ADVERTISEMENT

ഗാന്ധിനഗർ ∙ അടിച്ചിറയ്ക്കു സമീപം യുവതി ട്രെയിൻ ഇടിച്ച് മരിക്കാനിടയായത് നടപ്പാതയുടെ അഭാവം മൂലം. ഗാന്ധിനഗർ ചുള്ളിക്കൽ സജിയുടെ ഭാര്യ ജൈനയാണ് (37) കടയിൽ പോയി സാധനങ്ങൾ വാങ്ങി  തിരികെ വരുന്നതിനിടെ കഴിഞ്ഞ ദിവസം ട്രെയിൻ തട്ടി മരിച്ചത്. ഇരട്ടപ്പാത വരുന്നതിന് മുൻപ് ട്രെയിൻ വരുന്നുണ്ടോന്ന് രണ്ടു വശവും നോക്കിയതിനു ശേഷം കുറുകെ കടന്നാൽ മതിയായിരുന്നു. എന്നാൽ ഇരട്ടപ്പാത വന്നതിന് ശേഷം ഇങ്ങനെ  കടക്കാൻ പ്രയാസമാണ്.

   ജൈനയുടെ മൃതദേഹം സംസ്കാര ശുശ്രൂഷയ്ക്കായി പള്ളിയിലേക്ക് കൊണ്ടുപോയപ്പോൾ പിന്തുടരുന്ന ബന്ധുക്കളും നാട്ടുകാരും.
ജൈനയുടെ മൃതദേഹം സംസ്കാര ശുശ്രൂഷയ്ക്കായി പള്ളിയിലേക്ക് കൊണ്ടുപോയപ്പോൾ പിന്തുടരുന്ന ബന്ധുക്കളും നാട്ടുകാരും.

അടിച്ചിറ ഗേറ്റിന് സമീപത്ത് നിന്ന് വലിയ വളവ് ആരംഭിക്കുന്നതിനാൽ ട്രെയിൻ വരുന്നത് പെട്ടെന്ന് അറിയില്ല. അടുത്തു വരുമ്പോൾ മാത്രമെ ശ്രദ്ധയിൽപ്പെടൂ. സ്ഥിരമായി ഇതുവഴി ജോലിക്കു പോയിരുന്ന ജൈന വളരെ ശ്രദ്ധിച്ചേ പാളം കുറുെ കടക്കൂ  എന്ന് സമീപത്തുള്ളവർ പറയുന്നു. നാളുകളായി നാട്ടുകാർ ഒരു വഴിക്ക് വേണ്ടി മുട്ടാത്ത വാതിലുകളില്ല. റെയിൽവേ ചീഫ് എൻജിനീയർ മുതൽ അസിസ്റ്റന്റ് എൻജിനീയർ വരെയുള്ളവരെ കണ്ട് അപേക്ഷ നൽകിയിട്ടും വഴി ഇതുവരെ ശരിയായില്ല.

  ജൈനയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ വിതുമ്പുന്ന നാട്ടുകാർ.
ജൈനയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ വിതുമ്പുന്ന നാട്ടുകാർ.

ജൈനയെ ട്രെയിൻ തട്ടിയ പാളത്തിനു സമീപത്ത് റെയിൽവേയുടെ സ്ഥലം ഉണ്ട്. ഇതിലൂടെ വഴി നിർമിക്കാൻ ആലോചനയുണ്ടായിരുന്നു എന്നാൽ റെയിൽവേ സ്ഥലം നൽകാത്തതിനാൽ നടപടിയുണ്ടായില്ല. സമീപത്തുകൂടി ഒരു നടപ്പാത എത്രയും പെട്ടെന്ന് അനുവദിച്ചു നൽകിയില്ലെങ്കിൽ ഇനിയും പലരും ഇതുപോലെ ട്രെയിൻ തട്ടി മരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന് വാർഡ് കൗൺസിലർ സാബു മാത്യു പറയുന്നു. വഴി ലഭിച്ചാൽ ഇവിടന്ന് മെഡിക്കൽ കോളജിലേക്ക് പോകാൻ എളുപ്പമാണ്.

ചിതറിയ ജീവിതചിത്രം

ചെരിപ്പ്്, ഫോൺ, കപ്പ കഷണങ്ങൾ, 500 രൂപയുടെ നോട്ട് , കുറച്ചു തലമുടി.പാളത്തിൽ പൊലിഞ്ഞ ജൈനയുടെ ജീവിതത്തിന്റെ ബാക്കി പോലെ ഇവ ഇപ്പോഴും അവിടെ ചിതറിക്കിടക്കുന്നു. ഇന്നലെ വരെ തങ്ങളിൽ ഒരാളായിരുന്നവളുടെ ജീവിതമാണ് ഈ കിടക്കുന്നതെന്ന് വിശ്വസിക്കാൻ പോലും ആകാതെ വിഷമിക്കുകയാണ് സമീപവാസികൾ. അതു കൊണ്ടു തന്നെ അവ എടുത്ത് മാറ്റാനും അവ‍ർക്ക് മനസ്സുവന്നില്ല. അപകടത്തിന്റെ നടുക്കത്തതിലാണ് ഇപ്പോഴും 1–ാം വാർഡുകാർ . 

ജൈനയുടെ മൃതദേഹവുമായി വിലാപയാത്ര പോയപ്പോഴും ട്രെയിൻ  പാഞ്ഞു പോയി. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിന്ന് ജൈനയുടെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോൾ അലറിക്കരഞ്ഞ ഭർത്താവ് സജിയും മറ്റ് ബന്ധുക്കളും കണ്ടു നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. 

‘സൂയിസൈഡ് സ്പോട്ട് ’

'എത്ര പേർ ഇവിടെ നിന്ന് ചാടി മരിച്ചിട്ടുണ്ട് എന്നറിയില്ല, ഒരിടയ്ക്ക് സ്ഥിരം ചാടാനാളെത്തുമായിരുന്നു, അതും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് ആളുകൾ എത്തുന്നത്. കഴിഞ്ഞ കുറച്ചുനാളായി അനിഷ്ട സംഭവങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല' ട്രെയിൻ തട്ടി യുവതി മരിച്ചതിന് സമീപത്തുള്ള പാലത്തെ ചൂണ്ടി സമീപവാസികളിലൊരാളുടെ വാക്കുകൾ. 

ഇവിടെയുള്ള കുട്ടികൾക്ക് ഇതൊക്കെ കണ്ട് ശീലമായെന്ന് ഇവരും പറയുന്നു. ആത്മഹത്യ ചെയ്യുന്നവരുടെ കൈയും കാലും ശരീരഭാഗങ്ങളുമെല്ലാം ഇവിടെ സ്ഥിരം കാഴ്ച്ചയായിരുന്നു എന്നും ഇവർ പറയുന്നു.

പാളത്തിന്റെ സമീപ പ്രദേശത്ത് വെളിച്ചമില്ല

ഈ പാളത്തിന്റെ സമീപ പ്രദേശത്തൊന്നും വെളിച്ചമില്ലന്നേ, വൈകുന്നേരം 5.30 കഴിഞ്ഞാൽ പിന്നെ ധൈര്യമായി ഇതിലെ നടക്കാൻ സാധിക്കില്ല. ഈ വഴിയെല്ലാം കാട് കയറി കിടക്കുകയായിരുന്നു. മരണമുണ്ടായതുകൊണ്ട് എല്ലാവരും ചേർന്ന് വൃത്തിയാക്കിയതാണ്. ജൈനയുടെ സമീപവാസികളായ സാം, ഷമീന എന്നിവർ പറഞ്ഞു.

 വണ്ടി വരാത്തതുകൊണ്ട് വീട് പണി മുടങ്ങിക്കിടക്കുന്നു, എങ്ങനെ സാധനങ്ങൾ കൊണ്ടുവരാനാണ് ?ഇവിടങ്ങളിലേക്കു കൂടാതെ എല്ലാ വീടുകളിലും രോഗികളാണ് .ഇവർക്ക് ഒരു അത്യാവശ്യം വന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എന്തു ചെയ്യും? ഒരു മാർഗവും നിലവിൽ ഞങ്ങളുടെ മുന്നിലില്ല. 

ഷമീന ദു:ഖത്തോടെ പറയുന്നു. ഇരട്ടപ്പാത ആയതിനാൽ ട്രെയിനുകൾ അമിത വേഗത്തിലാണു സഞ്ചാരം. ശബ്ദം പോലും കേൾക്കാൻ സാധിക്കില്ല. മഴ സമയത്ത് വീടിനു പുറത്തേക്ക് പോകാൻ വീട്ടുകാർ ഇപ്പോൾ സമ്മതിക്കില്ല,കാരണം മഴയത്ത് ട്രെയിൻ കടന്നുവരുന്ന ശബ്ദം കേൾക്കാൻ സാധിക്കില്ല എന്നും ഷമീന പറയുന്നു.

ദൂരെ നിന്ന് ട്രെയിൻ വരുന്നത് കണ്ടാൽ വളരെ പതിയെ ആണെന്നേ തോന്നൂ. ഇലക്ട്രിക് ട്രെയിൻ ആയതിനാൽ ശബ്ദവും ഉണ്ടാകില്ല. അടുത്തെത്തുമ്പോഴേ അറിയൂ. ജൈനയും ട്രെയിൻ വരുന്നതു കണ്ട് അടുത്ത പാളത്തിലേക്ക് ചാടി മാറിയതാണ്. പക്ഷേ അതിലൂടെ വന്ന എൻജിൻ തട്ടുകയായിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com