ADVERTISEMENT

ചങ്ങനാശേരി ∙ ആലപ്പുഴയിൽനിന്നു കാണാതായ യുവാവിന്റെ മൃതദേഹം വീടിനുള്ളിൽ മറവു ചെയ്ത് സിമന്റിട്ട് ഉറപ്പിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിന്റെ സുഹൃത്ത് അറസ്റ്റിൽ. ആലപ്പുഴ കോമളപുരം കിഴക്കേത്തയിൽ ബിന്ദുമോൻ(45) കൊല്ലപ്പെട്ട കേസിലാണു സുഹൃത്ത് മുത്തുകുമാർ (49) അറസ്റ്റിലായത്. 3 പേർ ചേർന്നാണു കൊലപാതകം നടത്തിയതെന്നു പൊലീസ് പറഞ്ഞു. കോട്ടയം സ്വദേശികളും മുത്തുകുമാറിന്റെ സുഹൃത്തുക്കളുമായ മറ്റു 2 പ്രതികൾ കേരളം വിട്ടതായി പൊലീസ് പറഞ്ഞു. ഇരുവരും സ്ഥിരം കുറ്റവാളികളാണെന്നാണു പൊലീസ് നൽകുന്ന സൂചന.

കുടുംബപ്രശ്നമാണു കൊലപാതകത്തിനു പിന്നിലെന്നാണു പൊലീസിന്റെ സംശയം. ബിന്ദുമോനെ 3 പ്രതികളും ചേർന്നു ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ചങ്ങനാശേരി പൂവത്ത് എസി കോളനിയിൽ മുത്തുകുമാർ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ ദിവസമാണു ബിന്ദുമോന്റെ മൃതദേഹം കണ്ടെത്തിയത്. ബിന്ദുമോന്റെയും മുത്തുകുമാറിന്റെയും പൊതുസുഹൃത്ത് നൽകിയ വിവരങ്ങളും മുത്തുകുമാറിന്റെ മൊബൈൽ വിവരങ്ങളും പിന്തുടർന്നാണു പൊലീസ് പ്രതിയെ പിടികൂടിയത്.

1. സത്യം, കുഴിച്ചുമൂടിയാലും...
എസി റോഡരികിൽ  പൂവം എസി കോളനിയിലെ വീട്ടിനുള്ളിൽ ബിന്ദുമോനെ കുഴിച്ചുമൂടിയതിവിടെ.., 2. ആലപ്പുഴ സ്വദേശി ബിന്ദുമോന്റെ ബൈക്ക് വാകത്താനം കൊട്ടാരത്തിൽക്കടവ് തോട്ടിൽ കണ്ടെത്തിയപ്പോൾ.  
ഇൻസെറ്റിൽ ബിന്ദുമോൻ
1. സത്യം, കുഴിച്ചുമൂടിയാലും... എസി റോഡരികിൽ പൂവം എസി കോളനിയിലെ വീട്ടിനുള്ളിൽ ബിന്ദുമോനെ കുഴിച്ചുമൂടിയതിവിടെ.., 2. ആലപ്പുഴ സ്വദേശി ബിന്ദുമോന്റെ ബൈക്ക് വാകത്താനം കൊട്ടാരത്തിൽക്കടവ് തോട്ടിൽ കണ്ടെത്തിയപ്പോൾ. ഇൻസെറ്റിൽ ബിന്ദുമോൻ

ആലപ്പുഴ കലവൂരിലെ ഐടിസി കോളനിയിൽ ഒളിവിൽ താമസിക്കുമ്പോൾ പിടിയിലായ മുത്തുകുമാറിനെ ഇന്നലെ രാവിലെ ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ എത്തിച്ചു. മുത്തുകുമാറിനെ പിന്നീടു സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി. കൊലപ്പെടുത്തിയ ശേഷം ബിന്ദുമോനെ കുഴിച്ചു മൂടുന്നതിനായി കമ്പിപ്പാരയും മൺവെട്ടിയും വാങ്ങിയ വീടുകൾ തെളിവെടുപ്പിനിടെ മുത്തുകുമാർ ചൂണ്ടിക്കാട്ടി. ഇയാൾ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലെ ഹാളിൽ വച്ച് സുഹൃത്തുക്കൾക്കൊപ്പം ബിന്ദുമോനെ കൊലപ്പെടുത്തിയ രീതിയും വിവരിച്ചു.

തുടർന്ന് സിമന്റ് വ്യാപാര സ്ഥാപനത്തിൽ എത്തിച്ചും തെളിവെടുപ്പു നടത്തി. ഇവിടെ നിന്നാണു മുത്തുകുമാർ സിമന്റ് വാങ്ങിയതെന്നു പൊലീസ് പറഞ്ഞു. ചങ്ങനാശേരി ഡിവൈഎസ്പി സി.ജി.സനിൽ കുമാർ, എസ്എച്ച്ഒ റിച്ചാർഡ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. പോസ്റ്റ്മോർട്ടത്തിനു ശേഷം കോമളപുരത്തെ വീട്ടിലെത്തിച്ച ബിന്ദുമോന്റെ മൃതദേഹം ഇന്നലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

പിടിയിലായത് ഒളിവിൽനിന്ന് കടക്കാൻ ശ്രമിക്കുന്നതിനിടെ

ആലപ്പുഴ ∙ ബിന്ദുമോൻ കൊലക്കേസിലെ പ്രതി മുത്തുകുമാർ പിടിയിലായത് കലവൂർ ഐടിസി കോളനിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ. മുത്തുകുമാർ ഒളിവിൽ കഴിയുന്ന സ്ഥലം മനസ്സിലാക്കിയ പൊലീസ്  ശനി രാത്രി തന്നെ ഇവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൂവത്ത് താമസം തുടങ്ങുന്നതിന് 15 വർഷം മുൻപ് മുത്തുകുമാർ കലവൂർ, കോമളപുരം എന്നിവിടങ്ങളിൽ വാടകയ്ക്കു താമസിച്ചിട്ടുണ്ട്. ആ സമയത്താണ് ബിന്ദുമോനുമായി അടുപ്പത്തിലായത്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുള്ളതായി കരുതുന്നില്ലെന്നു പൊലീസ് പറഞ്ഞു. മുത്തുകുമാറിന്റെ കിടങ്ങറയിലെ വീട്ടിൽ വച്ചുണ്ടായ തർക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

ഇന്നലെ രാവിലെ നോർത്ത് സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിയെ കോട്ടയം എഎസ്പി സാജൻ പോൾ, ആലപ്പുഴ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ.സാബു, ആലപ്പുഴ ഡിവൈഎസ്പി എൻ.ആർ.ജയരാജ്, ചങ്ങനാശേരി ഡിവൈഎസ്പി സി.ജി.സനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം മുത്തുകുമാർ പ്രതിയാണെന്നു രേഖപ്പെടുത്തി. ആലപ്പുഴ നോർത്ത് സിഐ എം.കെ.രാജേഷ്, സിപിഒമാരായ യു.ഉല്ലാസ്, എം.ഹരികൃഷ്ണൻ, എസ്.അനസ്, ഷഫീക്ക്, ശ്യാം, സുരേഷ്ബാബു എന്നിവർ അടങ്ങിയ സ്പെഷൻ സ്ക്വാഡ് ആണ്  അറസ്റ്റ് ചെയ്തത്.

ചൂണ്ടയിൽ കുരുങ്ങിയ തുമ്പ്, കോട്ടയത്തേക്കു അന്വേഷണം വ്യാപിപ്പിച്ചത് ഇങ്ങനെ

വാകത്താനം ∙ ചങ്ങനാശേരി പൂവം കൊലപാതകത്തിൽ തുമ്പായത് ചൂണ്ടയിൽ കുരുങ്ങിയ ബൈക്ക്. വ്യാഴാഴ്ച രാവിലെ 9.30ന് വാകത്താനം കൊട്ടാരത്തിൽക്കടവ് തോട്ടിൽ മീൻ പിടിക്കാനെത്തിയവരുടെ ചൂണ്ടയിൽ ബൈക്ക് കുരുങ്ങി. ഇവർ വിവരം വാകത്താനം പൊലീസിൽ അറിയിച്ചു. ആലപ്പുഴ ആര്യാടുനിന്നു കാണാതായ ബിന്ദുമോന്റെ ബൈക്കാണെന്നു പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെ ആലപ്പുഴയിലും പരിസരപ്രദേശത്തുമായി നടന്ന അന്വേഷണം ആലപ്പുഴ നോർത്ത് പൊലീസ് കോട്ടയത്തേക്കു വ്യാപിപ്പിച്ചത്.

അബദ്ധം പറ്റിയെന്നു പറഞ്ഞു തടി തപ്പാൻ ശ്രമം നടത്തി, പക്ഷേ...

കോട്ടയം ∙ ‘വിളിച്ചു വരുത്തി അടിച്ചു കൊന്നതാ സാറേ... പുറത്തറിയാതിരിക്കാനാ കുഴിച്ചു മൂടിയത്...’ ആലപ്പുഴ സ്വദേശി ബിന്ദുമോന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി മുത്തുകുമാറിന്റെ വെളിപ്പെടുത്തൽ കേട്ട് പൊലീസുകാർ പോലും ഞെട്ടി. ‘ഒന്നു കൂടാമെന്നു പറഞ്ഞു വിളിച്ചു വരുത്തിയതാണ്. മദ്യം നൽകി മയക്കിയാണു കൃത്യം നിർവഹിച്ചത്’ – പൊലീസിനോടു പ്രതി കുറ്റസമ്മതം നടത്തി. എന്തിനാണു കൊന്നതെന്ന ചോദ്യത്തിനു മാത്രം മുത്തുകുമാർ മറുപടി കൊടുത്തില്ല. ചില തർക്കങ്ങൾ ഉണ്ടായിരുന്നെന്ന് ആദ്യം പറഞ്ഞ മുത്തുമാർ പിന്നെ അബദ്ധം പറ്റിയെന്നു പറഞ്ഞു തടി തപ്പാൻ ശ്രമം നടത്തി.

ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായി ചോദ്യം ചെയ്യൽ. കൃത്യമായ തെളിവുകൾ നിരത്തി പൊലീസ് ചോദിച്ചതോടെ മുത്തുകുമാർ പതറി. ഒടുവിലാണു കൃത്യം നടത്തിയത് താനുൾപ്പെടെ 3 പേരാണെന്നു സമ്മതിച്ചത്.ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി സി.ജി.സനൽ കുമാറിന്റെ നേതൃത്വത്തിൽ 3 സിഐമാർ ഉൾപ്പെടെ 20 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.

കൊലപാതകം 26ന്, സിമന്റിട്ടത് 28ന്

കോട്ടയം∙ കഴിഞ്ഞ മാസം 26ന് ഉച്ചയോടെയാണ് എസി കോളനിയിലെ വീട്ടിനുള്ളിൽ ബിന്ദുമോനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഈ സമയം മുത്തുകുമാറിന്റെ മക്കൾ വീട്ടിൽ ഇല്ലായിരുന്നു. പിടിയിലായ മുത്തുകുമാറും സുഹൃത്തുക്കളും ചേർന്നു ബിന്ദുമോനെ മർദിച്ചു കൊലപ്പെടുത്തിയ ശേഷം വീടിന്റെ ചായ്പിൽ എത്തിച്ച് കുഴിച്ചുമൂടി. തുടർന്ന് മുത്തുകുമാറിന്റെ സുഹൃത്തുക്കൾ മടങ്ങി. ബിന്ദുമോന്റെ ബൈക്ക് ഇവരിൽ ഒരാൾ ഇവിടെ നിന്നു കൊണ്ടുപോയി. 28നു പകൽ ഇവർ വീണ്ടും എത്തുകയും മണ്ണിട്ടു മൂടിയ ഭാഗം സിമന്റിട്ട് ഉറപ്പിക്കുകയും ചെയ്തു. 29നു സുഹൃത്തുക്കൾക്കൊപ്പം മുത്തുകുമാർ തമിഴ്നാട്ടിലേക്കു കടന്നു. തിരികെയെത്തിയപ്പോഴാണു പിടിയിലായതെന്നാണു പൊലീസ് നൽകുന്ന വിവരം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com