ADVERTISEMENT

ചങ്ങനാശേരി ∙ ആലപ്പുഴയിൽ നിന്നു കാണാതായ യുവാവിന്റെ മൃതദേഹം വീടിനുള്ളിൽ മറവു ചെയ്ത് സിമന്റിട്ട് ഉറപ്പിച്ച നിലയിൽ. ആലപ്പുഴ ആര്യാട് കോമളപുരം കിഴക്കേത്തയിൽ ബിന്ദുമോന്റെ (45) മൃതദേഹം ചങ്ങനാശേരി പൂവത്ത് എസി കോളനിയിലെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ‘ദൃശ്യം’ മോഡൽ കൊലപാതകമെന്നു പ്രചാരണം. 

എസി റോഡരികിൽ പൂവം എസി കോളനിയിൽ ബിന്ദുമോനെ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ വീട്. ചുവപ്പ് വൃത്തത്തിൽ.

കയർ ഫാക്ടറി തൊഴിലാളിയായ ബിന്ദുമോൻ അവിവാഹിതനാണ്. ബിന്ദുമോനെ കഴിഞ്ഞ 26 മുതൽ കാണാനില്ലായിരുന്നു. അവസാനം ഫോൺ വിളിച്ചവരിലേക്ക് ആലപ്പുഴ നോർത്ത് പൊലീസിന്റെ അന്വേഷണമെത്തി. ഇതിൽ മുത്തുവിന്റെ പ്രതികരണത്തിൽ പൊലീസിനു സംശയം തോന്നി. സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടും മുത്തു എത്തിയതുമില്ല. മുത്തുവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ നോക്കി ആലപ്പുഴ പൊലീസ് വെള്ളിയാഴ്ച രാത്രി ചങ്ങനാശേരിയിലെ വീട്ടിലെത്തുകയായിരുന്നു.

അടുക്കളയോടു ചേർന്നുള്ള ചായ്പിൽ കോൺക്രീറ്റ് തറയുടെ ഭാഗങ്ങൾ പുതുതായി സിമന്റ് ഇട്ട് ഉറപ്പിച്ചിരിക്കുന്നതു പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. ഇന്നലെ തറ പൊളിച്ച്  മൃതദേഹം കണ്ടെത്തി.  തറ നിരപ്പിൽ നിന്നു രണ്ടടി താഴ്ചയിലാണ് കുഴി. ആലപ്പുഴയിൽ നിന്നുള്ള ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞതോടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. മുത്തുകുമാർ ഒപ്പം താമസിച്ചിരുന്ന മൂന്നു മക്കളെയും കഴിഞ്ഞ ദിവസം നാലുകോടിയിലുള്ള ബന്ധുവീട്ടിലേക്കു മാറ്റിയിരുന്നു. ഇയാളുടെ ഭാര്യ വിദേശത്താണ്.

ബിന്ദുമോൻ ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതും ഈ ബൈക്ക് പുതുപ്പള്ളി കൊട്ടാരത്തിൽക്കടവ് ഭാഗത്തെ തോട്ടിൽ നിന്നു ലഭിച്ചതും നിർണായക തെളിവുകളായി. മുത്തുകുമാറിന്റെ വീട്ടിലെത്തിയ ബിന്ദുമോനുമായുണ്ടായ തർക്കം കൊലപാതകത്തിൽ  കലാശിച്ചെന്നാണു പൊലീസ് നിഗമനം. മറ്റു രണ്ടുപേർക്കു കൂടി കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നു.   

ബിന്ദുമോനെയും മുത്തുകുമാറിനെയും അടുത്തറിയാവുന്ന ഒരു സുഹൃത്ത് ആലപ്പുഴയിലെ പൊലീസ് സ്റ്റേഷനിലെത്തി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ചങ്ങനാശേരിയിലേക്ക് എത്തിയതും മൃതദേഹം കണ്ടെത്തിയതും. ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയായ മുത്തുകുമാറും ബിന്ദുമോനും തമ്മിൽ വർഷങ്ങളായി പരിചയമുണ്ട്. ബിന്ദുമോൻ ഇടയ്ക്കിടെ മുത്തുകുമാറിന്റെ വീട്ടിലെത്താറുണ്ടായിരുന്നതായി  വിവരം ലഭിച്ചു.  പുരുഷൻ – കമല ദമ്പതികളുടെ മകനാണ് ബിന്ദുമോൻ. സഹോദരങ്ങൾ: സജി, ഷൺമുഖൻ.

തുമ്പ് കുരുങ്ങി ചൂണ്ടയിൽ

വാകത്താനം ∙ ചങ്ങനാശേരി പൂവം കൊലപാതകത്തിൽ തുമ്പായത് ചൂണ്ടയിൽ കുരുങ്ങിയ ബൈക്ക്. വ്യാഴാഴ്ച രാവിലെ 9.30ന് വാകത്താനം കൊട്ടാരത്തിൽക്കടവ് തോട്ടിൽ മീൻ പിടിക്കാനെത്തിയവരുടെ ചൂണ്ടയിൽ ബൈക്ക് കുരുങ്ങി. ഇവർ വിവരം വാകത്താനം പൊലീസിൽ അറിയിച്ചു. ആലപ്പുഴ ആര്യാടുനിന്നു കാണാതായ ബിന്ദുമോന്റെ ബൈക്കാണെന്നു പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെ ആലപ്പുഴയിലും പരിസരപ്രദേശത്തുമായി നടന്ന അന്വേഷണം ആലപ്പുഴ നോർത്ത് പൊലീസ് കോട്ടയത്തേക്കു വ്യാപിപ്പിച്ചത്.

വിജനമായ പ്രദേശം

കൊട്ടാരത്തിൽക്കടവിൽ ബൈക്ക് തള്ളിയതാരാണെന്നാണു പൊലീസ് പരിശോധിക്കുന്നത്. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കും. പകൽ സമയത്തും വിജനമായ പ്രദേശമാണ് കൊട്ടരത്തിൽക്കടവ്. രാത്രി 10 കഴിഞ്ഞാൽ വഴിയാത്രക്കാരു പോലുമുണ്ടാകാറില്ല. സ്ഥല പരിചയമുള്ളവരാകാം സംഭവത്തിനു പിന്നിലെന്നാണു നിഗമനം. സംഭവദിവസം അപരിചിതരായ ആരെയെങ്കിലും കണ്ടിരുന്നോയെന്ന വിവരം നാട്ടുകാരിൽനിന്നു തേടുന്നുണ്ട്.

തോട്ടിൽ ബൈക്ക് വീഴുന്ന ശബ്ദം കേൾക്കാവുന്ന ദൂരത്തിൽ പെട്ടിക്കടയും വീടുമുണ്ട്. അതിനാൽ പകൽ വാഹനം തോട്ടിൽ തള്ളുക എളുപ്പമല്ല. രാത്രി 10 കഴിഞ്ഞാൽ ഇവിടെ നിന്നു പുറത്തേക്കു കടക്കാൻ വാഹന സൗകര്യവുമില്ല. രാത്രി ബൈക്ക് ഓടിച്ചു കൊണ്ടുവന്നു തോട്ടിൽ തള്ളിയാൽ പ്രതിക്ക് ഇവിടെ നിന്നു കടക്കുക എളുപ്പമല്ല. ഇതാണു മറ്റൊരു സഹായിയുടെയും വാഹനത്തിന്റെയും സാധ്യതയിലേക്കു പൊലീസ് ചിന്തിക്കാൻ കാരണം.

യുവാവിനെ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ടു; പ്രതി മുത്തുകുമാർ പിടിയിൽ, 2 പേർ ഒളിവിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com