ADVERTISEMENT

ഏറ്റുമാനൂർ ∙ സെൻട്രൽ ജംക്‌ഷനിൽ നായ ഏഴു പേരെ കടിച്ചു. ഒരു മണിക്കൂർ നഗരത്തെ പരിഭ്രാന്തിയിലാക്കിയ നായയെ നഗരസഭയുടെ കരാർ തൊഴിലാളി വലയിലാക്കി. കടിയേറ്റവർക്കു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണു സംഭവം.

  ഏറ്റുമാനൂരിൽ  7 പേരെ കടിച്ച നായയെ പേരൂർ കളപ്പുരയ്ക്കൽ ജയകുമാർ വലയിലാക്കി പിടിച്ചപ്പോൾ.
ഏറ്റുമാനൂരിൽ 7 പേരെ കടിച്ച നായയെ പേരൂർ കളപ്പുരയ്ക്കൽ ജയകുമാർ വലയിലാക്കി പിടിച്ചപ്പോൾ.

തിരക്കേറിയ പേരൂർ കവലയിൽ നിന്നാണു നായ എത്തിയത്. ആറാട്ട് എതിരേൽപ് മണ്ഡപത്തിനു സമീപം വഴിയാത്രക്കാരിയെ കടിച്ചു. ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിന്റെ പാലാ റോഡിലെ ഗേറ്റിനു മുന്നിൽ സ്കൂൾ വിദ്യാർഥിനിയെയും മറ്റൊരു വഴിയാത്രക്കാരിയെയും കടിച്ചു. തുടർന്ന് ഓട്ടോ സ്റ്റാൻഡിനു മുന്നിലൂടെ ഓടിയ നായ  അതിഥിത്തൊഴിലാളിയെ കടിച്ചു. ഇതോടെ ജംക്‌ഷനിൽ ഉണ്ടായിരുന്നവർ ബഹളമുണ്ടാക്കി നായയെ ഓടിച്ചു. 

എംസി റോഡിൽ വില്ലേജ് ഓഫിസിന്റെ ഭാഗത്തേക്ക് ഓടുന്നതിനിടെ ലോട്ടറിവിൽപനക്കാരൻ ഉൾപ്പെടെ 3 പേരെ ആക്രമിച്ചു. ബസ് ബേ ഭാഗത്തേക്കു നീങ്ങിയ നായയെ നാട്ടുകാർ ബസ് സ്റ്റോപ്പിന്റെ എതിർവശത്തുള്ള കെട്ടിടത്തിലേക്ക് ഓടിച്ചുകയറ്റി. രണ്ടു കെട്ടിടത്തിന്റെ ഇടുങ്ങിയ വഴിയിലേക്കു കയറിയതോടെ ചെറിയ ഗേറ്റ് അടച്ചുകുടുക്കി. പിന്നാലെയെത്തിയ നഗരസഭയുടെ കരാർ തൊഴിലാളി പേരൂർ അപ്പാപ്പിപ്പടിയിൽ കളപ്പുരയ്ക്കൽ ജയകുമാർ വലയിട്ടു നായയെ കുടുക്കി. പിന്നീട് ഓട്ടോയിൽ കോടതിപ്പടിക്കു സമീപത്തെ മൃഗാശുപത്രിയിലെത്തിച്ചു കൂട്ടിലടച്ചു. വളർത്തുനായയാണെന്നാണു സംശയം. കഴുത്തിൽ ബെൽറ്റുണ്ട്.

തെരുവുനായ്ക്കളെ പിടിക്കാത്തതിൽ നാട്ടുകാർ നഗരസഭാധികൃതരെ പ്രതിഷേധമറിയിച്ചു. കൗൺസിലർമാരായ സുരേഷ് ആർ.നായർ, രശ്മി ശ്യാം, പി.എസ്.വിനോദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി കെ.എസ്.രഘുനാഥൻ നായർ ബാലരാമപുരം എന്നിവരും സ്ഥലത്തെത്തി. 

ജയകുമാറിന്റെ ഇടപെടൽ:ഏറ്റുമാനൂർ നായപ്പേടിയിൽ നിന്ന് കരകയറി

ജയകുമാറിന്റെ ഇടപെടൽ നാടിനെ നായപ്പേടിയിൽനിന്നു രക്ഷിച്ചു. പേരൂർ കളപ്പുരയ്ക്കൽ ജയകുമാർ നായപിടിത്തം തൊഴിലാക്കിയിട്ട് 8 വർഷമായി. ഇന്നലെ രാവിലെ കോടിമതയിൽ നായ്ക്കൾക്കു വാക്സീൻ എടുക്കുന്നതിനു ഡോക്ടർമാരെ സഹായിച്ച ശേഷം ഉച്ചയ്ക്കു ശേഷമാണു വീട്ടിലെത്തിയത്. ഇതിനിടെയാണ് നഗരസഭാധ്യക്ഷ ലൗലി ജോർജ് പടികരയുടെ ഫോൺ വിളിയെത്തിയത്.

ഉടനെ ഓട്ടോയിൽ വലയുമായി ഏറ്റുമാനൂരിലെത്തി. നഗരസഭയുടെ നേതൃത്വത്തിലുള്ള വാക്സീൻ ക്യാംപിനും ജയകുമാർ ഇന്നു മുതൽ സഹകരിക്കും. തെരുവുനായ്ക്കളെ പിടികൂടി കുത്തിവയ്പിന് എത്തിക്കുന്നതിനും ജയകുമാറാണ് കരാർ എടുത്തിരിക്കുന്നത്.

തെരുവുനായ്ക്കൾക്ക് ഇന്ന് മുതൽ വാക്സീൻ

തെരുവുനായ്ക്കൾക്ക് ഇന്നു മുതൽ വാക്സീൻ നൽകുമെന്നു നഗരസഭാധ്യക്ഷ ലൗലി ജോർജ് പടികര അറിയിച്ചു. രാവിലെ 8നു നഗരസഭാ മത്സ്യ മാർക്കറ്റിനു സമീപത്താണു ക്യാംപ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com