കു സമീപം കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞ് തകർത്ത നിലയിൽ.
മന്ദിരം കവലയ്ക്കു സമീപം കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞ് തകർത്ത നിലയിൽ.

 10.30നു പൊലീസ് സുരക്ഷ ഒരുക്കാമെന്ന് അറിയിച്ച ശേഷമാണ് സർവീസ് പുനരാരംഭിച്ചത്. ഉച്ചയ്ക്ക് ശേഷം യാത്രക്കാർ കുറഞ്ഞതോടെ മിക്ക ഡിപ്പോകളും സർവീസ് നിർത്തി. യാത്രക്കാർ എത്തുന്ന മുറയ്ക്ക് പൊലീസിനെ അറിയിച്ച ശേഷമാണ് ഉച്ചയ്ക്ക് ശേഷം ചില ഡിപ്പോകൾ സർവീസ് നടത്തിയത്.

  ഈരാറ്റുപേട്ടയിൽ ബൈക്ക് യാത്രക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു
ഈരാറ്റുപേട്ടയിൽ ബൈക്ക് യാത്രക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു

പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിൽ രാവിലെ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി. ഈ സമയം ബലമായി വാഹനങ്ങൾ തടയാൻ ശ്രമിച്ചത് പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു.സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. എന്നാൽ സ്വാകര്യ വാഹനങ്ങൾ സാധാരണ പോലെ നിരത്തിൽ ഉണ്ടായിരുന്നു. സർക്കാർ ഓഫിസുകൾ  തുറന്നുപ്രവർത്തിച്ചു.

  കോട്ടയം – തിരുവാർപ്പ് റോഡിൽ പഴയ ബോട്ട് ജെട്ടി ജംക്‌ഷനിൽ കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞു തകർത്ത നിലയിൽ.
കോട്ടയം – തിരുവാർപ്പ് റോഡിൽ പഴയ ബോട്ട് ജെട്ടി ജംക്‌ഷനിൽ കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞു തകർത്ത നിലയിൽ.

റവന്യു വകുപ്പിൽ 38 ശതമാനം ഹാജർ ഉണ്ടായിരുന്നു. ആകെ1,403 ഉദ്യോഗസ്ഥരിൽ 532 പേർ ജോലിക്ക് എത്തി. ഡിഡിപി ഓഫിസ്, ട്രഷറികൾ, ആർഡിഡി ഓഫിസുകൾ എന്നിവിടങ്ങളിൽ 50 ശതമാനത്തിൽ അധികം ഹാജരുണ്ടായിരുന്നു. ചില സ്ഥലങ്ങളിൽ കടകൾ തുറന്നു.കോട്ടയം നഗര പരിധിയിൽ നാലിടങ്ങളിലാണ് ബസുകൾക്ക് നേരെ കല്ലേറുണ്ടായത്.

  കുറിച്ചി ഔട്പോസ്റ്റിനു സമീപത്തെ ഹോട്ടലിന്റെ ചില്ല് കല്ലെറിഞ്ഞു തകർത്ത നിലയിൽ.
കുറിച്ചി ഔട്പോസ്റ്റിനു സമീപത്തെ ഹോട്ടലിന്റെ ചില്ല് കല്ലെറിഞ്ഞു തകർത്ത നിലയിൽ.

കല്ലുങ്കത്തറ പള്ളിയിലേക്ക് സർവീസ് നടത്തിയ ബസിന് നേരെ അയ്മനത്തും തിരുവാർപ്പിലേക്ക് സർവീസ് നടത്തിയ ബസിനു നേരെ കാരാപ്പുഴയിലും ചങ്ങനാശേരിയിലേക്ക് സർവീസ് നടത്തിയ ബസിനുനേരെ മന്ദിരം കവലയിലുമാണ് കല്ലേറുണ്ടായത്.കൂത്താട്ടുകുളം ഡിപ്പോയിലെ ബസിനു നേരെ തെള്ളകത്തും  കല്ലേറുണ്ടായി.

  എംസി റോഡിൽ കാലായിപ്പടിയിൽ കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞു തകർത്ത  നിലയിൽ.
എംസി റോഡിൽ കാലായിപ്പടിയിൽ കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞു തകർത്ത നിലയിൽ.

പാലാ ക്ലസ്റ്ററിന്റെ പരിധിയിൽ 68 ബസുകളാണ് സർവീസ് നടത്തിയത്. ഇതിൽ 4 ബസുകൾക്ക് നേരെ വിവിധയിടങ്ങളിൽ കല്ലേറുണ്ടായി. ഈരാറ്റുപേട്ടയിൽ കല്ലേറിൽ ബസിന്റെ ചില്ല് പൊട്ടി ഡ്രൈവർക്കും യാത്രക്കാരിക്കും പരുക്കേറ്റു.

   തുരുത്തിയിൽ കെഎസ്ആർടിസി ബസിന്റെ ചില്ല്  പൊട്ടിച്ച നിലയിൽ.
തുരുത്തിയിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് പൊട്ടിച്ച നിലയിൽ.

പലയിടത്തും പ്രതിഷേധം, അക്രമം

ഇതര ജില്ലകളിലേക്ക് സർവീസ് നടത്തിയ 4 ബസുകൾക്കു നേരെയും കല്ലേറുണ്ടായി.  തിരുവനന്തപുരത്തേക്കുള്ള ബസിന് നേരെ കുറിച്ചിയിൽ കല്ലേറുണ്ടായി മുന്നിലെ ചില്ല് പൊട്ടി. കോഴിക്കോട്ടേക്കുള്ള ബസിനു നേരെ തേഞ്ഞിപ്പലം സ്റ്റേഷൻ പരിധിയിലും കല്ലേറുണ്ടായി. പൊൻകുന്നം ഡിപ്പോയിൽ നിന്ന് 6 സർവീസുകൾ നടത്തി. 

   അയ്മനത്ത് കെഎസ്ആർടിസി ബസിന്റെ ചില്ല് കല്ലെറിഞ്ഞു തകർത്ത  നിലയിൽ.
അയ്മനത്ത് കെഎസ്ആർടിസി ബസിന്റെ ചില്ല് കല്ലെറിഞ്ഞു തകർത്ത നിലയിൽ.

എരുമേലിയിൽ നിന്ന് 9 സർവീസുകളാണ് നടത്തിയത്. ഇവിടെ നിന്ന് തിരുവനന്തപുരത്തിനു പോയ ബസിനുനേരെ പത്തനംതിട്ടയിൽ കല്ലേറുണ്ടായി. ഈരാറ്റുപേട്ടയിൽ നിന്ന് 19 സർവീസുകൾ നടത്തി. ആലപ്പുഴയിലേക്കുള്ള ബസിനു നേരെയും കല്ലേറുണ്ടായി.  പാലായിൽ നിന്ന് 32 സർവീസുകളാണ് നടത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com