നാടൻ വിഭവങ്ങളുമായി അവരെത്തി; പഴമയുടെ രുചി ഒന്നിച്ചറിഞ്ഞു

  കുറിച്ചിത്താനം കെ.ആർ.നാരായണൻ ഗവ എൽപി സ്കൂളിൽ  നടത്തിയ നാടൻ വിഭവങ്ങളുടെ ഭക്ഷ്യമേള.
കുറിച്ചിത്താനം കെ.ആർ.നാരായണൻ ഗവ എൽപി സ്കൂളിൽ നടത്തിയ നാടൻ വിഭവങ്ങളുടെ ഭക്ഷ്യമേള.
SHARE

കുറിച്ചിത്താനം ∙നാടൻ വിഭവങ്ങളുടെ നന്മയും രുചിയും അറിഞ്ഞു വേറിട്ട ഉച്ചഭക്ഷണവും സദ്യയും. നൂറിലധികം വിദ്യാർഥികൾ വീടുകളിൽ നിന്നു ചീരത്തോരനും ചേമ്പില തോരനും ചക്കക്കുരു ചമ്മന്തിയും മത്തങ്ങ പായസവും ചേമ്പില പക്കോടയും ഉൾപ്പെടെ നാടൻ വിഭവങ്ങൾ വിദ്യാലയത്തിൽ കൊണ്ടുവന്നപ്പോൾ അതു തലമുറ കൈമാറി വന്ന രുചിയുടെ ആഘോഷമായി മാറി. കെ.ആർ.നാരായണൻ ഗവ എൽപി സ്കൂളിൽ പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി നടത്തിയ നാടൻ വിഭവങ്ങളുടെ ഭക്ഷ്യമേള ആണ് വിദ്യാർഥികൾക്കും അധ്യാപകർക്കും വേറിട്ട അനുഭവം പകർന്നത്.

കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ പോഷക ഗുണങ്ങൾ ഉള്ള നാടൻ വിഭവങ്ങൾ ഉൾപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമായാണ് മേള നടത്തിയത്. മുൻ രാഷ്ട്രപതി ഡോ.കെ.ആർ.നാരായണന്റെ മാതൃവിദ്യാലയമായ സ്കൂളിൽ ഒന്നു മുതൽ 4 വരെ ക്ലാസുകളിൽ പഠിക്കുന്നത് 145 വിദ്യാർഥികൾ. ഇവർ എല്ലാവരും വീടുകളിൽ തയാറാക്കിയ നാടൻ വിഭവങ്ങൾ ചോറ്റുപാത്രങ്ങളിലും പാക്കറ്റുകളിലും സ്കൂളിൽ എത്തിച്ചു. ഓരോ വിഭവത്തിനും ഒപ്പം ചെറിയൊരു കുറിപ്പും. കുട്ടികൾക്കു പിന്തുണ നൽകി അധ്യാപകരും അനധ്യാപകരും മുതൽ ഉച്ചഭക്ഷണം തയാറാക്കുന്ന വിലാസിനി വരെ വിഭവങ്ങൾ എത്തിച്ചു.

സ്കൂൾ വരാന്തയിൽ ഒരുക്കിയ പ്രദർശനത്തിൽ ഇലക്കറികളും നാടൻ കട്‌ലറ്റുകളും മത്തങ്ങ പായസവും ചക്കക്കുരു ചമ്മന്തിയും പപ്പായ എരിശ്ശേരിയും ഉൾപ്പെടെ ഒട്ടേറെ വിഭവങ്ങൾ നിരന്നു. ഓരോ വിഭവത്തെക്കുറിച്ചും ചെറിയൊരു കുറിപ്പും തയാറാക്കിയ രീതിയും കുട്ടികൾ വിശദീകരിച്ചു. പ്രദർശനം കഴിഞ്ഞപ്പോൾ പങ്കുവയ്ക്കലിന്റെ സമയമായി.  വിദ്യാർഥികളും അധ്യാപകരും കൊണ്ടുവന്ന വിഭവങ്ങൾ എല്ലാവരും പങ്കിട്ടെടുത്തു ഉച്ചഭക്ഷണം വേറിട്ട ഒരു സദ്യയാക്കി മാറ്റി.

സാധാരണ ദിവസങ്ങളിൽ സാമ്പാറും തോരനും മാത്രം വിളമ്പുന്ന ഉച്ചഭക്ഷണത്തിനു ഇന്നലെ നാടൻ വിഭവങ്ങളുടെ തനിമയും സ്വാദും ആയിരുന്നു. വിദ്യാർഥികൾക്കു വീടുകളിൽ വിഭവങ്ങൾ തയാറാക്കിയ അമ്മമാർക്കും സ്കൂളിന്റെ സല്യൂട്ട്. പ്രധാന അധ്യാപിക റീന പോൾ, സ്റ്റാഫ് സെക്രട്ടറി കെ.ഷീബ, അധ്യാപകരായ ജോബി മോൾ ജോസഫ്, വിൻസി മോൾ തോമസ്, ലിസി സെബാസ്റ്റ്യൻ, പ്രീ പ്രൈമറി സ്കൂൾ അധ്യാപിക സിന്ധു, ജീവനക്കാരൻ എം.ടി.ബാബു, പിടിഎ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}