ADVERTISEMENT

ചങ്ങനാശേരി ∙ ആലപ്പുഴയിൽനിന്നു കാണാതായ യുവാവിനെ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചു മൂടിയ സംഭവത്തിൽ വിജയപുരം സ്വദേശികളായ 3 പേർ അറസ്റ്റിൽ.ചെമ്മരപ്പള്ളി ഭാഗത്തു താമസിക്കുന്ന പുളിമൂട്ടിൽ വിപിൻ ബൈജു (24), പരുത്തുപ്പറമ്പിൽ ബിനോയ് മാത്യു (27), പൂശാലിൽ വരുൺ പി.സണ്ണി (29) എന്നിവരാണ് അറസ്റ്റിലായത്. വിപിനെയും ബിനോയിയെയും കോയമ്പത്തൂരിൽ നിന്നാണു പിടികൂടിയത്. മറ്റു പ്രതികളെ സഹായിച്ചതിനാണ് കോട്ടയത്തുനിന്നു വരുണിനെ പിടികൂടിയത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

ആലപ്പുഴയിൽനിന്നു കാണാതായ ബിന്ദുമോന്റെ മൃതദേഹമാണ് കുഴിച്ചുമൂടിയ നിലയിൽ ചങ്ങനാശേരി പൂവം എസി കോളനിയിലെ വീട്ടിൽ നിന്ന് ഈ മാസം ഒന്നിനു കണ്ടെത്തിയത്. ഈ വീട്ടിലെ താമസക്കാരനും ബിന്ദുമോന്റെ സുഹൃത്തുമായ മുത്തുകുമാറിനെ കഴിഞ്ഞദിവസം ആലപ്പുഴയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.മുത്തുകുമാറിന്റെ ഭാര്യയുമായി ബിന്ദുകുമാറിന് അടുപ്പമുണ്ടെന്ന സംശയമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും മാസങ്ങൾ നീണ്ട തയാറെടുപ്പുകൾക്കൊടുവിലാണു പ്രതികൾ കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു. 

കഴിഞ്ഞമാസം 26ന് എസി കോളനിയിലെ വീട്ടിലേക്കു ബിന്ദുമോനെ മുത്തുകുമാർ  വിളിച്ചുവരുത്തി. വിപിൻ, ബിനോയ് എന്നിവരും ഇവിടെയുണ്ടായിരുന്നു. 4 പേരുംകൂടി മദ്യപിക്കുന്നതിനിടെ ബിന്ദുകുമാറിനെ മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് വരുണിനെ അറസ്റ്റ് ചെയ്തത്.ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്, ചങ്ങനാശേരി ഡിവൈഎസ്പി സി.ജി.സനിൽകുമാർ, ചങ്ങനാശേരി എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്, കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

എസ്ഐമാരായ ജയകൃഷ്ണൻ, ആനന്ദക്കുട്ടൻ, എഎസ്ഐമാരായ പ്രസാദ് ആർ.നായർ, ഷിനോജ്, സിജു കെ.സൈമൺ, ജീമോൻ മാത്യു, രഞ്ജീവ് ദാസ്, പി.ഇ.ആന്റണി, അജേഷ് കുമാർ, മുഹമ്മദ് ഷാം, അതുൽ കെ.മുരളി, ഉണ്ണിക്കൃഷ്ണൻ, സതീഷ്, സലമോൻ, മണികണ്ഠൻ, സന്തോഷ്, അനീഷ് കെ. ജോൺ, സെൽവരാജ്, ലൂയിസ് പോൾ, പ്രതീഷ് രാജ്, ശ്യാം, വിപിൻ, അജിത്ത്, ഉണ്ണിക്കൃഷ്ണൻ നായർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com