ADVERTISEMENT

കടുത്തുരുത്തി ∙ ആറാം ക്ലാസ് വിദ്യാർഥിയെ കൈകൾ കൂട്ടിക്കെട്ടി അവശനിലയിൽ റോഡരികിലെ കുറ്റിക്കാട്ടിൽ കണ്ടെത്തി. കാറിൽ വന്ന സംഘം തട്ടിക്കൊണ്ടുവന്നു റോഡരികിൽ തള്ളിയതാണെന്നു കുട്ടി പറഞ്ഞതനുസരിച്ചു പൊലീസും നാട്ടുകാരും നാടാകെ അരിച്ചുപെറുക്കിയിട്ടും ഒരു തുമ്പും കിട്ടിയില്ല. ഒടുവിൽ കൗൺസലിങ് വിദഗ്ധൻ കുട്ടിയുമായി സംസാരിച്ചതോടെ തട്ടിക്കൊണ്ടുപോകൽ സ്വയം മെനഞ്ഞതാണെന്നു കുട്ടി സമ്മതിച്ചു.

ഇന്നലെ രാവിലെ പത്തരയോടെ കോട്ടയം– എറണാകുളം റോഡരികിൽ ആറാം മൈലിനു സമീപം കുറ്റിക്കാട്ടിലാണ് ഇരുകൈകളും കൂട്ടിക്കെട്ടിയ നിലയിൽ കുട്ടിയെ കണ്ടത്. കുറവിലങ്ങാട് ചെട്ടിയാനി ഓരത്ത് സജിയാണു കുട്ടിയെ കണ്ടതും കെട്ടഴിച്ചു വിട്ടതും. തുടർന്നു കടുത്തുരുത്തി എസ്എച്ച്ഒ സജീവ് ചെറിയാൻ, എസ്ഐ ജെ.വിജിമോൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി. വെള്ള കാറിലെത്തിയ നാലുപേർ വീടിനു സമീപത്തുനിന്നു തന്നെ ബലമായി പിടിച്ചുകയറ്റി, മുഖം മൂടിക്കെട്ടി, പ്ലാസ്റ്റിക് വള്ളി കൊണ്ട് കൈകെട്ടി കുറ്റിക്കാട്ടിൽ തള്ളിയെന്നാണു കുട്ടി പറഞ്ഞത്. തനിക്കറിയാത്ത ഭാഷയിലാണ് ഇവർ സംസാരിച്ചതെന്നും  പറഞ്ഞു.

കുട്ടിയെ വീട്ടിലെത്തിച്ച പൊലീസ് തട്ടിക്കൊണ്ടുപോയവരെ തിരയാനിറങ്ങി. റോഡരികിലെ വീടുകളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. പല റോഡുകളിലും അന്വേഷണം നടത്തി. ഏറ്റുമാനൂർ പൊലീസും അന്വേഷണത്തിൽ ചേർന്നു. കുട്ടി പറഞ്ഞ ലക്ഷണമുള്ള കാർ തേടി നാട്ടുകാരും പല വഴിക്ക് ഓടി. സംഭവസ്ഥലത്തും കുട്ടിയുടെ ദേഹത്തും എന്തെങ്കിലും പാടോ മറ്റോ ഇല്ലാത്തതു സംശയമുണ്ടാക്കി. എന്നാൽ, കുട്ടിയുടെ വീടിന് അടുത്തുകൂടി രാവിലെ പത്തിന് ഒരു വെളുത്ത കാർ നിർത്താതെ പോകുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെ പൊലീസ് ആശയക്കുഴപ്പത്തിലായി.

ഒടുവിൽ, കുറുപ്പന്തറ സ്വദേശിയായ കൗൺസലിങ് വിദഗ്ധൻ ദിലീപ് കൈതയ്ക്കലിനെ പൊലീസ് വിളിച്ചുവരുത്തി കുട്ടിയുമായി സംസാരിപ്പിച്ചു. പഠിക്കാതെ കളിച്ചു നടക്കുന്നതിന് അമ്മ വഴക്കു പറഞ്ഞതിൽ വിഷമിച്ചു വീടുവിട്ടതാണെന്നു കുട്ടി പറഞ്ഞു. വീട്ടിൽ നിന്നിറങ്ങി 8 കിലോമീറ്ററോളം ദൂരം നടന്നു. അതോടെ വീട്ടിലേക്കു മടങ്ങണമെന്നു തോന്നി. തുടർന്ന് പ്ലാസ്റ്റിക് വള്ളി ഉപയോഗിച്ചു കൈകൾ കെട്ടി റോഡരികിൽ ഇരുന്നെന്നും പറഞ്ഞു. കുട്ടിയെയും മാതാപിതാക്കളെയും ആശ്വസിപ്പിച്ച്, കേസൊന്നുമെടുക്കാതെ പൊലീസ് മടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com