ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ മൗനം പുതച്ച് സുന്ദര കാഴ്ചകളുമായി സഞ്ചാരികളെ ആകർഷിച്ച മേലരുവി ഒടുവിൽ കൊലയാളിയുമായി. അപകട സാധ്യതയില്ലാതിരുന്ന പ്രകൃതിരമണീയമായ വെള്ളച്ചാട്ടത്തിൽ ഒരു ജീവൻ നഷ്ടമായതോടെ മേലരുവി പ്രദേശത്ത് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം എന്ന ആവശ്യം ശക്തമായി.

വില്ലനായത് ചെളി

ദൃശ്യമനോഹരമായ മേലരുവി പ്രദേശത്ത് ഷട്ടർ ഇല്ലാതെ ചെക്ഡാം നിർമിച്ചപ്പോൾ മുതൽ അശാസ്ത്രീയത ചൂണ്ടിക്കാട്ടി നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ അവയെല്ലാം ജലരേഖയായി മാറിയപ്പോൾ ഒരു ജീവൻ പകരം നൽകേണ്ടി വന്നു. വെള്ളത്തിൽ വീണ മക്കളുടെ ജീവൻ രക്ഷിക്കാൻ ചാടിയ പ്രകാശൻ എന്ന പിതാവ് ചെളിയിൽ താഴുകയായിരുന്നു. ചെക്ഡാം നിർമിച്ചപ്പോൾ മുതൽ കഴിഞ്ഞ പ്രളയ സമയത്ത് അടിഞ്ഞത് വരെയുള്ള ചെളി നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല. ഇതു കെട്ടിക്കിടന്നതാണ് അപകടം സംഭവിച്ചത്.

അപകടം ആര് അറിയിക്കും

മഴക്കാലത്ത് ചെക്ഡാമിന് മുകളിലൂടെ പതഞ്ഞ് താഴെ പാറയിലേക്ക് ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടം കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. എന്നാൽ ഇവിടെ യാതൊരു വിധ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല. വെള്ളച്ചാട്ടത്തിനു സമീപം പായൽ നിറഞ്ഞ പാറയിലൂടെ പലപ്പോഴും സഞ്ചാരികൾ നടന്നുനീങ്ങുന്നതും അപകട സാധ്യതയാകുന്നുണ്ട്.

ഇനിയെങ്കിലും...

നഗരത്തോടു ചേർന്നു തന്നെയാണ് ശാന്തസുന്ദരമായ മേലരുവി എന്നതാണ് ഇവിടേക്ക് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നത്. ജനറൽ ആശുപത്രി കവലയിൽ നിന്ന് ഒരു കിലോമീറ്റർ പോലും വേണ്ട ഇവിടെ എത്താൻ. സായാഹ്നങ്ങൾ ചെലവഴിക്കാൻ ആളുകൾ തിരഞ്ഞെടുക്കുന്ന പ്രധാന സ്ഥലമാണിത്. ഇവിടെ അപകട സാധ്യത വർധിപ്പിക്കുന്ന നിർമാണം പൊളിച്ച് സുരക്ഷിതമാക്കിയാൽ പ്രാദേശിക വിനോദ സഞ്ചാരത്തിന് മേലരുവി വലിയ സാധ്യത ഒരുക്കും.

രക്ഷാകരങ്ങൾ ശരത്തിന്റേത്

ഫോട്ടോ എടുക്കാനായി എത്തിയ ആളുകളുടെ നിലവിളി കേട്ടാണ് മേലരുവിയുടെ തീരത്ത് താമസിക്കുന്ന വാവണ്ണംപറമ്പിൽ ശരത് ശശി ഓടിയെത്തിയത്. മൂന്ന് ആളുകൾ വെള്ളത്തിൽ മുങ്ങി എന്നു കേട്ടതോടെ ശരത് ചെക്ക് ഡാമിലേക്ക് ചാടി. ആഴത്തിലേക്കു മുങ്ങിയ ശരത് വളരെ നേരത്തെ തിരച്ചിലിന് ഒടുവിൽ 13 വയസ്സുള്ള അർജുൻ, 11 വയസ്സുകാരി ആർഷ എന്നിവരെ ചെളിയിൽ നിന്ന് ഉയർത്തി കരയിൽ എത്തിച്ചു.

എന്നാൽ ഇവരുടെ പിതാവ് പ്രകാശിനായി നടത്തിയ തിരച്ചിൽ വിഫലമായി. ഇതോടെ കൈകാലുകൾ കുഴഞ്ഞ് ശരത് കരയ്ക്ക് കയറിയപ്പോൾ പ്രദേശവാസിയായ രഞ്ജിത്ത് ബാബു ഇതുവഴി എത്തി. തുടർന്ന് രഞ്ജിത്താണ് പ്രകാശന്റെ മൃതദേഹം ചെക്ക് ഡാമിൽ നിന്നു കയറ്റിയത്. രണ്ടു കുട്ടികളുടെ ജീവൻ രക്ഷിച്ച ശരത്തിനെ ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com