ADVERTISEMENT

ചങ്ങനാശേരി ∙ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച അലങ്കാര വിളക്കുകൾ പണിമുടക്ക് തുടരുന്നു. നഗരത്തിലെ പ്രധാന ജംക്‌ഷനുകളിൽ ഹൈമാസ്റ്റ് ലൈറ്റുകളും തകരാറിൽ. നാടിന്റെ അഭിമാനവും പ്രതീകവുമായ ‘അഞ്ചുവിളക്കും’ തെളിയുന്നില്ല. പല തവണ പറഞ്ഞിട്ടും പ്രയോജനം ഇല്ലാതെ വന്നതിനാൽ പരാതി പറയുന്നത് നിർത്തിയെന്ന നിലപാടിൽ നാട്ടുകാർ.

 പൂവക്കാട്ടുചിറ കുളത്തിന്റെ ഒരു വശത്തെ അലങ്കാര വിളക്കുകൾ അണഞ്ഞ നിലയിൽ.
പൂവക്കാട്ടുചിറ കുളത്തിന്റെ ഒരു വശത്തെ അലങ്കാര വിളക്കുകൾ അണഞ്ഞ നിലയിൽ.

∙ ടൂറിസം ബോട്ട് ജെട്ടി പദ്ധതിയുമായി ബന്ധപ്പെട്ട് ചങ്ങനാശേരി ബോട്ടുജെട്ടിയുടെ ചുറ്റും 2019ലാണ് അലങ്കാര വിളക്കുകൾ സ്ഥാപിച്ചത്. കൃത്യമായ പരിപാലനം ഇല്ലാതാവുകയും സർക്യൂട്ട് തകരാറും വാഹനങ്ങൾ ഇടിച്ച് കേടുപാട് സംഭവിച്ചും അലങ്കാര വിളക്കുകളിൽ അധികവും തെളിയാത്ത അവസ്ഥയാണ്. ഇതിനു സമീപത്തായി ഹൈമാസ്റ്റ് ലൈറ്റുകൾ ഉള്ളതാണ് ആകെയുള്ള ആശ്വാസം.

∙ 2020ലാണ് 20 ലക്ഷം രൂപ ചെലവഴിച്ച് ഒരു പോസ്റ്റിൽ 2 എണ്ണം എന്ന ക്രമത്തിൽ പൂവക്കാട്ടുചിറ കുളത്തിനു ചുറ്റും 52 പോസ്റ്റുകളിൽ അലങ്കാര വിളക്കുകൾ സ്ഥാപിച്ചത്. അടുത്തിടെയായി ഇവയിൽ പലതും തെളിയുന്നില്ല. എംസി റോഡിൽ നഗരസഭ പാർക്കിനു സമീപത്തെ റോഡിലൂടെ പൂവക്കാട്ടുചിറ കുളത്തിനു സമീപത്തേക്ക് എത്തുമ്പോൾ കൂരിരുട്ടാണ്. വൈകിട്ട് ഒട്ടേറെ ആളുകളാണ് വ്യായാമത്തിനായി പൂവക്കാട്ടുചിറ കുളത്തിനു ചുറ്റുമുള്ള പാത ഉപയോഗിക്കുന്നത്. ഇവർ‍ ഏറെ പ്രയാസം അനുഭവിക്കുന്നു. വെളിച്ചക്കുറവ് ഉള്ളതിനാൽ സാമൂഹിക വിരുദ്ധ ശല്യവും ഈ ഭാഗങ്ങളിൽ വർധിച്ചു വരുന്നതായി നാട്ടുകാർ കുറ്റപ്പെടുത്തി.

∙ എംസി റോഡിൽ കോട്ടയം ഭാഗത്തു നിന്ന് എത്തി ബൈപാസിലേക്ക് പ്രവേശിക്കുന്നതിനു സമീപമുള്ള ഹൈമാസ്റ്റ് ലൈറ്റ് തകരാറിലായിട്ട് കുറച്ച് മാസങ്ങളായി. ബൈപാസിലൂടെയും എംസി റോഡിലൂടെയും എത്തുന്ന വാഹനങ്ങൾ കടന്നു പോകുന്ന ഈ ഭാഗത്ത് രാത്രിയിൽ മതിയായ വെളിച്ചം ഇല്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു.

അഞ്ചുവിളക്കും തെളിയുന്നില്ല 

നാടിന്റെ പ്രതീകമായ അഞ്ചുവിളക്കും ഏറെക്കാലമായി തെളിയുന്നില്ല. ഇക്കാര്യം ഒട്ടേറെ ആളുകൾ ശ്രദ്ധയിൽപെടുത്തിയെങ്കിലും പരിഹാരം വൈകുകയാണ്. കഴിഞ്ഞ വർഷം ബോട്ട്ജെട്ടിക്കു ചുറ്റുമുള്ള അലങ്കാര വിളക്കുകളുടെയും അഞ്ചുവിളക്കിന്റെയും സംരക്ഷണത്തിനും 3 വർഷത്തെ പരിപാലനത്തിനുമായി 5 ലക്ഷം രൂപ വകയിരുത്തിയെങ്കിലും ടെൻഡർ എടുക്കാൻ ആരും എത്തിയില്ലെന്നും ഇത്തവണ അഞ്ചുവിളക്കിന്റെ പരിപാലനത്തിനു മാത്രമായി ഒരു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും നഗരസഭ അധികൃതർ പറഞ്ഞു.

മറ്റു സ്ഥലങ്ങളിലെ വഴിവിളക്കുകളുടെ കാര്യത്തിലും ഇത്തവണത്തെ പ്രൊജക്ടിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നാണ് നഗരസഭ അധികൃതർ നൽകുന്ന വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com