ADVERTISEMENT

വൈക്കം ∙ മോഷണക്കേസിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. വെച്ചൂരിൽ 3 ക്ഷേത്രങ്ങളിലും പള്ളിയുടെ കപ്പേളയിലും മോഷണം നടത്തിയ പ്രതികളെ കുറിച്ച് യാതൊരു സൂചനയുമില്ല. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചെങ്കിലും മോഷ്ടാക്കളെ കുറിച്ചുള്ള കാര്യമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചില്ല. വൈക്കം – വെച്ചൂർ റോഡിലെ കൊതവറ ശ്രീകുരുംബ ഭഗവതിക്ഷേത്രം, ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രം, അച്ചിനകം പിഴയിൽ ശ്രീദുർഗാ ക്ഷേത്രം, ബണ്ട് റോഡിലെ സെന്റ് ജോസഫ് കപ്പേള എന്നിവിടങ്ങളിലാണ് ശനി പുലർച്ചെയോടെ മോഷണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കേ അലങ്കാരഗോപുരത്തിന്റെ കാണിക്കവഞ്ചിയും ശനി വൈകിട്ട് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയിരുന്നു. ദേവസ്വം ബോർഡ് അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതികളെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. ഇതിനിടെ, ദേവസ്വം ബോർഡ് അധികൃതർ യഥാസമയം കാണിക്കവഞ്ചി തുറക്കുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. കാണിക്കവഞ്ചി ഇനി മുതൽ 15 ദിവസത്തിനുള്ളിൽ  തുറക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണർ മുരാരി ബാബു അറിയിച്ചു. 

ഏതാനും മാസം മുൻപ് വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ അലങ്കാരഗോപുരം, കൊച്ചാലുംചുവട് ഭഗവതി ക്ഷേത്രം, നഗരത്തിലെ ജ്വല്ലറി, കച്ചേരിക്കവലയിലെ വനദുർഗാ ക്ഷേത്രം, ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു വിവരവും പൊലീസിനു ലഭിച്ചില്ല. മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ അലങ്കാരഗോപുരത്തിന്റെ കാണിക്കവഞ്ചി തകർത്തത് സാമൂഹികവിരുദ്ധർ ആണെന്നാണ് പൊലീസ് പറയുന്നത്.

മോഷ്ടാക്കളെ പിടികൂടണം: ഹിന്ദു ഐക്യവേദി

വെച്ചൂരിലെ ആരാധനാലയങ്ങളിൽ മോഷണം നടത്തുകയും വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ അലങ്കാര ഗോപുരത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന നിലയിൽ കാണപ്പെടുകയും ചെയ്ത സംഭവത്തിലെ മോഷ്ടാക്കളെ എത്രയും വേഗം പിടികൂടണമെന്ന് ഹിന്ദു ഐക്യവേദി ടൗൺ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ടൗൺ ജനറൽ സെക്രട്ടറി എ.എച്ച്.സനീഷ് ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് ഗോപകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ശിവപ്രസാദ്, രവീന്ദ്രൻ തേത്തോത്തി, സെക്രട്ടറി വിനോദ്, വത്സലൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com