ADVERTISEMENT

പനച്ചിക്കാട് ∙ ഇന്നു ദുർഗാഷ്ടമി. നാളെ മഹാനവമി. മറ്റന്നാളാണ് വിജയദശമിയും വിദ്യാരംഭവും. ക്ഷേത്രങ്ങളിലും കളരികളിലും സ്ഥാപനങ്ങളിലും ഇന്നലെ സന്ധ്യയോടെ പൂജവയ്പ് ചടങ്ങ് നടന്നു. ഗ്രന്ഥപൂജയോടൊപ്പം ആയുധപൂജയുടെയും വേളയാണു നവരാത്രി. ദക്ഷിണ മൂകാംബിയിൽ ഗ്രന്ഥമെഴുന്നള്ളിപ്പിനും പൂജവയ്പിനും ഇന്നലെ ഭക്തജനങ്ങളുടെ വൻതിരക്കായിരുന്നു. ദക്ഷിണ മൂകാംബിയിൽ നവരാത്രി ഉത്സവ കാലയളവിലും മറ്റു പ്രധാനപ്പെട്ട ദിവസങ്ങളിലും മാത്രം പുറത്തെടുക്കുന്ന താളിയോല ഗ്രന്ഥങ്ങളാണ് എഴുന്നള്ളത്തിന് ഉപയോഗിച്ചത്.

പനച്ചിക്കാട് ദേവസ്വത്തിന്റെ നേതൃത്വത്തിൽ ഗ്രന്ഥങ്ങൾ കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രത്തിൽ എത്തിച്ചു. ക്ഷേത്രത്തിൽ നടയ്‌ക്കു വയ്‌ക്കുന്ന ഗ്രന്ഥങ്ങൾ നിറദീപങ്ങളെ സാക്ഷിയാക്കി പ്രത്യേകം പൂജിച്ചു. തുടർന്നു പഞ്ചവാദ്യ, നാഗസ്വര മേളങ്ങളോടെയായിരുന്നു ഘോഷയാത്ര. സന്ധ്യയോടെ സരസ്വതീ സന്നിധിയിൽ എത്തിച്ചേർന്നു. ഇവിടെ പ്രത്യേകം ഒരുക്കിയ ഗ്രന്ഥമണ്ഡപത്തിൽ പൂജവയ്പ്  നടന്നു. 108 ശക്‌തിപീഠങ്ങളിൽ വിശേഷ പ്രാധാന്യം അർഹിക്കുന്നതാണു ദക്ഷിണമൂകാംബി ക്ഷേത്രം.  മഹാവിഷ്‌ണു, സരസ്വതി, ഗണപതി, ശിവൻ, ശാസ്‌താവ്, യക്ഷി, നാഗരാജാവ് എന്നീ ക്രമത്തിലാണ് ഇവിടെ ദർശനം നടത്തേണ്ടത്.

മഹാവിഷ്‌ണുവിനും സരസ്വതിക്കും തുല്യ പ്രാധാന്യമാണുള്ളത്. ദേവസ്വം മാനേജർ കെ.എൻ. നാരായണൻ നമ്പൂതിരി (കരുനാട്ടില്ലം), ഊരാണ്മ യോഗം പ്രസിഡന്റ് കെ.എൻ. വാസുദേവൻ നമ്പൂതിരി (കൈമുക്കില്ലം), ഊരാണ്മ യോഗം സെക്രട്ടറി കെ.എൻ. നാരായണൻ നമ്പൂതിരി (കൈമുക്കില്ലം) എന്നിവരുടെ നേതൃത്വത്തിലാണ് നവരാത്രി ഉത്സവം. ഗ്രന്ഥം എഴുന്നള്ളിപ്പിനു ദേവസ്വം അസിസ്റ്റന്റ് മാനേജർ കെ.വി. ശ്രീകുമാർ (കൈമുക്കില്ലം) നേതൃത്വം നൽകി. തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി, മേൽശാന്തി കെ.വി. നാരായണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com