ADVERTISEMENT

കോട്ടയം∙ വ്യാപാരികൾ തിങ്കളാഴ്ച വരെ സാവകാശം ആവശ്യപ്പെട്ടെങ്കിലും തിരുനക്കര കോംപ്ലക്സിലെ കടമുറികൾ അടപ്പിച്ചു നഗരസഭാധികൃതർ. നഗരസഭ സെക്രട്ടറി അവധി ആയിരുന്ന സാഹചര്യത്തിൽ സെക്രട്ടറി ഇൻചാർജ് ഫില്ലിസ് ഫെലിക്സിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കടകൾ ഒഴിപ്പിച്ചത്. എ ബ്ലോക്കിലെ മൂന്നാം നമ്പർ കടയാണ് ആദ്യം പൂട്ടിയത്. തുടർന്ന് 14, 22, 24 നമ്പർ കടകളും പൂട്ടി സീൽ ചെയ്തു. 7 ദിവസത്തെ നോട്ടിസ് കാലാവധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. മുൻധാരണപ്രകാരം സാധനങ്ങൾ മാറ്റിയ കടകളാണു പൂട്ടിയത്.

ഇതേസമയം മറ്റുള്ള വ്യാപാരികൾക്കു സാധനം മാറ്റാനും കട ഒഴിയുന്നതിനുമായി ഒരു ദിവസത്തേക്കു കൂടി സാവകാശം നൽകി.പ്രതിഷേധ സാധ്യതകൾ ഒഴിവാക്കാൻ വൻ പൊലീസ് സന്നാഹവും എത്തിയിരുന്നു. കോടതി വിധി മാനിക്കുന്നുവെന്നും പ്രതിഷേധത്തിനില്ലെന്നും വ്യാപാരികൾ അറിയിച്ചു. വ്യാപാരികൾ മുന്നോട്ടു വച്ച പാക്കേജുകൾ വ്യവസ്ഥകളൊടെ പരിഗണിക്കാമെന്നു നഗരസഭ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കടമുറികൾ സ്വമേധയാ ഒഴിഞ്ഞു കൊടുക്കാൻ കച്ചവടക്കാർ തീരുമാനിച്ചത്. എല്ലാ വ്യാപാരികൾക്കും പുനരധിവാസ പാക്കേജ് ഉറപ്പു വരുത്തിയതായി നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.

ഇന്നു കൂട്ടത്തോടെ പടിയിറക്കം

ഇന്നു തിരുനക്കരയിലെ മുഴുവൻ വ്യാപാരികളും സാധനങ്ങൾ മാറ്റി കടകൾ ഒഴിയും. നാളെ താക്കോൽ കൈമാറും. 52 കടകളാണ് കോംപ്ലക്സിൽ ഉള്ളത്. 2 പതിറ്റാണ്ടിലേറെ തിരുനക്കരയിൽ കച്ചവടം ചെയ്തിരുന്നവരാണ് ഇവരിലേറെയും. മറ്റു മാർഗങ്ങളില്ലാത്തതിനാൽ സാധനങ്ങൾ സ്വന്തം വീടുകളിലേക്കു മാറ്റുന്നതിനുള്ള തയാറെടുപ്പിലാണ് ഭൂരിഭാഗംപേരും. നഗരസഭ ‘വാക്കാൽ ഉറപ്പു’ നൽകിയ പാക്കേജിലാണ് വ്യാപാരികളുടെ പ്രതീക്ഷ. ചിലർ നാഗമ്പടത്തെ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലേക്കു മാറാനുള്ള തയാറെടുപ്പിലാണ്.

നടപടി പൊലീസിനെ അറിയിച്ചില്ല

ഇന്നലെ തിരുനക്കര കോംപ്ലക്സിലെ കടകൾ പൂട്ടി സീൽ ചെയ്യാൻ നഗരസഭ അധികൃതർ എത്തിയത് പൊലീസിനെ അറിയിച്ചില്ലെന്ന് ആരോപിച്ച് പൊലീസും നഗരസഭ ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റം. വലിയ പ്രതിഷേധം നടന്ന സ്ഥലമാണ് തിരുനക്കര. ഇവിടെ പൊലീസ് സുരക്ഷയില്ലാതെ ഉദ്യോഗസ്ഥർ എത്തിയതു ശരിയല്ലെന്നും ഏതെങ്കിലും വിധത്തിലുള്ള പ്രകോപനമോ സംഘർഷമോ ഉണ്ടായാൽ ആര് ഉത്തരവാദിത്തം ഏൽക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദിച്ചു. ചർച്ചകൾക്കൊടുവിൽ നടപടികളോടു പൊലീസ് സഹകരിച്ചു.

ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും

വ്യാപാരികളുടെ കയ്യിൽനിന്നു താക്കോൽ വാങ്ങിയ ശേഷം കെട്ടിടം ഒഴിപ്പിക്കൽ പൂർണമായതായി വരുന്ന 6നു നഗരസഭ  ഹൈക്കോടതിയെ അറിയിക്കും. കോടതിയലക്ഷ്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയും നൽകും. തുടർന്ന് കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ടെൻഡർ നടപടികളിലേക്കു നീങ്ങും. കടകൾ അടച്ചു പൂട്ടിയാലും, ഗതാഗത ക്രമീകരണങ്ങൾക്കായുള്ള കമ്മിറ്റി കൂടുന്നതു വരെ ബസുകൾ തിരുനക്കരയിൽ പ്രവേശിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com