സിൽവർലൈൻ: സമരത്തിൽനിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് സമരസമിതി

silverline-k-rail-stone
SHARE

കോട്ടയം ∙ സിൽവർലൈനിന് എതിരെയുള്ള സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കില്ലെന്നു സർക്കാർ നിലപാട് എടുത്തതോടെ ജില്ലയിലെ ആയിരക്കണക്കിനു സാധാരണക്കാർ ആശങ്കയിലാണെങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സിൽവർലൈൻ വിരുദ്ധ പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായ മാടപ്പള്ളിയിലെ സമരസമിതി പ്രവർത്തകർ. 

സിൽവർലൈൻ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ പ്രതിഷേധം അരങ്ങേറിയത് ജില്ലയിലായിരുന്നു. റോസ്‌ലിൻ ഫിലിപ്പിന്റെ കുടുംബ വീടിനു സമീപത്ത് ഏപ്രിൽ 20ന്, സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സ്ഥിരം സമരപ്പന്തൽ സ്ഥാപിച്ചാണ് ഇപ്പോൾ സമരം നടത്തുന്നത്.

സംസ്ഥാനത്ത് ആദ്യമായി പദ്ധതിക്കെതിരെ സ്ഥിരം സമരപ്പന്തൽ ഉയർന്നത് മാടപ്പള്ളിയിലാണ്. 72 കേസുകളിലായി ആയിരത്തിൽപരം പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ഇതിൽ തന്നെ 250ൽ അധികം സ്ത്രീകളാണ്. മാർച്ച് 16നു മാടപ്പള്ളിയിൽ സമരത്തിൽ പങ്കെടുത്ത മാടപ്പള്ളി ഈയ്യാലിൽ തെക്കേതിൽ റോസ്‌ലിൻ ഫിലിപ്പിനെ 8 വയസ്സുകാരി മകൾ സോമിയയുടെ മുന്നിൽ വച്ചു പൊലീസ് അറസ്റ്റ് ചെയ്ത് ബലമായി വലിച്ചിഴച്ചത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. പിന്നീട് കുട്ടിയെ സമരത്തിൽ പങ്കെടുപ്പിച്ചതിനു ജുവനൈൽ ആക്ട് പ്രകാരം പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു.

റോസിലിനെ അറസ്റ്റ് ചെയ്ത സമരത്തിനു സംഘർഷത്തിനു പിന്നാലെയാണ് ബലമായുള്ള കല്ലിടൽ സർവേ നടപടികളിൽ നിന്നു സർക്കാർ പിന്നോട്ടു പോയത്. മുതിർന്നവരും വീട്ടമ്മമാരും വരെ കേസിൽ പ്രതികളാണ്. മാടപ്പള്ളി പഞ്ചായത്തിൽ ഉണ്ടായ സംഘർഷത്തിലാണ് ഏറ്റവും അധികം പേരെ പ്രതി ചേർത്തത്. പൊലീസും കെ റെയിൽ, സിൽവർലൈൻ വിരുദ്ധ ജനകീയ സമര സമിതിയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ സ്ത്രീകൾ അടക്കം 62 പേർക്ക് എതിരെയാണ് കേസ് എടുത്തത്.

കെ റെയിൽ, സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ രക്ഷാധികാരി വി.ജെ. ലാലി, ജില്ലാ കൺവീനർ ബാബു കുട്ടൻചിറ എന്നിവർക്ക് എതിരെ 15ൽ പരം കേസുകളാണ് ഉള്ളത്. സിൽവർലൈൻ സമരവുമായി ബന്ധപ്പെട്ടുണ്ടായ ആദ്യഘട്ട കേസുകളിൽ ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ ഉൾപ്പെടെ ഉള്ളവർ പ്രതികളാണ്. 

ജില്ലയിൽ ഒന്നിന് കരിദിനം ആചരിക്കും

സമരക്കാർക്കെതിരേയുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റി ഒക്ടോബർ ഒന്നിന് ജില്ലയിൽ കരിദിനം ആചരിക്കുമെന്ന് സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അറിയിച്ചു. രാവിലെ 10ന് മാടപ്പള്ളിയിൽ മുൻമന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും.

കേസുകൾ പിൻവലിക്കുന്നത് ഉചിതമാണെന്ന് ഹൈക്കോടതി പരാമർശമുണ്ടായിട്ടും സർക്കാർ അതിനു തയാറാകാത്തതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്.ജില്ലാ അതിർത്തിയായ മാടപ്പള്ളി വള്ളോക്കുന്ന് മുതൽ മുളക്കുളം ആറാട്ടുകടവു വരെയുള്ള സമരസമിതി യൂണിറ്റുകളിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു.

വീട്ടിൽ അതിക്രമിച്ചു കടക്കാനുള്ള നീക്കത്തെ ആണു വീടിനു മുന്നിൽ നിന്ന് പ്രതിരോധിച്ചത്. പ്രാണരക്ഷാർഥം ആയിരുന്നു പ്രതിഷേധം. സത്യത്തിനു നീതിക്കും വേണ്ടിയാണു പ്രതികരിച്ചത്. ഏതു കേസ് വന്നാലും നേരിടാൻ തയാറാണ്.

റോസ്‌ലിൻ ഫിലിപ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}