കടുത്തുരുത്തി ∙ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒക്കും എസ്ഐക്കും മൊബൈൽ ഫോൺ അലർജി. ഇവരുടെ മൊബൈൽ ഫോണിൽ വിളിച്ചാൽ എടുക്കാറില്ലെന്നു വ്യാപക പരാതി. കഴിഞ്ഞ ദിവസം രാത്രി എസ്എച്ച്ഒയെ പത്ത് തവണ വിളിച്ചിട്ടും ഫോണെടുത്തില്ല എന്നാണ് ആക്ഷേപം. എസ്എച്ച്ഒ മുൻപ് ജോലി ചെയ്തിരുന്ന സ്റ്റേഷനിലും ഇതേ പരാതി ഉണ്ടായിരുന്നു. വാഹന അപകടങ്ങളോ മോഷണമോ ഉണ്ടായാലോ ലഹരി സംഘത്തിന്റെ ആക്രമണങ്ങളോ ഉണ്ടാകുമ്പോൾ ഇവരുടെ നമ്പറിൽ വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി.
സ്റ്റേഷൻ നമ്പറിൽ വിളിച്ച് പരാതി പറഞ്ഞാലും കാര്യമായ നടപടി സീകരിക്കാറില്ലത്രേ. ഇതു മൂലം പൊലീസിന് നാട്ടുകാരുടെ സഹകരണം ലഭിക്കാറില്ല. എസ്എച്ച്ഒയെ പല തവണ വിളിച്ചാലും ഫോൺ എടുക്കാറില്ലെന്നും തിരിച്ചു വിളിക്കാറില്ലെന്നും ജനപ്രതിനിധികളും പരാതിപ്പെട്ടു. കടുത്തുരുത്തി സ്റ്റേഷനിലെ എസ്ഐയുടെയും എസ്എച്ച്ഒയുടെയും ഫോൺ അലർജിക്കെതിരെ രാഷ്ട്രീയ നേതാക്കൾ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് ചീഫിനും പരാതി നൽകാൻ ഒരുങ്ങുകയാണ്.