ചങ്ങനാശേരി ∙ ആലപ്പുഴ സ്വദേശി ബിന്ദുമോന്റെ കൊലപാതകത്തിലെ കൂട്ടുപ്രതികൾ കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു കടന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിച്ചു. പ്രതികൾ ഇരുവരും 2 സ്ഥലത്തേക്കാണു മുങ്ങിയിരിക്കുന്നതെന്നാണു പൊലീസിനു ലഭിച്ച വിവരം. പ്രത്യേക അന്വേഷണ സംഘം ഇന്നലെ ബെംഗളൂരുവിലേക്കും വാറങ്കലിലേക്കും തിരിച്ചു.
കേസിൽ അറസ്റ്റിലായ മുത്തുകുമാറിനെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ചങ്ങനാശേരി പൂവത്ത് എസി കോളനിയിൽ മുത്തുകുമാർ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലാണു കൊലപാതകം നടന്നത്. ഡിവൈഎസ്പി സി.ജി.സനിൽ കുമാർ, എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്, എസ്ഐ എം.ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
∙ പരസ്പരവിരുദ്ധമായ മൊഴികളാണു പ്രതി മുത്തുകുമാർ പൊലീസിനു നൽകുന്നത്. പ്രതി പല കാര്യങ്ങളും മറച്ചുവയ്ക്കുകയാണെന്നാണു പൊലീസ് പറയുന്നത്. വിളിച്ചുവരുത്തി അടിച്ചുകൊന്നുവെന്നു സമ്മതിച്ച പ്രതി കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങൾ മറച്ചുപിടിക്കുകയാണ്.
∙ കൊല്ലപ്പെട്ട ബിന്ദുമോന്റെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താൻ സാധിക്കാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഈ ഫോണിലെ കോൾ വിവരങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.