ADVERTISEMENT

പാലാ ∙ അതിഥിത്തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ചുറ്റിക കൊണ്ടു തലയ്ക്കടിയേറ്റു ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശി മരിച്ചു. കെട്ടിടനിർമാണ തൊഴിലാളിയായ അഭയ് മാലിക് (48) ആണു മരിച്ചത്. ബംഗാൾ സ്വദേശി പ്രദീപ് ബർമൻ (26) പൊലീസ് പിടിയിലായി. ഒന്നിനു പുലർച്ചെ ഒന്നരയോടെ കടപ്പാട്ടൂരാണു സംഭവം.

അവിടെ വാടകക്കെട്ടിടത്തിൽ താമസിക്കുന്ന അതിഥിത്തൊഴിലാളികളായ സുഹൃത്തുക്കളെ കാണാൻ എത്തിയതായിരുന്നു അഭയ്. പ്രതി പ്രദീപും അഭയ്‌യും മദ്യപിക്കുന്നതിനിടെ വാക്കുതർക്കവും അടിപിടിയും ഉണ്ടായതായി പൊലീസ് പറഞ്ഞു. തുടർന്ന് ഉറങ്ങാൻ കിടന്ന അഭയ് മാലിക്കിനെ പ്രദീപ് ചുറ്റിക കൊണ്ടു തലയ്ക്കടിച്ച ശേഷം കടന്നു കളയുകയായിരുന്നു. നാട്ടിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ പാലക്കാട്ടു നിന്നാണു പ്രതിയെ പിടികൂടിയത്.

24 വർഷം മുൻപു തൊഴിൽ തേടിയെത്തിയ അഭയ് മാലിക് മരങ്ങാട്ടുപിള്ളി സ്വദേശിനിയെ വിവാഹം ചെയ്ത് നെല്ലിത്താനത്തുമലയിലാണു താമസിച്ചിരുന്നത്. ഭാര്യ വിദേശത്താണ്. മക്കൾ ഹൈദരാബാദിൽ പഠിക്കുന്നു. ജോലി ചെയ്യുന്നതിനൊപ്പം ചെറുകിട കരാർ ജോലികളും അഭയ് ഏറ്റെടുത്തു നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. എസ്എച്ച്ഒ കെ.പി.ടോംസൺ, എസ്ഐ എം.ഡി.അഭിലാഷ്, സിപിഒമാരായ ജസ്റ്റിൻ ജോസഫ്, രഞ്ജിത്ത്, ജോഷി മാത്യു, അരുൺകുമാർ എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com