ADVERTISEMENT

എരുമേലി ∙ വളർത്തുനായ്ക്കൾക്കു പേ വിഷബാധയ്ക്കെതിരായ വാക്സിനേഷൻ പദ്ധതിയിൽ എരുമേലി പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത്. എറ്റവും കൂടുതൽ നായ്ക്കൾക്കു ഏറ്റവും കൂടുതൽ വേഗത്തിൽ വാക്സീൻ നൽകിയത് എരുമേലിയിൽ പഞ്ചായത്ത് പരിധിയിലാണ്.പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി ഒരാഴ്ച നീണ്ടു നിന്ന ക്യാംപുകളിൽ 1520 വളർത്തുനായ്ക്കൾക്കു വാക്സീൻ നൽകി. ഇനിയും 100 ൽ താഴെ വളർത്തുനായ്ക്കൾ കൂടി മാത്രമാണ് വാക്സീൻ എടുക്കാനുള്ളൂവെന്നു വെറ്ററിനറി വകുപ്പിന്റെ കണക്ക്. മുൻ വർഷങ്ങളിൽ 700 ൽ താഴെ വളർത്തുനായ്ക്കൾക്കു മാത്രമാണു പഞ്ചായത്തിൽ വാക്സീൻ നൽകിയത്.

വാക്സീൻ നൽകിയത് 6 അംഗ സംഘം

കോഓർഡിനേറ്റർ ഡോ. എം.എസ്. സുബിന്റെ നേതൃത്വത്തിൽ 4 ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, 2 അറ്റൻഡർ എന്നിവർ അടങ്ങുന്ന 2 സംഘങ്ങളാണ് വളർത്തുനായ്ക്കൾക്കു വാക്സീൻ നൽകിയത്. വിവിധ വാർഡുകളിലെ 80 ൽ പരം പോയിന്റുകളിൽ ക്യാംപുകൾ നടത്തി. വാക്സിനേഷൻ നൽകിയ എല്ലാ നായ്ക്കളുടെയും ഉടമകൾക്ക് സർട്ടിഫിക്കറ്റും ലഭ്യമാക്കി. ഒരു സംഘം ദിവസം 300 നായ്ക്കൾക്കു വരെ വാക്സീൻ നൽകി. പഞ്ചായത്ത് കമ്മിറ്റി ഇടപെട്ടു കൂടുതൽ മരുന്നു വാങ്ങി നൽകിയാണു നടപടി വേഗത്തിലാക്കിയത്.

വനത്തിന്റെ സാന്നിധ്യം വന്യ മൃഗങ്ങളുടെ ശല്യം

വനമേഖലയുടെ സാന്നിധ്യം മൂലമാണു നായ്ക്കൾക്കും വളർത്തുമൃഗങ്ങൾക്കും പേ വിഷബാധ സാധ്യത കൂടുന്നതെന്നു മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വനമേഖലയിൽ നിന്ന് എത്തുന്ന കുറുക്കൻ, കീരി എന്നിവ വളർത്തു മൃഗങ്ങളെയും നായ്ക്കളെ കടിക്കുന്നതു വഴി പേ വിഷബാധ ഉണ്ടാകാം. കാട് കയറി റബർ തോട്ടങ്ങളിലും ഇത്തരം കാട്ടുമൃഗങ്ങൾ തങ്ങാറുണ്ട്. ഇതും വളർത്തുമൃഗങ്ങൾക്കു ഭീഷണിയാണ്.

വാക്സീൻ ക്ഷാമം

40 ഡോസ് കരുതൽ വാക്സീൻ മാത്രമാണ് എരുമേലിയിൽ ഉള്ളത്. അതിനാൽ ഇനിയും ആശുപത്രിയിൽ എത്തിക്കുന്ന വളർത്തുനായ്ക്കൾക്കു വാക്സീൻ നൽകണമെങ്കിൽ കൂടുതൽ വാക്സീൻ ലഭ്യമാക്കണം. ഇതിനായി ജില്ലാ മൃഗസംരക്ഷണ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ജില്ലാ മൃഗസംരക്ഷണ വകുപ്പിലും വാക്സീൻ ക്ഷാമം ഉണ്ട്. പുതിയ വാക്സീൻ ലഭ്യമായാൽ മാത്രമേ കൂടുതൽ നായ്ക്കൾക്ക് വാക്സീൻ നൽകാൻ കഴിയൂവെന്നാണ് അധികൃതർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com