ADVERTISEMENT

കോട്ടയം ∙ രോഗിയെ തൊട്ടറിഞ്ഞ് രോഗം കണ്ടെത്തുന്ന ഡോക്ടർ. വിദ്യാർഥികളുടെ ഹൃദയം തൊടുന്ന അധ്യാപകൻ. മെഡിക്കൽ കോളജിലെ ആദ്യകാല അധ്യാപകനും പ്രമുഖ ഫിസിഷ്യനുമായ ഡോ. മാത്യു പാറയ്ക്കലിന് ഇന്ന് 90 വയസ്സ്.എറണാകുളം വൈപ്പിൻ ഞാറയ്ക്കൽ ദേശത്ത് പാറയ്ക്കൽ കുടുംബാംഗമായിരുന്ന ഡോ. ജോണിന്റെയും കോട്ടയം സ്വദേശി ഏലിയാമ്മയുടെയും മകനായി ജനനം. 1955ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് എംഡി പഠനത്തിനു ശേഷം 1960ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ അസി. പ്രഫസറായി. 1963ൽ കോട്ടയത്തേക്കെത്തി. 

സൗമ്യനും മിതഭാഷിയുമായ ഡോ. മാത്യു കോട്ടയം മെഡിക്കൽ കോളജിന്റെ ആദ്യബാച്ചിൽ അധ്യാപകനായി. വർഷങ്ങൾക്കു മുൻപു പഠിപ്പിച്ചവരെപ്പോലും ഇപ്പോഴും പേരെടുത്തു വിളിക്കാൻ കഴിയുന്ന ഓർമശക്തിയാണു ഡോക്ടറുടെ ഏറ്റവും വലിയ പ്രത്യേകത. 1988ൽ കോട്ടയം മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗത്തിന്റെ മേധാവിയായി വിരമിച്ചു.

ദിവസവും പുലർച്ചെ 3.30ന് എഴുന്നേൽക്കും. ഇപ്പോഴും വീടിനുള്ളിലൂടെ നടക്കുകയും മുടങ്ങാതെ രാവിലെ പള്ളിയിൽ പോകുകയും ചെയ്യും. കോട്ടയത്തെ നാട്ടുവഴികളിലും ജനക്കൂട്ടത്തിനിടയിലും പൊതുപരിപാടികളിലും മുണ്ടും അരക്കയ്യൻ ഷർട്ടും ധരിച്ച് എത്തുന്ന ‍ഡോ. മാത്യു പാറയ്ക്കൽ ഏവർക്കും സുപരിചിതനാണ്. 

‘എന്റെ ജീവിതം ഒരു അനുഗൃഹീതയാത്ര’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പേരു പോലെ ‍ഡോ. മാത്യു പാറയ്ക്കലിന്റെ ജീവിതവും ഒരു യാത്രയാണ്. ഇപ്പോഴും വൈകിട്ട് 4 മുതൽ 6 വരെ വീട്ടിൽ അദ്ദേഹം രോഗികളെ പരിശോധിക്കാറുണ്ട്.എല്ലാവിധ പിന്തുണയുമായി ഭാര്യ മറിയാമ്മ ഒപ്പമുണ്ട്. 3 മക്കൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com