ADVERTISEMENT

ചങ്ങനാശേരി ∙ കൊലപാതകത്തിന്റെ തെളിവുകൾ കുഴിച്ചുമൂടാനായിരുന്നു ശ്രമമെങ്കിലും കുഴിച്ചിട്ടതു സ്വന്തം വീട്ടിലായതോടെ പ്രതികളുടെ പ്ലാനിങ് പാളിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മൃതദേഹം കണ്ടെത്തിയ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന മുത്തുകുമാർ പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ടെന്നാണു സൂചന. മൃതദേഹം കുഴിച്ചിടുന്ന സമയത്ത് ഇദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നോ അതിനു ശേഷവും ഇയാൾ ഇവിടെ താമസിച്ചിരുന്നോ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നു പൊലീസ് പറഞ്ഞു.

നിർമാണത്തൊഴിലാളിയാണെങ്കിലും നിരപ്പല്ലാതെ സിമന്റിട്ടതും സംശയത്തിനിട നൽകി. തുടർന്നാണു തറപൊളിക്കാൻ തീരുമാനിച്ചത്. മറ്റൊരിടത്തു കൊലപ്പെടുത്തി ശരീരം ഇവിടെ എത്തിച്ചതാകാനുള്ള സാധ്യത കുറവാണ്. വീടിനകത്തു പിടിവലി നടന്ന ലക്ഷണങ്ങളുണ്ട്. പ്രാഥമിക പരിശോധനയിൽ ബിന്ദുമോന്റെ ശരീരത്തിൽ വലിയ മുറിവുകളില്ല.   മരണ കാരണം നാഭിക്കേറ്റ ശക്തമായ അടിയെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയൂ.

മദ്യലഹരിയിലെ വാക്കു തർക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനനമാകാം കാരണമെന്നും ശരീരത്തിൽ ക്ഷമമേറ്റതിന്റെ പാടുകളോ മുറിവോ കണ്ടെത്താനായിട്ടില്ലെന്നും ഉന്നത അന്വേഷണ ഉദ്യോഗസ്ഥൻ മനോരമയോട് പറഞ്ഞു. വീട്ടിൽനിന്നു സിഗരറ്റ് പാക്കറ്റും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. മൃതദേഹത്തിന് 5 ദിവസം വരെ പഴക്കമുണ്ടെന്നാണു പൊലീസ് നിഗമനം. ചെക്ക് ഷർട്ടും മുണ്ടും ധരിച്ച നിലയിലായിരുന്നു. മുത്തുകുമാറിന്റെ വീട്ടിലേക്ക് ബൈക്കിലും മറ്റുമായി ആളുകൾ എത്തിയിരുന്നതായി നാട്ടുകാർ മൊഴി നൽകി.

മുത്തുകുമാർ സാധാരണയായി ഇരുചക്ര വാഹനങ്ങൾ ഓടിക്കാറില്ലെന്നു നാട്ടുകാർ പറഞ്ഞു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരാളെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ദൂരെസ്ഥലത്തു ജോലിക്കു പോകുന്നതിനാൽ കുട്ടികളെ ബന്ധുവീട്ടിൽ ആക്കുന്നുവെന്നു പലരോടും മുത്തുകുമാർ പറഞ്ഞിരുന്നു. മുത്തുകുമാറുമായി വലിയ ബന്ധമില്ലെന്നു മുത്തുകുമാറിന്റെ ഭാര്യയുടെ ബന്ധുക്കൾ പറഞ്ഞു.

സിനിമയിലെ ദൃശ്യം പ്രേരണയോ?

സമൂഹത്തിലെ നന്മയും തിന്മയുമാണ് സിനിമയിൽ പ്രതിഫലിക്കുന്നതെന്നു പണ്ടു മുതലേ പറയാറുണ്ട്. എന്നാൽ സിനിമയുടെ സ്വാധീനത്താൽ ചെയ്യപ്പെടുന്ന തിന്മകൾക്കാണ് എപ്പോഴും കൂടുതൽ പ്രചാരണം ലഭിക്കാറുള്ളത്. സിനിമ സമൂഹത്തിലുണ്ടാക്കുന്ന ദൂഷ്യവശങ്ങളെപ്പറ്റി പഠനങ്ങൾ പലതുണ്ട്. നല്ല മാറ്റങ്ങളെക്കുറിച്ചുള്ള പഠനം നടന്നിട്ടുമില്ല. കുറ്റകൃത്യം ഒളിപ്പിക്കാൻ സിനിമ ആളുകളെ പ്രേരിപ്പിക്കുന്നുവെന്ന ആരോപണം ഉയർത്തിയത് 2013ൽ ദൃശ്യം സിനിമ റിലീസ് ആയതിനു ശേഷം അന്നത്തെ ഡിജിപി ടി.പി.സെൻകുമാറാണ്.

കുറ്റകൃത്യങ്ങൾ സിനിമയിൽ കാണിക്കുന്നതു മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ, വിശദാംശങ്ങളോടെയുള്ള അവതരണമാണ് സമൂഹത്തെ കുഴപ്പത്തിലേക്കു നയിക്കുന്നത് എന്നതാണു പൊലീസിന്റെ വിലയിരുത്തൽ.പൊതുവായി നോക്കിയാൽ 95% വിജയ സിനിമകളും നായകന്റെയോ നായികയുടെയോ പ്രതികാര വിജയങ്ങളാണ്. അപ്പോൾ പ്രതികാരമാണു ജീവിതലക്ഷ്യം എന്ന മിഥ്യാധാരണ പരത്താൻ കുറെ സിനിമകൾക്കെങ്കിലും കഴിഞ്ഞിട്ടുണ്ടെന്നും ഇവർ പറയുന്നു. കോവിഡ് കാലത്തു സിനിമ കൂടുതൽ ഇരുൾ വീണതാണെന്നു പറഞ്ഞവരുണ്ട്. ഒടിടിയിലേക്കു ചുവടു മാറിയപ്പോൾ വിജയിച്ചവയിൽ കൂടുതലും ക്രൈം സിനിമകളായിരുന്നു. 

അയൽക്കാർ പറയുന്നു: മണ്ണിട്ടു മൂടി, സിമന്റിട്ടു

ചങ്ങനാശേരി ∙ ‘ഞങ്ങൾ ആലപ്പുഴയിൽ നിന്നുള്ള പൊലീസുകാരാണ്’: വെള്ളിയാഴ്ച രാത്രി അയൽവീട്ടിൽനിന്ന് അപരിചിതരുടെ സംസാരം കേട്ട് എഴുന്നേറ്റു നോക്കിയ എസി കോളനി മാലിത്തറ ഗോപകുമാറിനോടു പൊലീസ് പറഞ്ഞതിങ്ങനെ.ഗോപകുമാറിനെയും കൂട്ടിയാണു പൊലീസ് മുത്തുകുമാറിന്റെ വീടു പരിശോധിച്ചത്.

‘‘ മുത്തുകുമാറിന്റെ വീട്ടിലെ അടുക്കളയോടു ചേർന്നുള്ള മുറിയിൽ ചെമ്മണ്ണും മറ്റും കൂടിക്കിടന്ന ഭാഗം പൊലീസ് തൂത്തുമാറ്റിയപ്പോഴാണ് ഇവിടെ പുതുതായി സിമന്റിട്ട് ഉറപ്പിച്ചതായി കണ്ടത്’: ഗോപകുമാർ പറഞ്ഞു. മുത്തുകുമാർ അധികമാരോടും സംസാരിക്കില്ലായിരുന്നു.ഈ വീട്ടിൽനിന്ന് അസ്വഭാവികമായ ശബ്ദങ്ങളോ മറ്റോ അടുത്തിടെ കേട്ടിരുന്നില്ലെന്നുംഅദ്ദേഹം പറഞ്ഞു. എസി റോഡിൽ പൂവം ഭാഗത്തു നിന്നു പാലം കയറി ഇടുങ്ങിയ വഴിയിലൂടെ ഏറെ ദൂരം സഞ്ചരിച്ചാൽ മാത്രമേ ഈ വീട്ടിലേക്ക് എത്താൻ കഴിയൂ.

‘ഞാനും നാട്ടുകാരനായ ഗിരീഷും ചേർന്നാണു സിമന്റ് ഇളക്കി തറ പൊളിച്ചത്. സിമന്റ് പൂർണമായി ഉണങ്ങിയിരുന്നില്ല. ബാക്കിയുള്ള തറ കോൺക്രീറ്റ് ചെയ്ത നിലയിലും നടുവിൽ കുഴിയെടുത്ത ഭാഗത്തു സിമന്റിട്ട് ഉറപ്പിച്ച നിലയിലുമായിരുന്നു. മൃതദേഹം മണ്ണിട്ടു മൂടിയിരിക്കുകയായിരുന്നു’– പൊലീസിന്റെ നിർദേശപ്രകാരം മൃതദേഹം കുഴിച്ചെടുത്ത കനകദാസ് പറഞ്ഞു.

മുത്തുകുമാറും സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു

കോട്ടയം∙ ‘ഈ മതിലിനപ്പുറം ദുരൂഹ സാഹചര്യത്തിൽ ഒരു മനുഷ്യശരീരം മണ്ണിനടിയിൽ കിടക്കുന്നുണ്ടായിരുന്നുവെന്നു ചിന്തിക്കുമ്പോൾ തന്നെ പേടി തോന്നുന്നു. രാത്രിയാകുന്തോറും പേടിയാകുന്നു.’ കൊലപാതകം നടന്ന വീടിന്റെ തൊട്ടടുത്തു താമസിക്കുന്ന ശ്രീമതി (75) വിറയലോടെയാണു സംസാരിച്ചു തുടങ്ങിയത്. ശ്രീമതിയുടെ അടുക്കള വാതിൽ തുറന്നാൽ ബിന്ദുമോനെ കുഴിച്ചിട്ട ചായ്പു കാണാം.

കഴിഞ്ഞദിവസം പകൽ വീട്ടിൽ മുത്തുകുമാറിനെയും ഏതാനും സുഹൃത്തുക്കളെയും കണ്ടിരുന്നതായി ശ്രീമതിയുടെ മകൾ അജിത (46) പറയുന്നു. 2 ബൈക്കുകളും വീടിനോടു ചേർന്നു വഴിയിൽ നിർത്തിയിട്ടുണ്ടായിരുന്നു. 29ന് വൈകിട്ട് 3.30നു വീടുപൂട്ടി ബാഗുമായി മുത്തുകുമാർ പോകുന്നതു കണ്ടതായി അങ്കണവാടി ടീച്ചർ ശ്രീലത പറയുന്നു. മുത്തുകുമാർ താമസിച്ചിരുന്ന വീടു കഴിഞ്ഞു ശ്രീമതിയുടെ വീടും തുടർന്ന് അങ്കണവാടിയുമാണ് ഉള്ളത്. വാഗമണ്ണിൽ ജോലിക്കു പോകുന്നുവെന്നാണു മുത്തുകുമാർ പറഞ്ഞതെന്നും ഇവർ പറയുന്നു.

യുവാവിനെ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ടു; പ്രതി മുത്തുകുമാർ പിടിയിൽ, 2 പേർ ഒളിവിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com