ADVERTISEMENT

ചങ്ങനാശേരി ∙ വൈവിധ്യങ്ങളുടെ വാതിൽ തുറന്ന് ആഘോഷദിനങ്ങൾ സമ്മാനിച്ച സംവിത് 2.0 മെഗാ എക്സിബിഷന് ഇന്ന് തിരശീല വീഴും. എസ്ബി കോളജിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചാണ് 19 മുതൽ എസ്ബി ക്യാംപസിൽ എക്സിബിഷൻ സംഘടിപ്പിച്ചത്. കോവിഡും മറ്റു പ്രതികൂല സാഹചര്യങ്ങളും വിദ്യാർഥികളുടെ പങ്കാളിത്തം സംബന്ധിച്ച് ആശങ്ക സൃഷ്ടിച്ചെങ്കിലും സംഘാടകരുടെ പ്രതീക്ഷകൾക്കപ്പുറത്ത് ജനങ്ങൾ എക്സിബിഷനെ ഏറ്റെടുത്തു.വെള്ളിയാഴ്ച വരെ ഒന്നേകാൽ ലക്ഷം പേർ എക്സിബിഷൻ കാണാൻ എത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ശനിയാഴ്ച  മാത്രം 30,000 പേർ എത്തി. അവധി ദിനമായിരുന്ന ഇന്നലെ വൈകിട്ട് 5 മണിയോടെ തിരക്ക് മൂലം പ്രവേശനം നിയന്ത്രിക്കേണ്ട അവസ്ഥ ഉണ്ടായി. 

കോളജിലെ പ്രധാന  ആഘോഷങ്ങളിലെല്ലാം എക്സിബിഷനുകൾ സംഘടിപ്പിച്ച് നാടിനെ വിജ്ഞാനത്തിന്റെ കലവറയിലേക്ക് സ്വാഗതം ചെയ്യുന്ന എസ്ബിയുടെ പാരമ്പര്യത്തെ ദൃഢപ്പെടുത്തുന്നതായി ഇത്തവണത്തെ എക്സിബിഷൻ.സുവോളജി വിഭാഗം ഒരുക്കിയ ജുറാസിക് പാർക്ക്, കെമിസ്ട്രി വിഭാഗത്തിന്റെ ഇരുളടഞ്ഞ ഗുഹയ്ക്കുള്ളിലുള്ള ആൽക്കെമിസ്റ്റുകൾ, മൺപാത്ര നിർമാണം, ചിത്ര, ഫോട്ടോ പ്രദർശനങ്ങൾ, ഗണിതം കളികളിലൂടെ അവതരിപ്പിച്ച ഗണിത വിഭാഗത്തിന്റെ സ്റ്റാൾ, ബോട്ടണിയിലെ ഇരപിടിയൻ സസ്യങ്ങൾ, വിവിധ ഇനം വാഴക്കുലകൾ, ഇംഗ്ലിഷ് വിഭാഗത്തിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിയ ഷേക്സ്പിയർ നാടകങ്ങളിലെ രംഗങ്ങളുടെ അവതരണം, ഐഎസ്ആർഒ, വിവിധ മെഡിക്കൽ കോളജുകൾ, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഇങ്ങനെ ദീർഘകാലം സൂക്ഷിക്കാനുള്ള ഒട്ടേറെ ഓർമകൾ സമ്മാനിച്ചാണ് എക്സിബിഷൻ അവസാനിക്കുന്നത്. നേവിയുടെയും ആർമിയുടെയും ബാൻഡ് ഷംസുദീൻ ചെർപ്പുളശേരിയുടെ മാംഗോ ട്രീ ട്രിക്ക്, കളരിപ്പയറ്റ്, കോളജ് വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവയും ജനശ്രദ്ധ പിടിച്ചുപറ്റി.

ഇന്ന് 2 വരെ മാത്രം 

ഇന്ന് ഉച്ചയ്ക്ക് 2 വരെ മാത്രമേ എക്സിബിഷൻ നഗറിലേക്ക് പ്രവേശനം അനുവദിക്കൂ എന്ന് സംഘാടകർ അറിയിച്ചു. ഓൺലൈനായി ബുക്ക് ചെയ്തവരും ഈ സമയത്തിനുള്ളിൽ എത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com