ADVERTISEMENT

കടുത്തുരുത്തി ∙ തെരുവു നായ്ക്കളെ പിടികൂടുന്നതിനുള്ള ജില്ലയിലെ ആദ്യ സംഘത്തിന്റെ പരിശീലനം പൂർത്തിയാക്കി 16 വനിതകളടക്കം 31 പേരുടെ സംഘം. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആദ്യ സംഘത്തിന് നായ്ക്കളെ പിടിക്കുന്നതിനു മാത്രമല്ല എ.ബി. സി പ്രോഗ്രാം സെന്ററുകളിൽ സേവനം ലഭ്യമാക്കുന്നതിനും പരിശീലനം നൽകിയിട്ടുണ്ട്. തലയോലപ്പറമ്പ് മൃഗസംരക്ഷണ വകുപ്പ് പരിശീലന കേന്ദ്രത്തിലായിരുന്നു രണ്ട് ദിവസത്തെ പരിശീലനം.

അക്രമകാരികളായ നായ്ക്കളെ പിടിക്കുമ്പോൾ പാലിക്കേണ്ട രീതികൾ, സാഹചര്യവും ചുറ്റുപാടുകളും മനസ്സിലാക്കി വല വീശി നായ്ക്കളെ പിടികൂടാനുള്ള രീതികൾ എന്നിവയിൽ പരിശീലനം ലഭിച്ചതോടെ തെരുവു നായ്ക്കളെ കൈകാര്യം ചെയ്യാൻ തയാറായി 31 അംഗ സംഘം. എ.ബി.സി പദ്ധതിയുടെ ഭാഗമായാണ് തെരുവ് നായ്ക്കളെ പിടികൂടുന്നതിനുള്ള ജില്ലയിലെ ആദ്യ ബാച്ചിന്റെ പരിശീലനം നടത്തിയത്. രണ്ടാം ദിനമാണ് നായ്ക്കളെ വലയിൽ കുരുക്കാൻ പഠിപ്പിച്ചത്.

പിടികൂടുന്ന നായയുടെ സ്വഭാവം മനസ്സിലാക്കി പെരുമാറാനും പരിപാലിക്കാനുമുള്ള പൊടിക്കൈകളും മനസ്സിലാക്കിയാണ് പരിശീലനത്തിന് എത്തിയവർ ആദ്യ വല വീശിയത്. വല പിടിക്കാനും വീശാനുള്ള രീതികളും നായ്ക്കളുടെ സ്വഭാവ രീതി മനസ്സിലാക്കിയുള്ള ടൈമിങ്ങും ഏറെ പ്രധാനമാണ്. ആലപ്പുഴ വയലാർ സ്വദേശി സജിയുടെ നേതൃത്വത്തിലുള്ള സംഘമാണ്  പരിശീലനത്തിന് നേതൃത്വം നൽകിയത്. ജില്ലയിലെ വിവിധ നഗരസഭകളിലും പഞ്ചായത്തുകളിലും എ.ബി.സി പ്രോഗ്രാം തുടങ്ങുന്ന മുറയ്ക്ക് പരിശീലനം നേടിയവരുടെ സേവനം ലഭ്യമാക്കാനാണ് തീരുമാനം.

അസിസ്റ്റന്റ് ഡയറക്ടർ ഡോ. ആർ.മിനി നേതൃത്വം നൽകി. കൊച്ചി എ.ബി.സി. സെന്ററിലെ വെറ്ററിനറി സർജൻ സുർജിത് കെ. കുമാർ ക്ലാസ് എടുത്തു. നായ പരിപാലനത്തിൽ താൽപര്യമുള്ളവരെ കണ്ടെത്തിയായിരുന്നു മൃഗസംരക്ഷണവകുപ്പ് പരിശീലനം നൽകിയത്. എ.ബി.സി പ്രോഗ്രാം തുടങ്ങുന്നതിന്റെ ഭാഗമായുള്ള സർക്കാർ നിർദേശപ്രകാരമാണ് ജില്ലയിലെ ഏക പരിശീലന കേന്ദ്രമായ തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രം ആദ്യ സംഘത്തെ ഒരുക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com