ഗോവണിയിലൂടെ മുകളിലേക്ക് കയറിയാൽ ഹെലികോപ്റ്റർ, ഗുഹകവാടത്തിലൂടെ പ്രവേശനം; പാർക്ക് പോലൊരു സ്കൂൾ

  കീഴൂർ ഗവൺമെന്റ് എൽ. പി സ്‌കൂളിൽ കുട്ടികൾക്കായി ഒരുക്കിയ പാർക്ക്
കീഴൂർ ഗവൺമെന്റ് എൽ. പി സ്‌കൂളിൽ കുട്ടികൾക്കായി ഒരുക്കിയ പാർക്ക്
SHARE

കടുത്തുരുത്തി ∙ കീഴൂർ ഗവൺമെന്റ് എൽ. പി സ്‌കൂൾ ഒരു പാർക്ക് പോലെ. പ്രീ പ്രൈമറി വിഭാഗത്തിനായി നിർമിച്ച മാതൃകാ ക്ലാസ് മുറിയും പാർക്കുമാണ് സ്കൂളിന്റെ മുഖഛായ മാറ്റി മനോഹരമായ ഒരു പാർക്ക് പോലെ ആക്കി മാറ്റിയത്. ഗുഹ കവാടത്തിലൂടെയാണ് സ്‌കൂളിലെ പാർക്കിലേക്കുള്ള പ്രവേശനം. ഇവിടെയുള്ള രണ്ടു ചെറിയ കുന്നുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് മനോഹരമായ പാലവും നിർമിച്ചിട്ടുണ്ട്. കുട്ടി ഹെലികോപ്റ്ററാണു പാർക്കിന്റെ പ്രധാന ആകർഷണം.

ചെറു ഗോവണിയിലൂടെ മുകളിലേക്ക് കയറിയാൽ ഹെലികോപ്റ്ററിൽ ഇരിക്കാം. പാർക്കിനുള്ളിൽ കുട്ടികൾക്ക് സൈക്കിൾ ചവിട്ടാനുള്ള കോൺക്രീറ്റ് പാതയും മനോഹരമായ പൂന്തോട്ടവുമുണ്ട്. ഊഞ്ഞാൽ, മെറിഗോ റൗണ്ട്, സീസോ എന്നിങ്ങനെ കുട്ടികൾക്ക് ഉല്ലസിക്കാനുള്ള വിവിധ സ്‌ളൈഡുകളുമുണ്ട്. ഉപയോഗശൂന്യമായ ടയറുകൾക്കു വ്യത്യസ്ത നിറം കൊണ്ട് തീർത്ത വേലിയും , ചെറുതും വലുതുമായ ടയർ ഇരിപ്പിടങ്ങളും പാർക്കിന് നിറമുള്ള അഴകു തീർക്കുന്നു.

കാടും മരങ്ങളും പൂക്കളും ആന, മാൻ, വേഴാമ്പൽ, കുരങ്ങ്, കഴുകൻ, സിംഹവാലൻ കുരങ്ങൻ തുടങ്ങി നിരവധി മൃഗങ്ങളെയും പാർക്കിന്റെ ഭിത്തിയിൽ വരച്ചു ചേർത്തിട്ടുണ്ട്. നെൽപാടവും ചക്രം ചവിട്ടലും കാള പൂട്ടലും വല വീശി മീൻ പിടുത്തവും കോൺക്രീറ്റ് റിലീഫ് വർക്കായി മറ്റൊരു ഭിത്തിയിലും ചേർത്തിട്ടുണ്ട്. 

സ്‌കൂൾ പരിസരത്തുള്ള മരങ്ങൾ തറ കെട്ടി മനോഹരമാക്കി കുട്ടികൾക്ക് തണലിൽ വിശ്രമിക്കാനുള്ള സൗകര്യത്തോടൊപ്പം ഒരു ചെറിയ ആമ്പൽ കുളവും തയാറാക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമിൽ വായനാ മൂല, സംഗീത മൂല, കളി മൂല, പാവ മൂല, ശാസ്ത്ര മൂല, ഗണിത മൂല, ചിത്ര മൂല എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. ഓരോ മൂലകളിലും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ മോഡലുകളുമുണ്ട്. പാർക്കിലെയും ക്ലാസ് മുറികളിലെയും ഭിത്തികളിലെ ചിത്രങ്ങൾ കൂടാതെ ശുചിമുറി കോംപ്ലക്സിന്റെ ഭിത്തികളിൽ കടൽ ചിത്രങ്ങളാണ് വരച്ചിട്ടുള്ളത്.

സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ 15 ലക്ഷം രൂപ മുടക്കിയാണ് സ്കൂളിൽ മനോഹരമായ പാർക്ക് ഒരുക്കിയത്. 110 വർഷം പഴക്കമുള്ള സ്‌കൂളിൽ 2011ലാണ് പ്രീപ്രൈമറി തുടങ്ങുന്നത്. ഇപ്പോൾ 24 കുട്ടികളുണ്ട്. മുൻ പ്രഥമാധ്യാപകൻ കെ. സാബു ഐസക്കിന്റെ നേതൃത്വത്തിലാണ് നവീകരണം ആരംഭിച്ചത്. പ്രധാന അധ്യാപികയുടെ ചുമതലയുള്ള കെ.എസ് ഉഷ, നഴ്സറി അധ്യാപിക ഷീബ ബിനോയ് എന്നിവരാണ് ഇപ്പോൾ പാർക്കിന്റെ മേൽ നോട്ടം വഹിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA